|    Feb 22 Wed, 2017 1:12 am
FLASH NEWS

സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ പോലിസ് നാടകം: ദിഗ്‌വിജയ് സിങ്; ഏറ്റുമുട്ടല്‍ ചോദ്യം ചെയ്ത് പ്രതിപക്ഷം

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ട എട്ടു വിചാരണത്തടവുകാര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവന്നു മണിക്കൂറുകള്‍ക്കകം പോലിസ് നിരത്തിയ തിരക്കഥ ചോദ്യം ചെയ്ത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. പോലിസ് ഭാഷ്യങ്ങളിലെ പൊള്ളത്തരങ്ങളും കെട്ടുകഥകളും പൊളിച്ചടുക്കുന്ന ചോദ്യശരങ്ങളുമായാണ് പ്രധാന നേതാക്കള്‍ രംഗത്തെത്തിയത്.
പോലിസ് പറയുന്നതിലെ വൈരുദ്ധ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. പോലിസ് പറയുന്നതനുസരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് എട്ടു പേര്‍ ജയില്‍ ചാടുന്നത്. സ്റ്റീല്‍പ്ലേറ്റ്, ഗ്ലാസ്, സ്പൂണ്‍ എന്നിവ ഉപയോഗിച്ച് ജയിലിലെ കാവല്‍ക്കാരനെ കഴുത്തറുത്തു കൊല്ലുന്നു. ജയിലിന്റെ ഭീമാകാരമായ മതില്‍ ചാടാന്‍ ഉപയോഗിച്ചതാവട്ടെ, ബെഡ്ഷീറ്റുകളും. ഇവര്‍ രക്ഷപ്പെട്ട ഉടനെത്തന്നെ അഞ്ചു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നു. എന്നാല്‍, ഈ ജയില്‍ചാട്ടത്തിന്റെ സ്വഭാവവും സമയക്രമവും സംബന്ധിച്ചാണ് പ്രത്യേകിച്ചും പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ പോലിസ് നാടകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. തടവുകാരെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു ഗുരുതരമായ പ്രശ്‌നമാണ്. ആദ്യം സിമി പ്രവര്‍ത്തകര്‍ ഖന്ദവാ ജയിലില്‍ നിന്ന് ഓടിപ്പോയി; ഇപ്പോള്‍ ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും.
ഇതിനു പിന്നില്‍ ആര്‍എസ്എസ്-സംഘപരിവാര സംഘടനകളാണ്. രാജ്യത്ത് മുസ്‌ലിം വിരുദ്ധ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ചാടിയ എട്ടു പേരും ഒരേ സ്ഥലത്ത് കൊല്ലപ്പെട്ടു കിടക്കുന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു എഎപി നേതാവും ഡല്‍ഹി എംഎല്‍എയുമായ അല്‍ക ലാംബയുടെ പ്രതികരണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ആവശ്യപ്പെട്ടു. അതിനിടെ, വെടിയേറ്റു മരിച്ചുകിടക്കുന്ന തടവുകാരന്റെ നേരെ പോലിസ് വെടിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം, തടവുകാര്‍ ജയില്‍ ചാടിയ സംഭവം വളരെ ഗുരുതരമാണെന്നും വിഷയം എന്‍ഐഎ അന്വേഷിക്കണമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു. സംഭവം എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക