|    Apr 22 Sun, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ്: രണ്ടുപേര്‍ മൊഴിയില്‍ ഉറച്ചുനിന്നു,ഒരു സാക്ഷി കൂടി കൂറുമാറി

Published : 18th October 2015 | Posted By: TK

ന്യൂഡല്‍ഹി: സംഘപരിവാരനേതാക്കള്‍ പ്രതികളായ സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ ഒരുസാക്ഷി കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 17 ആയി. അതേസമയം, രണ്ടുസാക്ഷികള്‍ നേരത്തേ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു.ഇന്‍ഡോറിലെ റവന്യൂ ഉദ്യോഗസ്ഥനായ മുഹമ്മദ് ഇര്‍ഷാദാണ് തന്റെ മൊഴിയില്‍ ഉറച്ചുനിന്നത്. തന്റെ സാന്നിധ്യത്തില്‍ രജീന്ദര്‍ചൗധരിയെന്ന ആളാണ് ബോംബ് സ്ഥാപിച്ചതെന്നായിരുന്നു ഇര്‍ഷാദിന്റെ മൊഴി. അതേസമയം, വിചാരണയില്‍ പരസ്പരവിരുദ്ധമായി മൊഴി നല്‍കിയതിന് ഇന്ദര്‍സിങ് മല്‍വിയ എന്നയാളെ സാക്ഷിപ്പട്ടികയില്‍നിന്ന്് ഒഴിവാക്കിയെന്ന് എന്‍ഐഎ അഭിഭാഷകന്‍ രാജന്‍ മല്‍ഹോത്ര പറഞ്ഞു.ഹരിയാനയിലെ പഞ്ചുകുല ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ ഹാജരായ നാലുസാക്ഷികളില്‍ രണ്ടുപേര്‍ മൊഴിയില്‍ ഉറച്ചുനിന്നപ്പോള്‍ ഒരാള്‍ കൂറുമാറി. രണ്ടു സാക്ഷികള്‍ മൊഴിയില്‍ ഉറച്ചുനിന്നിട്ടുണ്ടെങ്കിലും പ്രധാന സാക്ഷികള്‍ കൂറുമാറിയതിനാല്‍ ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള മറ്റു കേസുകളെപ്പോലെ സംജോത സ്‌ഫോടനക്കേസിന്റെ തെളിവും ദുര്‍ബലമാവുമെന്ന് ഏറക്കുറേ ഉറപ്പാണ്.

2007 ഫെബ്രുവരിയിലാണ് പാകിസ്താനിലേക്കുള്ള സംജോത എക്‌സ്പ്രസ്സില്‍ ഹരിയാനയിലെ പാനിപ്പത്തിന് സമീപം സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 68 പേരാണു മരണപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും പാകിസ്താന്‍ പൗരന്‍മാരായിരുന്നു. എട്ട് പാകിസ്താനികള്‍ ഉള്‍പ്പെടെ 299 സാക്ഷികളാണ് കേസിലുള്ളത്. ഇതിനകം 144 പേരെയാണ് കോടതി വിസ്തരിച്ചത്. നവംബര്‍ 17നാണ് ഇനി സാക്ഷികളെ വിസ്തരിക്കുക. അന്നേദിവസം നാലുപേരെ വിസ്തരിക്കും.

സംഘപരിവാരം പ്രതികളായ മിക്ക സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്‌തെന്നു കരുതുന്ന സുനില്‍ ജോഷിയുടെ കൊലപാതകത്തിനും അതിനുശേഷം അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത സ്‌ഫോടകവസ്തുശേഖര—ത്തിനും സാക്ഷികളായ ശീതള്‍ ഗെഹ്ലോട്ട്, വസുദേവ് പാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് നേരത്തേ മൊഴിമാറ്റിയത്.

ഹിന്ദുത്വര്‍ പ്രതിസ്ഥാനത്തുള്ള ഭീകരാക്രമണക്കേസുകളി ല്‍ ഏറെ പ്രാധാന്യമുള്ള സംഭവമാണ് സുനില്‍ ജോഷി വധം. സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ സുനില്‍ ജോഷി ദേവാസിലെ ആര്‍എസ്എസ് നിയന്ത്രണമുള്ള സ്ഥലത്ത് ഒളിവില്‍ കഴിയവെയാണ് വെടിയേറ്റുമരിച്ചത്. ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഇദ്ദേഹം അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തുമെന്ന് ഭയന്ന് ജോഷിയെ സംഘം കൊല്ലുകയായിരുെന്നന്നാണ് എന്‍ഐഎ കരുതുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss