|    May 23 Tue, 2017 6:17 pm
FLASH NEWS

സംരക്ഷിത അധ്യാപകരുടെ ശമ്പളം; ഉത്തരവ് മരവിപ്പിക്കുമെന്ന് മന്ത്രി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കി. യുഡിഎഫ് അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പുനല്‍കിയത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധികമുള്ള അധ്യാപകര്‍ തസ്തികയില്ലാതെ നിന്ന സമയത്തു വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസമാണ് മന്ത്രിസഭ ഉത്തരവിട്ടത്. പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടാത്ത നാലായിരത്തോളം അധ്യാപകരുടെ 2015 ജൂലൈ മുതല്‍ 2016 ജൂലൈ വരെയുള്ള ശമ്പളം തിരിച്ചുപിടിക്കാനായിരുന്നു നീക്കം. 2015-16 കാലത്തെ തസ്തിക പുനര്‍നിര്‍ണയത്തിനുശേഷം പുറത്തുനിന്ന കാലയളവില്‍, അര്‍ഹതപ്പെട്ട അവധി കഴിഞ്ഞ് അധിക തുക നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരികെ പിടിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നത്. 2016 ഒക്ടോബര്‍ മുതലുള്ള അഞ്ചുമാസത്തെ ശമ്പളത്തില്‍നിന്ന് തുല്യ മാസതവണകളായി തിരിച്ചുപിടിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. സംരക്ഷിത അധ്യാപകരുടെ ശമ്പളം തടയാനുള്ള നീക്കം അപലപനീയമാണെന്നും ഉത്തരവ് മരവിപ്പിക്കണമെന്നും സംയുക്ത അധ്യാപക സമിതിയും ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 11ന് മുഴുവന്‍ അധ്യാപക സംഘടനകളുടെയും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ ഉറപ്പിനെ തുടര്‍ന്ന് സ്‌കൂള്‍ കലോല്‍സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സംയുക്ത സമിതി തീരുമാനിച്ചു. കലോല്‍സവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ക്യുഐപി യോഗം ചേരാനും തീരുമാനമായി. കഴിഞ്ഞ ക്യുഐപി യോഗത്തില്‍ നിന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഇറങ്ങിപ്പോയിരുന്നു.
ഒക്‌ടോബര്‍ 30നകം ജില്ലാതല നേതൃയോഗം വിളിച്ചുചേര്‍ക്കാന്‍ സംയുക്ത സമിതി യോഗം തീരുമാനിച്ചു. കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ പി ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day