|    Sep 24 Sun, 2017 5:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംജോത: 2 സാക്ഷികള്‍കൂടി കൂറുമാറി

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ രണ്ടു സാക്ഷികള്‍കൂടി കൂറുമാറി. കഴിഞ്ഞദിവസം പഞ്ചുകുല ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രത്യേക കോടതിയില്‍ ഹാജരായ സാക്ഷികളായ ഇന്‍ഡോറിലെ കൃഷ്ണ, അയോധ്യയിലെ നാരായണ്‍ ദാസ് എന്നിവരാണ് കൂറുമാറിയത്. കേസില്‍ പ്രോസികൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഇരുവരും നിഷേധിച്ചതായി എന്‍ഐഎ അഭിഭാഷകന്‍ രാജന്‍ മല്‍ഹോത്ര പറഞ്ഞു. കേസിലെ പ്രതികളെല്ലാം സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരുമാണ്.
ഇന്‍ഡോറിലെ സര്‍വസമ്പന്‍ നഗറില്‍ താമസിച്ചിരുന്ന കാലത്ത് കേസിലെ പ്രധാനപ്രതി അമിത് ചൗഹന്‍ അവിടെ കഴിഞ്ഞിരുന്നുവെന്നും ഇക്കാലയളവില്‍ കേസിലെ മറ്റൊരു പ്രതി രാംജി എന്ന രാമചന്ദ്ര കല്‍സാംഗ്ര അവിടേക്ക് പതിവായി വരുമായിരുന്നുവെന്നുമുള്ള മൊഴിയാണ് കൃഷ്ണ മാറ്റിപ്പറഞ്ഞത്. സംജോത സ്‌ഫോടനം ഉള്‍പ്പെടെ രാജ്യത്തെ ഹിന്ദുത്വ ആക്രമണങ്ങളിലെ പ്രധാന ആസൂത്രകനാണ് കല്‍സാംഗ്ര.
ഇയാളും അമിത് ചൗഹാനും നിലവില്‍ ഒളിവില്‍ കഴിയുകയാണ്. കേസില്‍ പ്രതികളായ രാജേന്ദര്‍ ചൗധരിയെയും ധന്‍ സിങിനെയും തനിക്കു നേരത്തേ അറിയാമായിരുന്നുവെന്ന പഴയ മൊഴിയാണ് മറ്റൊരു സാക്ഷി നാരായണ്‍ ദാസ് മാറ്റിപ്പറഞ്ഞത്. അയോധ്യയിലെ സീതാറാം ഭഗത് മാള്‍ ആശ്രമില്‍ കഴിയുമ്പോള്‍ ഈ രണ്ടു പ്രതികളും ആശ്രമത്തില്‍ വന്നിരുന്നുവെന്ന് 2010ല്‍ നാരായണ്‍ ദാസ് എന്‍ഐഎ മുമ്പാകെ മൊഴിനല്‍കിയിരുന്നു.
അതേസമയം, രണ്ടുസാക്ഷികള്‍ കൂറുമാറിയപ്പോള്‍ മധ്യപ്രദേശുകാരനായ രാജേഷ്‌കുമാര്‍ വര്‍മ എന്ന സാക്ഷി നേരത്തേ എന്‍ഐഎക്കു മുമ്പാകെ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു. കേസില്‍ ആകെ 299 സാക്ഷികളാണുള്ളത്.
അതില്‍ 178 പേരെ വിസ്തരിച്ചപ്പോള്‍ 25 പേര്‍ കൂറുമാറി. കൂറുമാറിയവരില്‍ പലരും പ്രധാന സാക്ഷികള്‍ ആയതിനാല്‍ ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള മറ്റു കേസുകളെപ്പോലെ സംജോത സ്‌ഫോടനക്കേസും ദുര്‍ബലമാവാനുള്ള സാധ്യത കൂടിവരുകയാണ്.
2007 ഫെബ്രുവരിയിലാണ് പാകിസ്താനിലേക്കുള്ള സംജോത എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടായത്. 68 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും പാകിസ്താന്‍ പൗരന്‍മാരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക