|    Oct 22 Sun, 2017 6:41 am

സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല : പൊന്നാനി കോള്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published : 9th August 2017 | Posted By: fsq

 

ചങ്ങരംകുളം: പൊന്നാനി കോളില്‍നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക മാസങ്ങളായിട്ടും ലഭിച്ചില്ലെന്ന് കര്‍ഷകര്‍. പൊന്നാനി ബിയ്യം മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടികടവ് വരെ പരന്ന് കിടക്കുന്നതാണ് പൊന്നാനി കോള്‍ മേഖല. ഇതിലെ 55 കോള്‍ പടവുകളിലെ കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന്റെ തുക ലഭിച്ചിട്ടില്ല. 22.50 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിച്ചിരിക്കുന്നത്. നേരത്തേ ഇതേ വിലയ്ക്ക് മറ്റു മില്ലുകള്‍ നെല്ല് ശേഖരിച്ചിരുന്നപ്പോള്‍ താമസമില്ലാതെ പണം ലഭിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ അരി ക്ഷാമത്തിന്റെ അവസ്ഥയും കൃഷിമന്ത്രിയുടെ ഉറപ്പും ആയപ്പോള്‍ കര്‍ഷകരെല്ലാം നെല്ല് സപ്ലൈകോക്ക് നല്‍കുകയായിരുന്നു. ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും പലിശക്കെടുത്തുമാണ് ബഹു ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്തിട്ടുള്ളത്. സപ്ലൈകോ നല്‍കേണ്ട 22.50 രൂപയില്‍ 14.70 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവുമാണ് നല്‍കേണ്ടതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക കാരണങ്ങളല്ല മറിച്ച് പരിഹാരങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷി നടത്തിയ കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയില്‍പ്പെടുത്താനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷര്‍ തയ്യാറാവും. പ്രതിഷേധ സൂചകമായി കര്‍ഷക ദിനമായ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും. തുടര്‍ന്ന് ഉത്രാട നാളില്‍ ഉപവാസമനുഷ്ഠിക്കുകയും, സപ്തംബര്‍ 17 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പൊന്നാനി കോള്‍ സംരക്ഷണ സമിതി ഭാരവാഹികളായ എന്‍ ആലിക്കുട്ടി ഹാജി, എം എ വേലായുധന്‍, സി കെ പ്രഭാകരന്‍, കെ എ ജയാനന്ദന്‍, എന്‍ സുബ്രമണ്യന്‍, വി വി കരുണാകരന്‍, വി പി ഉമ്മര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക