|    Dec 10 Mon, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംവരണ നിഷേധ നടപടികള്‍ക്ക് ആക്കംകൂട്ടി സര്‍ക്കാര്‍

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ സംവരണം നിഷേധിക്കുന്ന വ്യവസ്ഥകളോടെ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട്. കരട് വിശേഷാല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പിഎസ്‌സിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കമ്മീഷന്റെ പ്രത്യേക യോഗം ഇത് അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. തുടര്‍ന്ന് പിഎസ്‌സി അപേക്ഷ ക്ഷണിച്ച് വിജ്ഞാപനവുമിറക്കും. ഡിസംബര്‍ 31നകം പിഎസ്‌സി വിജ്ഞാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്്.
കെഎഎസില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കണ്‍ഫേഡ് ഐഎഎസ് ലഭിക്കും. സംവരണം നിഷേധിച്ച് മുന്നാക്ക വിഭാഗക്കാരെ നിറച്ച് കെഎഎസ് മുന്നോട്ടു നീങ്ങുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് പിന്‍വാതിലിലൂടെ ഐഎഎസും ലഭിക്കും. നിലവില്‍ ഭരണസിരാ കേന്ദ്രങ്ങളില്‍ ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെ നിര്‍ണായക സ്ഥാനങ്ങളിലധികവും മുന്നാക്കവിഭാഗങ്ങള്‍ തന്നെയാണ് കയ്യടക്കിയിരിക്കുന്നത്. ഭാവിയില്‍ വളഞ്ഞ വഴിയിലൂടെ താക്കോല്‍ സ്ഥാനങ്ങളില്‍ മുഴുവനും മുന്നാക്കക്കാരനെ കുടിയിരുത്താന്‍ വഴിവെക്കുന്നതാണ് സര്‍ക്കാരിന്റെ ഈ ഒളിച്ചുകളി.
സര്‍ക്കാര്‍ പിഎസ്‌സിക്ക് നല്‍കിയ കരട് വിജ്ഞാപനത്തില്‍ കെഎഎസിലെ രണ്ടും മൂന്നും ശ്രേണിയിലേക്കുള്ള സംവരണം ഒഴിവാക്കിയിരിക്കുകയാണ്. ആദ്യത്തെ കരടില്‍ രണ്ടാം ശ്രേണിയില്‍ സംവരണം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് പിഎസ്‌സി സംശയം ഉന്നയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താതെ സംവരണം ഒഴിവാക്കിയത്. കെഎഎസിലെ പരീക്ഷാ സിലബസും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നത് സര്‍ക്കാറായിരിക്കുമെന്ന് ആദ്യത്തെ കരടില്‍ പറഞ്ഞിരുന്നു. ഇതില്‍ പിഎസ്‌സി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വരുത്തി സര്‍ക്കാരുമായി ആലോചിച്ച് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ഭേദഗതി ചെയ്തു. കെഎഎസില്‍ ഉള്‍പ്പെട്ട തസ്തികകളില്‍ ഡിഇഒ, ഡിഇഒയുടെ പിഎ എന്നിവ ഉള്‍പ്പെടുത്തിരുന്നു. ഇതില്‍ ഡിഇഒയുടെ പിഎ എന്ന തസ്തിക കെഎഎസില്‍ നിന്ന് ഒഴിവാക്കി. വിമുക്തഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സംവരണം അടക്കം വിഷയങ്ങള്‍ ആദ്യത്തെ കരടില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൂടി ഇപ്പോള്‍ ഉള്‍പ്പെടുത്തി.
കേരള ഭരണ സര്‍വീസില്‍ മൂന്ന് രീതിയിലാണ് നിയമനം നടക്കുക. മൂന്നിലൊന്ന് പുതിയ റിക്രൂട്ട്‌മെന്റാണ്. ബിരുദമുള്ള ആര്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പിലുള്ള ഏത് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാവുന്നതാണ് രണ്ടാം വിഭാഗം. ഫസ്റ്റ് ഗസറ്റ്ഡ് പോസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നതാണ് മൂന്നാം വിഭാഗം. നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് സംവരണം ബാധകമാവൂ എന്നാണ് കെഎഎസ് ചട്ടങ്ങളിലുള്ളത്. രണ്ടാം വിഭാഗത്തെയും നേരിട്ടുള്ള നിയമനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. അതായത് സംവരണ വിഭാഗങ്ങള്‍ക്ക് 50 ശതമാനം അവസരം ലഭിക്കേണ്ടിടത്ത് 16.5 ശതാനം ആയി കുറഞ്ഞു. ചുരുക്കത്തില്‍ നൂറു പേര്‍ നിയമനം നേടിയാല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 2 സീറ്റ് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 2 തസ്തിക കിട്ടണമെങ്കില്‍ 300 നിയമനമെങ്കിലും നടക്കണം. മറ്റു സംവരണ വിഭാഗങ്ങളുടെ അവസ്ഥയും ഇതു തന്നെ. സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥ തസ്തികയില്‍ സംവരണം പൂര്‍ണമായി പാലിക്കാത്ത സാഹചര്യം ഉണ്ടാവുമെന്ന ആശങ്ക പരിഹരിക്കാതെ മുന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നാണ് ആക്ഷേപം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss