|    Jan 22 Sun, 2017 11:52 pm
FLASH NEWS

സംവരണത്തിനെതിരേ സുപ്രിംകോടതി

Published : 30th October 2015 | Posted By: SMR

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ആവശ്യമില്ലെന്ന സുപ്രിംകോടതിയുടെ പരാമര്‍ശവും അനുബന്ധ നിരീക്ഷണങ്ങളും നിലവിലുള്ള ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അസ്ഥാനത്തും അനവസരത്തിലുമാണെന്നു പറയാന്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം സംവരണകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് കോടതി പറയുന്നു. ദേശീയ താല്‍പര്യം എന്ന അമൂര്‍ത്തമായ പ്രയോഗം ഈയിടെ കോടതികളില്‍നിന്ന് അധികമായി കേള്‍ക്കുന്നു. സംവരണ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ ഈ ദേശീയ താല്‍പര്യത്തിന് പുറത്തുള്ളവരാണോ?
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു. ഉന്നത ബിരുദം ലഭിക്കുന്നതിന് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കോ മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്കോ പ്രത്യേക ഇളവൊന്നും നല്‍കുന്നില്ല. പഠിച്ചു മിടുക്കരായി മാര്‍ക്ക് നേടി തന്നെയാണ് അവര്‍ ജയിച്ചുവരുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ ഈ വിഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിനാണ് സംവരണം രക്ഷാകവചമായി ഭരണഘടന അനുവദിച്ചത്. അത് ശാശ്വത സംവിധാനമായിരിക്കണമെന്ന് ഒരാളും ഇന്നോളം ആവശ്യപ്പെട്ടിട്ടുമില്ല.
വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന മറ്റ് വിഭാഗങ്ങളുടെയും മതിയായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സംവരണവ്യവസ്ഥ ഭരണഘടനാ ശില്‍പികള്‍ ആവിഷ്‌കരിച്ചത്. സമത്വാധിഷ്ഠിത സമൂഹം എന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടും ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ നിലപാടുകളും ഇതില്‍ ഏറെ പ്രസക്തമായിരുന്നു. സ്വതന്ത്ര ഇന്ത്യ ഏഴാം ദശകത്തിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ ഭരണഘടന ലക്ഷ്യംവച്ച സാമൂഹികനീതി, ജനസംഖ്യക്ക് ആനുപാതികമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രവേശനത്തില്‍ സംവരണവിഭാഗങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നാണ് കോടതി പരിശോധിക്കേണ്ടിയിരുന്നത്. അത് അത്ര ദുഷ്‌കരമായ കാര്യമല്ല. എല്ലാ വസ്തുതകളും ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, ജ. രംഗനാഥ് മിശ്ര, പ്രഫ. അമിതാഭ് കുണ്ടു എന്നിവരുടെ പഠന റിപോര്‍ട്ടുകളിലുണ്ട്. ഈ പഠനങ്ങള്‍ വിലയിരുത്തി നിഗമനങ്ങള്‍ രൂപപ്പെടുത്തുകയാണ് സത്യസന്ധത. ലക്ഷ്യം നേടുന്നതിന് നിലവിലുള്ള സംവിധാനം ഉപകരിച്ചിട്ടില്ലെങ്കില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയെന്നതായിരുന്നു നീതിയുടെ താല്‍പര്യം. അടിസ്ഥാന വസ്തുതകളുടെ പിന്‍ബലമില്ലാതെ നടത്തുന്ന നിരീക്ഷണങ്ങള്‍ മുന്‍ധാരണകള്‍ മാത്രം അടിസ്ഥാനമാക്കിയ വെറുംവാക്കുകളായി മാത്രമേ വിലയിരുത്താനാവൂ. സംവരണത്തിനെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന ആക്രോശങ്ങള്‍ക്കിടയില്‍ മെഗഫോണുകളായി ഉന്നത നീതിപീഠങ്ങള്‍ മാറുന്നത് രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കു നല്‍കുന്ന സന്ദേശം അത്ര ശുഭകരമല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക