|    Apr 25 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംവരണം എയ്ഡഡിലും; ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക്

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 2015ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്ട് ഭേദഗതി ബില്ല് എന്ന പേരിലായിരിക്കും അവതരിപ്പിക്കുക. 26നു തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ആദ്യ ബില്ലായി ഇത് അവതരിപ്പിക്കാനാണ് നീക്കം. പുതിയ നിയമം വരുന്നതോടെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇല്ലാതാവും. പിഎസ്‌സി സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാക്കി നിയമന നടപടികള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷമെങ്കിലും കാലതാമസമെടുക്കും എന്നതിനാല്‍ അത്രയും കാലയളവില്‍ നിയമനം തടസ്സപ്പെടാതിരിക്കാന്‍ നിലവിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ ചെറിയ മാറ്റത്തോടെ പുനസ്സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള ഭേദഗതി ബില്ലായിരിക്കും വരുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുക.
പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു കൈമാറാന്‍ നേരത്തേ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിനു പകരം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. കാര്‍ഷിക പെന്‍ഷനും കുടിശ്ശികയും ഓണത്തിനു മുമ്പ് വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കും. ആരോഗ്യവകുപ്പില്‍ 2016 മെയ് 31നു വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറു മാസം കൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭ സാധൂകരിച്ചു. വിരമിക്കല്‍ തിയ്യതിക്കു ശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല.
2016 ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവന കാലാവധി 2016 നവംബര്‍ 30 വരെ നീട്ടി. കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് 2012 ആഗസ്ത് 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു. 2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധിക ബാച്ചുകളിലേക്ക് തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 56 എച്ച്എസ്എസ്ടി തസ്തികകളും രണ്ട് ലാബ് അസിസ്റ്റന്റ് തസ്തികകളുമാണ് സൃഷ്ടിക്കുക. എന്‍ എ സിര്‍ഷ, അനിഷ എസ് പണിക്കര്‍, കെ കെ നിമ്മി, എം കെ ബല്‍റാം, ഇന്ദു പി രാജ് എന്നിവരെ മുന്‍സിഫ് മജിസ്‌ട്രേറ്റുമാരായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss