|    Aug 19 Sat, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംഭാവന നല്‍കാത്തതിന് ഭീഷണി : ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

Published : 6th August 2017 | Posted By: fsq

 

കൊല്ലം: പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനു സസ്‌പെന്‍ഷന്‍. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച കച്ചവടക്കാരനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനു കരാറെടുത്ത മനോജ് എന്നയാളെയാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍, 3000 രൂപയേ നല്‍കാനാവൂ എന്നു മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രശീതിയിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു. അന്ന് വൈകീട്ട് സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബിജെപി ജില്ലാ നേതൃത്വത്തിനു പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു. അതേസമയം, ആരോപണം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക