|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംവരണം: സമുദായത്തിലെ ഉപവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാവില്ല

Published : 1st November 2018 | Posted By: kasim kzm

കൊച്ചി: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ സമുദായ സംവരണം സമുദായത്തിലെ ഉപവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കല്‍ കോളജുകളടക്കമുള്ള സ്വാശ്രയ, പ്രഫഷനല്‍ കോളജുകളില്‍ സര്‍ക്കാര്‍ തീരുമാനിച്ച ന്യൂനപക്ഷ സംവരണ മാനദണ്ഡം ശരിവച്ചാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളില്‍ മുസ്‌ലിം ഉപവിഭാഗം തിരിച്ചുള്ള സംവരണ ആനുകൂല്യം അനുവദിക്കാത്തതും സംവരണം നല്‍കാന്‍ മതമേലധികാരികളുടെ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാത്തതും ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട മൂന്നു ഹരജികളാണ് കോടതി തള്ളിയിരിക്കുന്നത്.
പൊതു മുസ്‌ലിം വിഭാഗത്തിനുള്ള 10 സീറ്റിന് പുറമെ ഓരോ ഉപവിഭാഗത്തിനുള്ള സംവരണ സീറ്റുകള്‍ കൂടി ചേര്‍ത്ത് 70 സീറ്റുകള്‍ മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണെന്നും സുന്നി ഷാഫി, സുന്നി ഹനഫി, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് തുടങ്ങിയ ഉപവിഭാഗങ്ങള്‍ക്കു പ്രത്യേകം സംവരണം രേഖപ്പെടുത്തിയാണ് കോളജിന്റെ പ്രോസ്‌പെക്ടസെങ്കിലും ഇത് പ്രകാരമുള്ള ഉപ വിഭാഗം സംവരണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, സേഫ് മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെന്റുകളും ചില വിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ന്യൂനപക്ഷ പദവി അംഗീകരിച്ചിട്ടുള്ള സമുദായങ്ങള്‍ക്ക് മാത്രമേ സംവരണം നല്‍കാന്‍ കഴിയൂവെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2005 ജനുവരിയിലാണ് കേന്ദ്ര വിജ്ഞാപനമിറങ്ങിയത്. വിജ്ഞാപന പ്രകാരം മുസ്‌ലിം സമുദായമാണ് ന്യൂനപക്ഷം.
സമുദായത്തിനകത്ത് ഉപവിഭാഗങ്ങള്‍ ഉണ്ടാകാമെങ്കിലും ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരമുള്ള സംവരാണാനുകൂല്യത്തിന് മുസ്‌ലിം സമുദായത്തിനാണ് അര്‍ഹതയുള്ളത്. അതിനാല്‍, സംവരണ കാര്യത്തില്‍ ന്യൂനപക്ഷ പദവിയുടെ സംരക്ഷണത്തിന് അതിനകത്തെ ഉപവിഭാഗങ്ങളെ അംഗീകരിക്കാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി. സമുദായത്തിലെ മൊത്തം അംഗങ്ങളെ ബാധിക്കുന്ന വിധം ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കാനാവില്ല. ഇത്തരമൊരു തരംതിരിവ് നിയമ പ്രകാരം ഉദ്ദേശിച്ചിട്ടുമില്ല; അനുവദനീയവുമല്ല. സമുദായവുമായുള്ള ആശ്രിതത്വം ചൂണ്ടിക്കാട്ടി ഉപവിഭാഗങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നാണു ഹരജിക്കാരുടെ വാദം. എന്നാല്‍, ഉപവിഭാഗങ്ങളെന്ന് അവകാശപ്പെടുന്നതിലേറെയും സമുദായ സംഘടനകളും മറ്റുമാണ്. അതിനാല്‍, ഇവക്ക് സംവരണം നല്‍കണമെന്ന വാദത്തോട് യോജിക്കാനാവില്ല. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായാണു ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശം നിലനില്‍ക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
സംവരണ സീറ്റിലേതിനേക്കാള്‍ മൂന്നിരട്ടിയോളം വിദ്യാര്‍ഥികള്‍ നീറ്റ് റാങ്ക് പട്ടികയിലുള്ളതിനാല്‍ സുതാര്യമായ രീതിയില്‍ പ്രവേശനത്തിനു സാധ്യത തുടരുന്നുണ്ട്. ഈ രീതിയില്‍ നിന്ന് വ്യതിചലിക്കുന്നത് തെറ്റായ നടപടിയാവും. അര്‍ഹത കുറഞ്ഞവര്‍ ഉപവിഭാഗത്തിന്റെ പേരില്‍ സംവരണം നേടുമ്പോള്‍ പൊതുസമുദായത്തിലെ കൂടുതല്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാനുമിടയാകുമെന്നും കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss