|    Feb 19 Mon, 2018 5:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംവരണം: ഹരിയാനയില്‍ വീണ്ടും ജാട്ട് പ്രക്ഷോഭം

Published : 30th January 2017 | Posted By: fsq

 

ചണ്ഡീഗഡ്: സര്‍ക്കാര്‍ സര്‍വീസില്‍ ജോലി സംവരണമാവശ്യപ്പെട്ട് ഹരിയാനയിലെ മിക്ക ജില്ലകളിലും ജാട്ട് സംഘടനകള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങി. യശ്പാല്‍ മാലികിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയില്‍ അംഗങ്ങളായ സംഘടനകളാണു പുതിയ സംവരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. രാമായണ്‍ ജോളിലാത്ത്, ജാഡിയ, ഉമ്രാക്കേരി, ബാലഗ്രാം ഗ്രാമങ്ങളില്‍ പ്രക്ഷോഭകര്‍ സമാധാനപരമായി ധര്‍ണ നടത്തിയതായി മാലിക് അറിയിച്ചു. യമുനാ നഗറിലും പഞ്ച്കുള, മേവത് ജില്ലകളിലും ഈമാസം 31 മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്നും റോഡുകളും റെയില്‍പാതകളും തടസ്സപ്പെടുത്താതെ സമാധാനപരമായ പ്രക്ഷോഭമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും സര്‍ക്കാര്‍ സ്വത്തുവകകള്‍ വ്യാപകമായി നശിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത കൈക്കൊണ്ടിട്ടുണ്ട്. റോഹ്തക്, സോണിപത്, ജജ്ജാര്‍ തുടങ്ങിയ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാന പാതകള്‍ക്കും റെയില്‍വേ സ്റ്റേഷനും 500 മീറ്റര്‍ അകലെ വരെ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം സംസ്ഥാന പോലിസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. പ്രക്ഷോഭം സമാധാനപരമായിരിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടാന്‍ പോലിസ് തയ്യാറാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി റാം നിവാസ് അറിയിച്ചു. 2016 ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മുനക് കനാല്‍ പ്രദേശത്ത് ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ പ്രക്ഷോഭത്തിനിടെ റോഹ്തക്, സോണിപത്, ജജ്ജാര്‍ ജില്ലകളിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ജലവിതരണം തടസ്സപ്പെടുത്തുക വരെ ചെയ്തിരുന്നു. അതേസമയം, ജയിലിലുള്ള യുവാക്കളെ വിട്ടയക്കുക, കഴിഞ്ഞവര്‍ഷം പ്രക്ഷോഭത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുക എന്നിവയാണ് പുതിയ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.അതിനിടെ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമാധാനം പാലിക്കണമെന്നും വിവിധ സംഘടനകളോടും ജാട്ട് സമുദായത്തോടും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss