|    Jul 28 Fri, 2017 12:14 pm
FLASH NEWS

സംരക്ഷണ ഭിത്തി തകര്‍ച്ച; കല്ലാര്‍ പാലത്തിലൂടെ ചെറു വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

Published : 27th September 2016 | Posted By: SMR

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ കല്ലാര്‍ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ ദേശീയപാത അധികൃതര്‍ നടപടി സ്വീകരിച്ചു.പാലം പൂര്‍ണ്ണമായി അടക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചെറുവാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടാന്‍ തീരുമാനിച്ചത്.
സുരക്ഷ മുന്‍നിര്‍ത്തി പാലത്തിന്റെ ഇരുവശങ്ങളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കും. പാലത്തിന് ഇരുകരകളിലുമായി എത്തുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കിയിട്ട് മാത്രമെ പാലത്തിലൂടെ ഗതാഗതം അനുവദിക്കു.വൈകിട്ട് ഏഴു മുതല്‍ രാവിലെ 6 വരെ ഒരു വാഹനങ്ങളും കടത്തി വിടുകയുമില്ല.തിങ്കളാഴ്ച മുവാറ്റുപുഴയില്‍ നിന്നെത്തിയ ദേശീയപാത എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ പി കെ രമ, ദേവികുളം സബ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റെക്‌സ് ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇതിന് മുന്നോടിയായി പാലത്തില്‍ പരിശോധന നടത്തി.തകര്‍ന്ന പാലത്തിന്റെ ഭാഗം അടിയന്തിരമായി ബലപ്പെടുത്തുവാന്‍ പാലം നിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മാണ ജോലി ബുധനാഴ്ച മുതല്‍ തുടങ്ങും.വലിയ വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടാന്‍ കുറഞ്ഞത് 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.പാലത്തിന് ബലക്ഷയം സംഭവിച്ചതിനാലാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.
ബസ് ഉള്‍പെടെയുളള വലിയ വാഹനങ്ങള്‍ ആനച്ചാല്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.ഇതോടെ മാങ്കുളം പഞ്ചായത്തു നിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതു പ്രദേശവാസികളെ ദുരിതത്തിലാക്കുകയും ചെയ്തിട്ടുണ്ട്.ഞായറാഴ്ച ഉച്ചയോടെയാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്.റോഡ് വിണ്ട് കീറിയ നിലയിലാണ്.ബ്രിട്ടിഷുകര്‍ നിര്‍മിച്ച ദേശീയപാതയിലെ വീതികുറഞ്ഞ ഈ പാലം പുതുക്കി പണിയുന്നതിന്റെ ജോലി പുരോഗമിച്ച് വരുന്നതിനിടെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് കരിങ്കല്‍ കെട്ടോടെ വന്‍തോതില്‍ മണ്ണ് ഇടിഞ്ഞത്.4.85 കോടി മുടക്കിലാണ് ഈ പാലം പുനര്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത്.
ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ വേഗത്തില്‍ പണി നടക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.ബലക്ഷയം ഉണ്ടായഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക