|    Oct 21 Sun, 2018 1:25 am
FLASH NEWS

സംയോജിത മുട്ടഗ്രാമം പദ്ധതിയില്‍ വന്‍ ക്രമക്കേടും അഴിമതിയുമെന്ന് ആരോപണം

Published : 28th January 2017 | Posted By: fsq

 

മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 2015 ജനുവരിയില്‍ തുടങ്ങിയ സംയോജിത മുട്ടഗ്രാമം പദ്ധതിയില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാകുന്നു. കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയെന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതിയില്‍ ഗുണഭോക്താക്കളായവരെ കടക്കെണിയിലാക്കിയിരിക്കയാണ്. പദ്ധതി തുടക്കത്തിലേ മുതല്‍ ദുരൂഹത നിറഞ്ഞതാണെന്നാണ് അന്നേ തുടങ്ങിയ ആരോപണം. 15000 രൂപ വായ്പയും 5000 രൂപ സബ്‌സിഡിയുമായാണ് പദ്ധതി നടപ്പാക്കിയത്. ഒരു കൂടും 25 മുട്ടക്കോഴികളുമായിരുന്നു ഓരോ ഗുണഭോക്താവിനും നല്‍കിയത്. വായ്പയില്‍ ബാക്കി സംഖ്യ ഇന്‍ഷൂറന്‍സിനും കോഴിത്തീറ്റക്കും മരുന്നിനുമായാണ് ചെവഴിച്ചത്. ഓരോ ഗുണഭോക്താവും പ്രതിമാസം 575 രൂപ വീതം തിരിച്ചടവ് നടത്തണമെന്നായിരുന്നു ഫണ്ട് നല്‍കിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കുഴൂര്‍ ശാഖാ മാനേജര്‍ നിര്‍ദേശം നല്‍കിയത്. ഓരോ ദിവസവും 25 മുട്ട വീതം ലഭിക്കുമെന്നും പ്രയാസം കൂടാതെ തിരിച്ചടവ് നടത്താനാകുമെന്നുമാണ് പദ്ധതി നടപ്പാക്കിയവര്‍ വനിതകള്‍ക്ക് പ്രചോദനം നല്‍കിയത്. 250 വനിതകളാണ് പദ്ധതിയില്‍ അംഗങ്ങളായത്. ഇവരോരോരുത്തരും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ വീതം അടക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ ഫീസായി 62500 രൂപ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് തങ്ങളുടെ ദുരിതകാലമായിരുന്നെന്നാണ് പദ്ധതിയിലെ ഗുണഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം. ദിനംപ്രതി 25 മുട്ടകള്‍ ലഭിക്കുമെന്ന് പറഞ്ഞിടത്ത് ലഭ്യമായത് ശരാശരി 16 മുട്ടകള്‍. ചില കോഴികള്‍ ഒരു ദിവസം മുട്ടയിട്ടാല്‍ അടുത്ത ദിവസം മുട്ടയിടില്ല. ഇത്രയും മുട്ടകള്‍ ലഭിക്കണമെങ്കില്‍ ഏജന്‍സി നല്‍കുന്ന കോഴിത്തീറ്റ സ്ഥിരമായി നല്‍കണം. ഈ തീറ്റ 50 കിലോഗ്രാമിന്റെ പാക്കിന് 525 രൂപ നല്‍കണം. 12 മുതല്‍ 14 ദിവസം വരെയാണ് ഒരു ചാക്ക് തീറ്റ നല്‍കാനാകുക. അത്തരത്തില്‍ 1500 രൂപ വരെ ഒരു മാസം തീറ്റക്കായി ചെലവഴിക്കണം. മരുന്നിനും വിരമരുന്നിനുമായി വേറെയും പണം ചെലവഴിക്കണം. വരവും ചെലവും ഒരു തരത്തിലും ഒത്തുപോകാതെ വന്നപ്പോള്‍ ഓരോരുത്തരായി കോഴികളെ വിറ്റൊഴിവാക്കി. 140 രൂപ വീതമാണ് കോഴികള്‍ക്ക് ലഭിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ ഏജന്‍സി തന്നെ എടുത്ത് പണം നല്‍കാമെന്ന് പറഞ്ഞത് ആദ്യഘട്ടത്തില്‍ പാലിച്ചെങ്കിലും പിന്നീട് പിന്നാക്കം പോയി. കോഴിയും കൂടും ബാദ്ധ്യതയായതോടെ ഭൂരിഭാഗം പേരും കോഴികളെ വിറ്റൊഴിച്ചു. ചില കോഴികള്‍ ചത്തു പോയി. കൂടുകളിലിപ്പോള്‍ മുയലുകളെയും മറ്റും വളര്‍ത്തുകയാണ്. കടബാദ്ധ്യത മാത്രമാണ് ഇപ്പോള്‍ ഗുണഭോക്താക്കളിലുള്ളത്. വിവിധ ഗ്രൂപ്പുകള്‍ ഇതിനകം പതിനെട്ട് ലക്ഷം രൂപ തിരിച്ചടവ് നടത്തിയിട്ടുണ്ട്. അതുതന്നെ വേറെ പണികളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ്. ഇനിയും 22 ലക്ഷം രൂപ കൂടി അടച്ചു തീര്‍ക്കണം. കൃത്യമായി തിരിച്ചടവ് നടത്തിയാല്‍ സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഏത് സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. ഇതില്‍ പഞ്ചായത്തിന്റെയും സിഡിഎസ്സിന്റേയും പങ്ക് എന്തെന്നും ആര്‍ക്കും അറിയില്ല. എറണാകുളം ജില്ലയിലെ അയിരൂരുള്ള ഏജന്‍സിയുടെ ഫോ ണ്‍ നമ്പറിലേക്ക് വിളിച്ചാല്‍ കുറേക്കാലമായി എടുക്കുന്നില്ല. വന്‍ അഴിമതിയും ക്രമക്കേടുമാണ് ഇതില്‍ നടന്നിട്ടുള്ളതെന്ന് വ്യാപകമായി ആരോപണം ഉയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss