|    Aug 18 Fri, 2017 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംവരണ സീറ്റിന് റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് : ഉത്തരവിന് സ്‌റ്റേ

Published : 12th August 2017 | Posted By: fsq

കൊച്ചി: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍  സംവരണ സീറ്റുകളില്‍ പ്രവേശനം നേടാന്‍ റവന്യൂ അധികൃതരില്‍ നിന്നുള്ള മൈനോറിറ്റി/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൈനോറിറ്റി/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം 14 വരെയും ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നീട്ടി. പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് പ്രകാരമുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. വിദ്യാര്‍ഥികള്‍ മതന്യൂനപക്ഷങ്ങളിലെ ഉപവിഭാഗം തെളിയിക്കുന്നതിന് മതസാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന ജൂലൈ 29ലെ ഉത്തരവ് പിന്‍വലിച്ച് ഈ മാസം മൂന്നിന് ഇറക്കിയ പുതിയ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മുന്‍കാലങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉപവിഭാഗം തെളിയിക്കുന്നതിന് റവന്യൂ അധികൃതരുടെ രേഖകള്‍ക്കൊപ്പം സഭാ-മത അധികാരികളുടെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമായിരുന്നു. സമാനമായ ഒരു ഉത്തരവ് കഴിഞ്ഞ മാസം 29ന് സര്‍ക്കാര്‍ ഇറക്കിയത് വിവാദമായി. വിവിധ മുസ്‌ലിം സംഘടനകള്‍ക്ക് സീറ്റുകള്‍ വീതംവച്ചു സംവരണം ചെയ്തതിനെതിരേ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതു റദ്ദാക്കി പുതിയ ഉത്തരവിറക്കിയത്. റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയെന്ന  വ്യവസ്ഥയാണ് പുതിയ ഉത്തരവില്‍ ഉണ്ടായിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് ജൂബിലി, അമല, കോലഞ്ചേരി മെഡിക്കല്‍ കോളജ്, പുഷ്പഗിരി മെഡിക്കല്‍ കോളജ്, പുഷ്പഗിരി ഡെന്റല്‍ കോളജ്, തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് എന്നിവ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ക്രിസ്ത്യന്‍-മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വേണ്ട സംവിധാനം റവന്യൂ വകുപ്പിന് ഉണ്ടോ എന്ന കാര്യം സംശയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സംവിധാനമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും എങ്ങനെയെന്ന് വിശദീകരിച്ചിട്ടില്ല. മുസ്‌ലിംകളിലും ക്രിസ്ത്യാനികളിലും കേരളത്തില്‍ നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും സീറ്റില്‍ ക്വാട്ടയുണ്ട്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് റവന്യൂ വകുപ്പ് എങ്ങനെയാണ് അനുവദിക്കുക. ആദ്യ ഉത്തരവിറങ്ങി മൂന്നു ദിവസത്തിനുശേഷം പുതിയ ഉത്തരവിറങ്ങുകയാണ്. ഇതിന്റെ കാരണം വിശദീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. എന്തൊക്കെ പരാതികളാണ് ലഭിച്ചതെന്നും പരാതി ലഭിച്ചാല്‍ തന്നെ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള അവകാശത്തിലും സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മത അധികാരികളുടെയും സ്ഥാപനങ്ങളുടെയും അവകാശത്തിലും വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെയാണ് മാറ്റം കൊണ്ടുവരുകയെന്നും കോടതി ചോദിച്ചു. ധൃതിയോടെയും ശ്രദ്ധയില്ലാതെയും മുന്‍വിചാരമില്ലാതെയുമാണ് പഴയ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവിറക്കിയത്. ഊ ഉത്തരവിന്റെ നിയമസാധുത പരിശോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരവസരം നല്‍കുകയാണ്. ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇടക്കാല ഉത്തരവ് സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക