|    Oct 20 Fri, 2017 3:22 am

സംരക്ഷിത ഭവനങ്ങളിലെ കുട്ടികള്‍ക്ക് വീടുകളില്‍ താല്‍ക്കാലിക താമസത്തിനു പദ്ധതി

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ സംരക്ഷിത ഭവനങ്ങളിലെ കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം ജില്ലയില്‍ നടപ്പാക്കുമെന്ന കലക്ടര്‍ എസ് വെങ്കടേസപതി. സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന ഇത്തരം കുട്ടികളുടെ പുനരധിവാസത്തിന് ഈ നടപടി ഏറെ ഗുണകരമാകുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനുള്ള ശ്രമങ്ങള്‍ അടിയന്തരമായി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും സ്ത്രികളുടെയും സാമൂഹികനീതി സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുട്ടികളോട് മാനസികമായ അകല്‍ച്ച സൂക്ഷിക്കുന്ന നിലവിലെ കാഴ്ചപ്പാട് അകറ്റാനും ഇത് സഹായകമാണ്. ഒരു മാസത്തെ വെക്കേഷന്‍, ക്രിസ്തുമസ് – ഓണാവധികള്‍, വീക്കെന്റുകള്‍ തുടങ്ങി പ്രതേ്യക കാലയളവിലെ കുട്ടികളുടെ സംരക്ഷണം കുടുംബങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് താല്‍ക്കാലിക സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും സാമൂഹികനീതി ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം അത്യന്താപേക്ഷിതമാണെന്നും ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനവും നിയമങ്ങളും ബന്ധപ്പെട്ടവര്‍ അറിഞ്ഞിരിക്കണം. നിയമം നോക്കുമ്പോള്‍ നീതി നടപ്പാക്കുന്നുണ്ടോ എന്നതും ഉറപ്പാക്കണം. ഇതിനായി ശില്‍പശാല നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭവനങ്ങളും ഓഫിസുകളും സന്ദര്‍ശിക്കുമെന്നും ഏതൊരുവിധ വീഴ്ചകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജെയിംസ്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ബിന്ദു ഗോപിനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സുബൈര്‍ കെ കെ, മഹിളാ സമഖ്യാ സൊസൈറ്റി ഡയറക്ടര്‍ പി ഇ ഉഷ, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ അനിതാ ദീപ്തി, സര്‍ക്കാര്‍ സംരക്ഷണ ഭവനങ്ങളുടെ അധികാരികള്‍, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍, ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക