|    Nov 19 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംവരണത്തിന് റവന്യൂ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സമുദായ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published : 1st November 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ന്യൂനപക്ഷ സംവരണ ആനുകൂല്യം ലഭിക്കാന്‍ റവന്യൂ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സമുദായ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ അധികൃതരുടെ സാക്ഷ്യപത്രമില്ലാതെ സംവരണ സീറ്റില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ അത് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഇതിന് മതിയായ സമയം അനുവദിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.
മുസ്‌ലിം ന്യൂനപക്ഷ സംവരണം നല്‍കാന്‍ മതമേലധികാരികളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകാരപത്രമായി സ്വീകരിക്കാത്തതിനെതിരേ കോളജുകളും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് ഉത്തരവ്. പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ നല്‍കുന്ന രേഖയാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മതവും ഉപ വിഭാഗവും ബോധ്യപ്പെടുത്താന്‍ ഹാജരാക്കേണ്ടതെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ കത്ത് പോലും അംഗീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
അതേസമയം, പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് പ്രകാരം ക്രിസ്ത്യന്‍ മതന്യൂനപക്ഷ വിഭാഗം നടത്തുന്ന കോളജുകളില്‍ ക്രൈസ്തവരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ ജനറല്‍, പാതിരി, വികാരി, ബിഷപ്, ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപ വിഭാഗം തിരിച്ചുള്ള സംവരണത്തിനുള്ള മതിയായ രേഖയായി കണക്കാക്കുന്നതായും ഇക്കാര്യത്തില്‍ വിവേചനമുള്ളതായും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായ സംവരണത്തിന് റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണു നിയമമെന്നിരിക്കെ ഒരു വിഭാഗത്തിന് മതമേലധ്യക്ഷന്‍മാരുടെ സാക്ഷ്യപത്രം മതിയെന്ന നിലപാട് വിവേചനപരമാണെന്നു കോടതി വ്യക്തമാക്കി. റവന്യൂ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിനു പുറമെയാണ് മതമേലധികാരികളുടെ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss