|    Dec 13 Thu, 2018 7:00 am
FLASH NEWS

സംരക്ഷണമില്ല; തിരിച്ചന്‍കാവ് വഴിയമ്പലം നാശത്തിലേക്ക്

Published : 4th June 2018 | Posted By: kasim kzm

ഓയൂര്‍: വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യ കഥയില്‍ സ്ഥാനം പിടിച്ച ഓയൂര്‍ തിരിച്ചന്‍കാവ് വഴിയമ്പലം കയ്യേറ്റങ്ങളും സംരക്ഷണമില്ലായ്മയും മൂലം നാശത്തിന്റെ വക്കില്‍. പൂയപ്പള്ളി പഞ്ചായത്തിലെ പയ്യക്കോട് വാര്‍ഡില്‍, തിരിച്ചന്‍കാവ് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന വഴിയമ്പലത്തിന് 300 വര്‍ഷത്തിലേറെ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു.
ഓയൂര്‍ ജങ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കൊല്ലം-കൊട്ടാരക്കര റോഡിലാണ് ഈ വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്നത്.
30 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ വഴിയമ്പലത്തിന്റേതായ ഒരു കിണറും പാറ കൊണ്ട് നിര്‍മിച്ച ഒരു ചുമടുതാങ്ങിയും കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുന്നതിന് ഒരു കല്‍ത്തൊട്ടിയും ഉണ്ടായിരുന്നു. ദൂരദേശങ്ങളില്‍ നിന്ന് ഓയൂര്‍ കാളവയലിലേക്ക് വയല്‍വാണിഭത്തിനായി കൊണ്ടുവന്നിരുന്ന ആടുമാടുകള്‍ക്കും ദൂരദേശങ്ങളിലേക്ക് ക്രയവിക്രയമങ്ങള്‍ക്കായി സാധനങ്ങള്‍ കൊണ്ടുപോകുന്നതും വരുന്നതുമായ കാളവണ്ടികളിലെ കാളകള്‍ക്കും വെള്ളം നല്‍കുന്നതിനായി കല്‍ത്തൊട്ടിയും ചുമടുകള്‍ ഇറക്കി വയ്ക്കുന്നതിന് ചുമടുതാങ്ങിയും ഉണ്ടായിരുന്നു. ചുമടുതാങ്ങിയും കല്‍ത്തൊട്ടിയും പ്രദേശവാസികള്‍ പൊട്ടിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും പറയുന്നു. ഇവിടം കഴിഞ്ഞാല്‍ പതിനഞ്ച് കിലോമീറ്ററുകള്‍ക്കുള്ളില്‍ മറ്റൊരു വിശ്രമകേന്ദ്രം ഇല്ല.
നാല് കല്‍ത്തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന്റെ കഴുക്കോലുകള്‍ ഒറ്റ മകുടത്തില്‍ ഉറപ്പിച്ചിരിക്കുകയാണ്. കഴുക്കോലുകള്‍ ദ്രവിച്ചതിനാല്‍ കമിഴ്ത്ത് ഓടുകളും,മേച്ചില്‍ ഓടുകളും ഉടഞ്ഞ് തകര്‍ന്ന നിലയിലുമാണ്.
മാത്രമല്ല, കല്‍ത്തൂണുകള്‍ ഒരു വശത്തേക്ക് ചരിഞ്ഞ് ഏതു സമയത്തും നിലംപൊത്തുന്ന നിലയിലുമാണ് ഈ വിശ്രമകേന്ദ്രം. എന്നാല്‍ ഇന്ന് വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്നുള്ള വസ്തുക്കളും കിണറും സ്വകാര്യ വ്യക്തി മതില്‍ കെട്ടി അടച്ച് സ്വന്തമാക്കിയിരിക്കുയാണ്.
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വഴിയമ്പലം സംരക്ഷിത സ്മാരകമാക്കി അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണമെന്നും വഴിയമ്പലത്തിന്റെ വസ്തുക്കള്‍ കയ്യേറിയത് തിരിച്ച് പിടിച്ച് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഓയൂര്‍ പയ്യക്കോട് പുളിമൂട്ടില്‍ വീട്ടില്‍ അഹമ്മദ് ഖാന്‍ പൂയപ്പള്ളി പഞ്ചായത്ത് അധികൃതര്‍ക്കും പൂയപ്പള്ളി വില്ലേജ് ഓഫിസിലും പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ച വില്ലേജ് അധികൃതര്‍ വഴിയമ്പലത്തിന്റെ കിണറും വസ്തുവിന്റെ കുറെ ഭാഗവും സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തി. വഴിയമ്പലത്തിന്റെ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതായതിനാല്‍ കയ്യേറ്റം കാണിച്ചുകൊണ്ടും മരാമത്ത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പൂയപ്പള്ളി വില്ലേജ് ഓഫിസര്‍ സിനി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss