|    Feb 28 Tue, 2017 1:13 pm
FLASH NEWS

സംയുക്ത സമരമെന്ന് ചെന്നിത്തല; സഹകരണത്തില്‍ ഭിന്നത

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി സഹകരിച്ച് സമരം നടത്തുന്ന വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത.  എല്‍ഡിഎഫുമായി യോജിച്ച പ്രക്ഷോഭത്തിനാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. അഖില കക്ഷി നിവേദകസംഘം ഡല്‍ഹിയില്‍ പോയി കേന്ദ്രസര്‍ക്കാരിനെ കണ്ടതിനുശേഷവും പരിഹാരമില്ലെങ്കില്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച പ്രക്ഷോഭപരിപാടികള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം, എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാടിന് യോഗത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതേച്ചൊല്ലി സുധീരനും മുസ്‌ലിംലീഗ് നേതാക്കളും യോഗത്തില്‍ രണ്ടുചേരിയിലായി. സുധീരനെതിരേ കടുത്ത വിമര്‍ശനമാണ് ലീഗ് നേതാക്കള്‍ ഉന്നയിച്ചത്. എല്‍ഡിഎഫുമായി ചേര്‍ന്ന് സംയുക്ത സമരം വേണ്ടെന്ന് സുധീരന്‍ പരസ്യമായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നായിരുന്നു സുധീരന്റെ മറുപടി. ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ രാഷ്ട്രീയം മറന്നുള്ള നിലപാട് വേണമെന്നും എല്ലാവരും യോജിക്കേണ്ട സാഹചര്യമാണിതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കിയതോടെ സുധീരന്റെ നിലപാട് യുഡിഎഫ് യോഗം തള്ളി. ആവശ്യമെങ്കില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താമെന്നും യോഗത്തില്‍ ധാരണയായി. യോഗത്തിനു മുമ്പ് സുധീരനെ അനുനയിപ്പിക്കാന്‍ മുതിര്‍ ന്ന നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും നിലപാടില്‍ അയവുവരുത്താന്‍ സുധീരന്‍ തയ്യാറായില്ല.
അതീവഗുരുതരമായ സാഹചര്യത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് യോഗത്തിനുശേഷം ചെന്നിത്തല പറഞ്ഞു.  ഗ്രാമീണ ജനങ്ങള്‍ക്കു സഹായകമായതും പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നതും സഹകരണ മേഖലയാണ്. അതിനാല്‍ മേഖലയെ രക്ഷിക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോവും. സഹകരണ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ഭാരവാഹികള്‍ എന്നിവര്‍ യോജിച്ചു സമരം നടത്തും. സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറാനും പുതിയവ നല്‍കാനുമുള്ള അനുവാദം നല്‍കണം, നിയമസഭയില്‍  യോജിച്ച പ്രമേയം പാസാക്കണം, അഖിലകക്ഷി നിവേദക സംഘം ഡല്‍ഹിയില്‍ പോയി കേന്ദ്രസര്‍ക്കാരിനെ പ്രശ്‌നം ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം എന്നിവയാണ് യോഗത്തിലുണ്ടായ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. സഹകരണ പ്രശ്‌നത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്നുള്ള സമരമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, രാമായണം മുഴുവന്‍ വായിച്ചിട്ട് സീത ആരാണെന്ന് ചോദിക്കുന്നത് എന്തിനാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day