|    Dec 11 Tue, 2018 3:32 am
FLASH NEWS

സംഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യം

Published : 26th May 2018 | Posted By: kasim kzm

ചാലക്കുടി: പരിയാരം പൂവ്വത്തിങ്കലിലുള്ള സ്വാശ്രയ കര്‍ഷകസംഘത്തില്‍ പച്ചക്കറി-പഴ ഉല്‍പ്പന്നങ്ങളുടെ വില താഴുന്നത് കര്‍ഷകര്‍ക്ക് വിനയാകുന്നു. സീസന്റെ തുടക്കത്തില്‍ മാന്യമായ വില ലഭിക്കുമെങ്കിലും സീസനായാല്‍ ലേലത്തിനെത്തുന്ന കച്ചവടക്കാര്‍ താഴ്ന്ന വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ ലേലം കൊള്ളുന്നത്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്. കടച്ചക്കക്ക് പുറത്ത് കിലോയ്ക്ക് അറുപത് രൂപയോളം വിലയുള്ളപ്പോള്‍ സംഘത്തില്‍ ഇരുപത് രൂപക്കാണ് വില്പന നടക്കുന്നത്. സീസണ്‍ ആരംഭിച്ച റംബൂട്ടാനും മാങ്കോസ്റ്റിനും കിലോയ്ക്ക് 250 രൂപ വരെയുള്ളപ്പോള്‍ സംഘത്തില്‍ 150രൂപയ്ക്ക് താഴെയാണ് വില്പന.
സീസനാകുമ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുമ്പോള്‍ വില വീണ്ടും കുറയും. പഴ-പച്ചക്കറി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് വിലയിടിവിന് കാരണമാകുന്നത്. ഇതിന് പരിഹാരമായി സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രൊമോഷണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പരിയാരം വേളൂക്കരിയില്‍ 2016ല്‍ സംഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. ഒന്നര കോടി രൂപ ചിലവില്‍ കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതല്ലാതെ മറ്റു നടപടികളൊന്നും നടന്നില്ല. പ്രദേശത്തെ കര്‍ഷകരില്‍ നിന്നും പഴം-പച്ചക്കറി എന്നിവ ശേഖരിച്ച് സംഭരിക്കുകയും കയറ്റി വിടുവാനായിരുന്നു പദ്ധതി.
കേന്ദ്ര സര്‍ക്കാരിന്റെ അപ്പാഡെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ അമ്പത് സെന്റ് സ്ഥലം പ്രതിമാസ വാടകക്കെടുത്താണ് സംഭരണ കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. സംഭരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ വിലയിടിവ് നേരിടുന്ന കര്‍ഷര്‍ക്ക് ആശ്വാസമായേനേ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss