|    Oct 23 Tue, 2018 10:16 pm
FLASH NEWS

സംരക്ഷിക്കേണ്ടവര്‍ സംഹാരകരായി മാറുന്നു : വി എം സുധീരന്‍

Published : 16th September 2017 | Posted By: fsq

 

കോട്ടയം: ജനത്തെ സംരക്ഷിക്കേണ്ടവര്‍ ജനദ്രോഹ മദ്യനയത്തിലൂടെ സംഹാരകരായി മാറുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍.  പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ മതമേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നായകരും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും ഉള്‍പ്പെട്ട കേരള മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന സംസ്ഥാനതല ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എം സുധീരന്‍. തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന മദ്യനയമാണ് ഈ സര്‍ക്കാരിന്റേത്. മദ്യശാലകള്‍ക്ക് കളമൊരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരംതന്നെ എടുത്തുകളഞ്ഞു. മദ്യശാലകള്‍ വ്യാപകമാക്കാന്‍ മയക്കുമരുന്ന് വര്‍ദ്ധിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തുന്നു. ഈ സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച് ധവളപത്രം ഇറക്കണം. സര്‍ക്കാര്‍ ജനത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തെറ്റ് തിരുത്തേണ്ടിവരും ഈ സര്‍ക്കാരിന് എന്നും സുധീരന്‍ പറഞ്ഞു. മനുഷ്യജീവിതം നശിക്കാനോ നശിപ്പിക്കാനോ ഉള്ളതല്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സമരപ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.  സുബോധം നഷ്ടപ്പെട്ട ഒരു തലമുറയെയല്ല നമുക്ക് ആവശ്യമെന്നും മദ്യത്തിനെതിരെയുള്ള എല്ലാ പരിപാടികള്‍ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും കണ്ണന്താനം പറഞ്ഞു. എല്‍ഡിഎഫിന് വ്യക്തമായ മദ്യനയമുണ്ടെന്നും അത് മദ്യമുതലാളിമാര്‍ക്കുവേണ്ടി ഉള്ളതാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെ എം മാണി എംഎല്‍എ,ആര്‍ച്ചുബിഷപ്പുമാരായ കുറിയാക്കോസ് മോര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, സിഎസ്‌ഐ സഭ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍, ജോസ് കെ മാണി എംപി,  ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. ജോസഫ് മണക്കളം, ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍, തോമസുകുട്ടി മണക്കുന്നേല്‍, റവ. വര്‍ഗീസ് പി ജോര്‍ജ്, ഫാ. മാത്യു പുതിയിടത്ത്, ഫാ. വര്‍ഗീസ് മുഴുത്തേട്ട്, മാത്യു എം കണ്ടത്തില്‍, റവ. ജേക്കബ് ജോര്‍ജ്, വര്‍ഗീസ് കാച്ചപ്പള്ളി, ആന്റണി ജേക്കബ്, കെ സി ജോയി കൊച്ചുപറമ്പില്‍  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss