|    Oct 19 Fri, 2018 12:01 am
FLASH NEWS

സംരക്ഷകരില്ല; വനിതാ വ്യവസായകേന്ദ്രം നശിക്കുന്നു

Published : 11th September 2017 | Posted By: fsq

 

എം  വി  വീരാവുണ്ണി

പട്ടാമ്പി:നിര്‍മാണം കഴിഞ്ഞ് 16വര്‍ഷമായിട്ടും വനിത വ്യവസായ കേന്ദ്രം ഉപയോഗിക്കാനാവാതെ നശിക്കുന്നു. ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് 2001ല്‍ മരുതൂരില്‍ പണി പൂര്‍ത്തിയാക്കിയ വനിതാ വ്യവസായ കേന്ദ്രമാണ് ഉപയോഗിക്കും മുമ്പ് നശോന്മുഖമായത്. പൂട്ടിയിട്ട കെട്ടിടത്തിന്റെ ജനലുകളും വാതിലുകളൂം തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍ തങ്ങളുടെ താവളമാക്കിയിരിക്കുകയാണ്. വയറിങ്ങ് കേടുവരുത്തി, സ്വിച്ചുകളും ബോര്‍ഡുകളും തല്ലി തകര്‍ത്തു. അവധി ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍നിന്നെത്തുന്ന സാമൂഹിക വിരുദ്ധര്‍ മദ്യപാനം, ചീട്ടുകളി എന്നിവയ്ക്കായി ഇവിടം കേന്ദ്രീകരിക്കുകയാണ്.മെയിന്‍ റോഡില്‍ നിന്ന് അല്‍പം ഉള്ളിലായിട്ടാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് ആരുടേയും കണ്ണില്‍ പെടാന്‍ സാധ്യതയില്ലാത്തതും സാമുഹിക വിരുദ്ധര്‍ക്ക് ഗുണകരമാവുന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 16 വര്‍ഷം മുന്‍പ് നിര്‍മാണം നടക്കുമ്പോള്‍ പ്രധാനമായും ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രത്യേക താല്‍പര്യം കണക്കിലെടുത്ത് ആക്രി സാധനങ്ങള്‍ കൊണ്ടുളള വ്യവസായമായിരുന്നു ഉദ്ദേശിച്ചത്. കെട്ടിടം പണി കഴിഞ്ഞപ്പോള്‍ വൈദ്യുതി കണക്ഷന്‍ നല്‍കാതെ കെഎസ്ഇബി വില്ലനായി. 4 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യേക ലൈന്‍വലിച്ച് കറന്റ് കണക്ഷന്‍ എടുത്തു. പക്ഷെ, അപ്പോഴേക്കും പുതിയ വിവാദങ്ങളും ഉടലെടുത്തു. വനിതാ വ്യവസായ കേന്ദ്രം നിര്‍മിച്ച 28 സെന്റ് സ്ഥലം ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെതാണെന്നും കെട്ടിടം മാത്രം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെതാണെന്നുമായിരുന്നു തര്‍ക്കം. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവും വര്‍ഷങ്ങളായി നിലനിന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഈ സ്ഥലം പട്ടാമ്പി ബ്ലോക്കിന്‌കൈമാറി. കോംപൗണ്ടിലേക്കുളള റോഡും വെള്ള സൗകര്യവും ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി. താല്‍പര്യമുള്ള വനിതകളെ ലഭ്യമല്ലെന്ന കാരണത്താല്‍ ബ്ലോക്ക് പഞ്ചായത്ത് വീണ്ടും ഗ്രാമ പഞ്ചായത്തിന് സ്ഥലവും കെട്ടിടവും കൈമാറി. എന്നാല്‍ ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് ഇതുവരെ വനി—താ വ്യവസായ കേന്ദ്രം തുറക്കാനായില്ല. എന്നാല്‍, വ്യവസായം തുടങ്ങാന്‍ ആവശ്യമായ എല്ലാവിധ സൗകര്യവും നിലവിലുണ്ടായിട്ടും കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പരിസരവാസികളും ആശങ്കയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss