|    Apr 23 Mon, 2018 7:13 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സംവരണത്തിന്റെ പുതിയ ഭാഷ്യങ്ങള്‍

Published : 5th November 2015 | Posted By: SMR

തൈക്കൂട്ടത്തില്‍ സക്കീര്‍

സംവരണത്തെക്കുറിച്ച പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നുകൊണ്ടുള്ള സുപ്രിംകോടതി പരാമര്‍ശം പുറത്തുവന്നിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുള്ള ആറുപതിറ്റാണ്ടുകളില്‍ സംവരണം നല്‍കിയതുകൊണ്ട് അതു മതിയാക്കാം എന്ന് ചില കോണുകളില്‍നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്തുകൊണ്ട് ജാതി-മത-ലിംഗ-സാമ്പത്തിക-ഭാഷാ സംവരണങ്ങള്‍ ആവശ്യമായി വന്നുവെന്ന കാര്യം പഠിക്കാതെയാണ് പല കോണുകളില്‍നിന്നു സംവരണവിരുദ്ധ വാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇന്ത്യയില്‍ മാത്രം കാണുന്ന പ്രത്യേകമായ സാമൂഹിക പ്രതിഭാസമാണ് ജാതിവ്യവസ്ഥ. പരിഷ്‌കൃത ജീവിതത്തിന്റെ ആരംഭദിശയില്‍ ലോകത്തില്‍ പലയിടത്തും ജാതിയുടെ പ്രാകൃതഭാവം ഉദയംചെയ്തിട്ടുണ്ട്. പ്രവൃത്തിവിഭജനമായിരുന്നു ഇതിന്റെ അടിസ്ഥാനം. ഇന്ത്യയിലെന്നപോലെ ഈജിപ്തിലും തൊഴില്‍വിഭജനത്തിലൂടെ ജാതിവ്യത്യാസം ഉദ്ഭവിക്കുകയുണ്ടായെന്ന് മാര്‍ക്‌സും ഏംഗല്‍സും ജര്‍മന്‍ ഐഡിയോളജി എന്ന പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രാചീന ഗ്രീസിലും പ്രവൃത്തിവിഭജനത്തിലൂടെ ജാതിവ്യവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താവുന്നതാണ്. ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്റ്റോട്ടിലിന്റെ രാഷ്ട്രതന്ത്രം എന്ന കൃതിയില്‍ കൃഷിയും കൈത്തൊഴിലും ചെയ്യുന്നവരും രാജ്യതന്ത്രജ്ഞരും സൈനികരും തമ്മിലുള്ള സാമൂഹിക വ്യതിയാനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ മാത്രമാണ് കര്‍മാധിഷ്ഠിതമായ ജാതിവ്യവസ്ഥ ഒരു വിഷവൃക്ഷത്തിന്റെ വേരുകളെന്നപോലെ മനുഷ്യഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയത്. ഇവിടെ ഏതാണ്ട് 3000 വര്‍ഷത്തോളമായി ചാതുര്‍വര്‍ണ്യവും അതിന്റെ ശാഖാന്തരങ്ങളായ ജാതിവ്യവസ്ഥയും നിലനില്‍ക്കുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. ക്രി.മു. ആയിരത്തിനും എണ്ണൂറിനും ഇടയ്ക്കാണ് ഋഗ്വേദം ചാതുര്‍വര്‍ണ്യവ്യവസ്ഥ പടുത്തുയര്‍ത്തിയത്. ജര്‍മന്‍ സാമൂഹികശാസ്ത്രജ്ഞനായിരുന്ന മാക്‌സ് വെബര്‍, നവീന സാമൂഹികശാസ്ത്രകാരന്മാരായ സിഹര്‍, എമിലി, സെനാര്‍ട്ട് തുടങ്ങിയവരെല്ലാം തന്നെ ഇന്ത്യന്‍ ജാതിവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയവരാണ്. അവരുടെ അഭിപ്രായത്തില്‍ ആക്രമണകാരികളായി വന്ന ആര്യന്മാരും ആക്രമിക്കപ്പെട്ട പൂര്‍വനിവാസികളും ഒന്നിച്ചുചേര്‍ന്ന് ഒരു സമുദായമായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് വര്‍ണവ്യത്യാസം ആരംഭിക്കുന്നത്. ആര്യന്മാര്‍ യജമാനന്മാരും പൂര്‍വ നിവാസികള്‍ ദാസന്മാരും എന്ന നിലയില്‍ പ്രവൃത്തിവിഭജനമുണ്ടായി. ദാസന്മാരെ ദസ്യുക്കള്‍ എന്നാണു വിളിച്ചുവന്നിരുന്നത്. ദസ്യുക്കള്‍ കറുത്തനിറക്കാരും ആര്യന്മാര്‍ വെളുത്ത നിറക്കാരും ആകയാല്‍ അവര്‍ക്കിടയില്‍ വര്‍ണവ്യതിയാനം ഉദ്ഭവിച്ചു. ഇന്ത്യന്‍ ചരിത്രകാരനായ പ്രഫ. ഡി ഡി കൊസാംബി വര്‍ണവ്യവസ്ഥയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അതിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ അവസ്ഥകളെക്കുറിച്ച് പരിചിന്തനം ചെയ്തിട്ടുണ്ട്. വര്‍ണവ്യവസ്ഥാധിഷ്ഠിതമായ ഉച്ചനീചത്വങ്ങളെ മറികടക്കാന്‍വേണ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണ തത്ത്വങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. ശതകോടി ജനങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ഭാരതത്തില്‍ നാളിതുവരെ തുല്യതയെന്ന ഭരണഘടനാതത്ത്വം നിലവില്‍ വന്നിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്ര്യത്തിന്റെ സപ്തതി സമയമായിട്ടും നീചത്വവും വിവേചനങ്ങളും നടമാടുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് ഭൂരിപക്ഷം ജനങ്ങളും അധിവസിക്കുന്നത്. ജാതീയമായ വിവേചനത്തന്റെ ഇരകളായി ജീവിക്കുന്ന ജനകോടികള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് അറിഞ്ഞിട്ടും അറിയാത്ത ചിലരുണ്ട്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സവര്‍ണമേധാവിത്വം ഫണമുയര്‍ത്തിയാടുകയാണ്. ദാരിദ്ര്യം ചൂഴ്ന്നുനില്‍ക്കുന്ന ജീവിതത്തിനു മുകളില്‍ ജാതിയുടെ വിഷസര്‍പ്പങ്ങള്‍ ഇഴഞ്ഞുപായുമ്പോള്‍ ഭയചകിതമായ മനസ്സോടെയാണ് കീഴാളവര്‍ഗങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്. അസമത്വങ്ങളുടെ കലാപനടനത്തില്‍ ജനാധിപത്യത്തിന്റെ മായികസ്വപ്‌നങ്ങള്‍ കണ്ടുറങ്ങുകയാണു ജനത. ഭരണഘടന വാഗ്ദാനം നല്‍കുന്ന സംവരണതത്ത്വങ്ങള്‍ക്കുമേല്‍ സവര്‍ണാധിപത്യം കാലുയര്‍ത്തുമ്പോള്‍ ഭരണഘടനയുടെ ചില അനുച്ഛേദങ്ങള്‍ നാം പരിഗണിക്കേണ്ടതുണ്ട്.
ഭരണഘടന അനുശാസിക്കുന്നത് ഇങ്ങനെയാണ്: ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കാന്‍ പാടുള്ളതല്ല. 16ാം അനുച്ഛേദം പൊതുനിയോജനം സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം ഉറപ്പുവരുത്തുന്നു. എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ഏതെങ്കിലും ഉദ്യോഗത്തിലുള്ള നിയമനത്തെ സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം ഉണ്ടായിരിക്കുന്നതാണ്. രാഷ്ട്രത്തിന്റെ കീഴിലുള്ള ഏതെങ്കിലും നിയോജനത്തെയോ ഉദ്യോഗത്തെയോ സംബന്ധിച്ച് മതം, വര്‍ഗം, ജാതി, ലിംഗഭേദം, വംശം, ജനനസ്ഥലം, വാസസ്ഥലം എന്നിവയെയോ അവയില്‍ എതെങ്കിലും ഒന്നിനെയോ മാത്രം അടിസ്ഥാനമാക്കി ഏതൊരു പൗരനെയും അയോഗ്യനാക്കുകയോ വിവേചനത്തിനു വിധേയനാക്കുകയോ ചെയ്യുന്നതല്ല. 335ാം അനുച്ഛേദം സര്‍വീസുകളിലും തസ്തികകളിലും പട്ടികജാതി-വര്‍ഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്ന് അനുശാസിക്കുന്നു. 1929 മെയ് 17ന് സൈമണ്‍ കമ്മീഷന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ബ്രിട്ടിഷ് ഇന്ത്യയിലെ സിവില്‍ സര്‍വീസ് അടിമുടി ഉടച്ചുവാര്‍ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും അതോടൊപ്പം പബ്ലിക് സര്‍വീസില്‍ ഉണ്ടാവുന്ന ഉദ്യോഗങ്ങളില്‍ ഒരു നിശ്ചിത ശതമാനം അയിത്തജാതിക്കാര്‍ക്ക് സംവരണം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തത് ഭാരതത്തിന്റെ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ തന്നെയായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പുരോഗതിക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണെന്നു വാദിച്ചവര്‍ക്കെതിരേ 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികള്‍ എതിര്‍മുഖങ്ങളുമായി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ പിന്തുടര്‍ച്ചയാണ് സമീപകാലത്തു നടക്കുന്ന സംവരണവിരുദ്ധ നീക്കങ്ങളെന്നു കാണാന്‍ കഴിയും.
കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന്‍ തന്റെ ആവനാഴിയിലെ അതിശക്തമായ അമ്പുകള്‍ അയക്കുമ്പോള്‍ അര്‍ജുനനെക്കാള്‍ കരുത്തനായ കര്‍ണ്ണന്‍ പ്രത്യസ്ത്രംകൊണ്ട് അവ നിഷ്പ്രഭമാക്കുന്നതുപോലെ ഇന്ത്യയുടെ ഭരണഘടനാ ശില്‍പികള്‍ എതിര്‍വാദങ്ങളുടെ മുനയൊടിച്ചുകൊണ്ടാണ് സംവരണം ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്. ഉന്നത വിദ്യാഭ്യാസം ഇന്ത്യയില്‍ വരേണ്യവര്‍ഗങ്ങളുടെ കുത്തകയായിരുന്നു. ഉന്നത ജാതികളുടെ അസ്പൃശ്യതമൂലം വിദ്യാഭ്യാസത്തിനുള്ള അവസരം അയിത്തജാതിക്കാര്‍ക്ക് നിഷേധിച്ചിരുന്നു. അക്ഷരം പഠിച്ച ശൂദ്രനെയും കാമമോഹിതനായ ഋഷഭത്തെയും തുല്യരായിട്ടാണ് വരേണ്യര്‍ ചിത്രീകരിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ദരിദ്രാവസ്ഥ കാരണം പബ്ലിക് സര്‍വീസുകളിലെ ഉന്നത തസ്തികകള്‍ അവര്‍ക്ക് എക്കാലത്തും അന്യമായിരുന്നു. ഉന്നത തസ്തികകള്‍ക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക ഉത്തരവാദിത്തം രാഷ്ട്രം ഏറ്റെടുക്കണമെന്നായിരുന്നു ഭരണഘടനാ ശില്‍പികളുടെ സങ്കല്‍പം. കാര്യക്ഷമത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഏവരും അംഗീകരിക്കേണ്ടതുതന്നെയാണ്. എന്നാല്‍, കാര്യക്ഷമതയുടെ പേരില്‍ സംവരണത്തെ അട്ടിമറിക്കുന്നതു ശരിയല്ല. രണ്ടാളുകള്‍ ഒരേ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോള്‍ അയിത്തജാതിക്കാര്‍ക്ക് മിനിമം യോഗ്യത ഉണ്ടായിരിക്കുമ്പോള്‍ വരേണ്യവര്‍ഗക്കാരനെക്കാള്‍ കൂടുതല്‍ പരിഗണന അയിത്തജാതിക്കാരനു നല്‍കണമെന്ന് ഗാന്ധിജിയും അംബേദ്കറും ഒരുപോലെ വാദിച്ചു.
മൂവായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ജാതിവ്യവസ്ഥ, ഈ സഹസ്രാബ്ദങ്ങള്‍ക്കിടയിലുണ്ടായ ധാര്‍മിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക വിപ്ലവങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും ശേഷവും അഭംഗുരം തുടരുകയും അതിന്റെ രൂക്ഷ ഗന്ധം ഭാരതത്തില്‍ ഇന്നും പരന്ന് പൊന്തുകയുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നര്‍ അധിവസിക്കുന്ന കേരളത്തില്‍പ്പോലും ജാതിവ്യവസ്ഥയും ജാതിസ്പര്‍ധയും അതിശക്തമായി നിലനില്‍ക്കുന്നു. പ്രബുദ്ധ കേരളത്തിലെ വിവാഹവേദികളില്‍ നോക്കിയാല്‍ തന്നെ ജാതിയുടെ കരാളഹസ്തം പിടിമുറുക്കിയിരിക്കുന്നതു കണ്ടെത്താനാവും. ജാതിവ്യവസ്ഥയുടെ അശനിപാതമേറ്റ് അനേകം ജീവിതങ്ങള്‍ ഈ 21ാം നൂറ്റാണ്ടിലും ഹോമിക്കപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സംവരണം നിഷേധിക്കപ്പെടാന്‍ സാധ്യമാണോയെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. സംവരണത്തിനു വേണ്ടി വാദിച്ച അംബേദ്കര്‍ പറഞ്ഞതിങ്ങനെയാണ്: ”എന്റെ സാമൂഹിക ദര്‍ശനം മൂന്നു വാക്കുകളില്‍ ഒതുങ്ങുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. ഫ്രഞ്ച് വിപ്ലവത്തില്‍നിന്ന് കടം വാങ്ങിയതാണ് എന്റെ ദര്‍ശനം എന്നാരും പറയരുത്. ഞാന്‍ കടമെടുത്തതല്ല. എന്റെ ദര്‍ശനത്തിന്റെ വേരുകള്‍ ഊന്നിയിട്ടുള്ളത് മതത്തിലാണ്. രാഷ്ട്രമീമാംസയിലല്ല.”
ഏകോദര സഹോദരങ്ങളെപ്പോലെ സന്തോഷത്തോടെ സ്വതന്ത്രരായി ജീവിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ അടിസ്ഥാന ജനതയെ വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും സ്മൃതികളിലൂടെയും ശ്രുതികളിലൂടെയും മറ്റും തങ്ങള്‍ നിര്‍മിച്ച കെടുനീതികളിലൂടെ ആര്യവര്‍ഗം വരിഞ്ഞുകെട്ടുകയാണു ചെയ്തത്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ആദി ദ്രാവിഡര്‍ മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയരായിക്കഴിഞ്ഞവരാണ്. വരേണ്യവര്‍ഗത്തിന്റെ പിടിയില്‍നിന്ന് മോചിതരാവണമെങ്കില്‍ അവര്‍ക്ക് സംവരണത്തിന്റെ പരിരക്ഷ കൂടിയേ കഴിയൂ.
ഇന്നിപ്പോള്‍ ഇന്ത്യയില്‍ മാവോവാദികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഭിജാത വര്‍ഗങ്ങളുടെ ക്രൂരതകള്‍ മൂലമാണ് ഭയാനകവും വേദനാനിര്‍ഭരവുമായ അനുഭവങ്ങളിലേക്ക് യുവാക്കള്‍ വഴുതിവീഴുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 85 ശതമാനം ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഇന്ത്യയിലെ മുസ്‌ലിംകളില്‍ 90 ശതമാനവും ദലിത്-പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് മതം മാറി വന്നവരാണ്. അതിനാല്‍ പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കൊപ്പം മതന്യൂനപക്ഷങ്ങള്‍ക്കും സംവരണത്തിന്റെ പരിരക്ഷ ആവശ്യമായിട്ടുണ്ട്. ജാതീയവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരെ മാന്യമായ ജീവിതസാഹചര്യത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് സംവരണ ലക്ഷ്യം. അത്തരം പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെ സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ നാളിതുവരെ കഴിഞ്ഞില്ല. എന്നാല്‍, സംവരണം എങ്ങനെ അവസാനിപ്പിക്കണമെന്നാണ് സവര്‍ണ മേധാവിത്വം നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം വേണ്ടെന്ന നിലപാട് സുപ്രിംകോടതി കൈക്കൊണ്ടിട്ടുള്ളത്. ഉന്നത മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ജാതിസംവരണം പാടില്ലെന്നും മുഴുവന്‍ സീറ്റുകളും മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. മെറിറ്റ് കുറഞ്ഞവര്‍ സംവരണത്തിന്റെ മറവില്‍ കയറിപ്പറ്റി ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കുന്നുവെന്നാണ് സുപ്രിംകോടതി വിമര്‍ശിച്ചിരിക്കുന്നത്. അധഃസ്ഥിത വിഭാഗങ്ങള്‍ സാമൂഹിക ശ്രേണിയില്‍ ഉയര്‍ന്നുവരാത്തിടത്തോളം കാലം പരമോന്നത നീതിപീഠത്തിന്റെ ഈ പരാമര്‍ശം സാധൂകരിക്കാവുന്നതാണോയെന്ന ചര്‍ച്ച ഉയര്‍ന്നുവരേണ്ടതുണ്ട്.
വന്‍ നഗരങ്ങളെയും വന്‍ വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും മാത്രം കണ്ടുമയങ്ങുന്ന ഒരുവിഭാഗമാളുകള്‍ ദരിദ്രജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും മറന്നുപോവുകയാണ്. സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്ന് പിന്നാക്കക്കാരെ പിടിച്ചുയര്‍ത്താനായിട്ടാണ് സംവരണമെന്ന ചവിട്ടു പടി ഭരണഘടനാപരമായ അവകാശമായി അവര്‍ക്കു നല്‍കിയിട്ടുള്ളത്. ജാതീയമായ പിന്നാക്കാവസ്ഥയ്ക്കു പുറമേ സാമൂഹികവും സാമ്പത്തികവുമായ അസമത്വവും കൂടിച്ചേരുന്നതോടെ ജീവിതം തന്നെ അസഹനീയമാവുന്ന ചിത്രമാണ് ഗ്രാമീണ ഇന്ത്യയില്‍ നാം കാണുന്നത്. സംവരണത്തിന്റെ പടികള്‍ താണ്ടിയിട്ടും പിന്നാക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ലാത്ത സാഹചര്യത്തില്‍ സംവരണം നീക്കംചെയ്യണമെന്ന വാദം അപലപനീയമാണ്.

(ദേശീയ ന്യൂനപക്ഷ മേല്‍നോട്ടസമിതി അംഗമാണ് ലേഖകന്‍.)…..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss