|    Nov 16 Fri, 2018 12:55 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സംഘി നിലപാടുകളിലെ മലയാളി വിരുദ്ധത

Published : 28th August 2018 | Posted By: kasim kzm

മഹാപ്രളയം കേരളത്തെ ശ്വാസംമുട്ടിച്ചപ്പോഴും മലയാളികള്‍ ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ പ്രതിരോധിച്ചുനിന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ജനകീയമായ രക്ഷാപ്രവര്‍ത്തന സന്നാഹങ്ങളാണ് കേരളം കാഴ്ചവച്ചത്. കേരളത്തിന്റെ ഈ മാതൃക രാജ്യം മുഴുക്കെ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെടുകയുണ്ടായി. ദുരന്തങ്ങളെ നേരിടുന്നതില്‍ ജനകീയ പങ്കാളിത്തവും സാമൂഹികമായ ഐക്യവും ഒത്തൊരുമയും എത്രമേല്‍ സുപ്രധാന ഘടകമാണെന്നു കേരളത്തിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുതരുന്നു.
സമാനമായ പ്രളയം ആയിരക്കണക്കിനു ജീവനുകള്‍ അപഹരിച്ച അനുഭവങ്ങള്‍ അധികം പഴയതല്ല. അമേരിക്കയിലെ ന്യൂ ഓര്‍ലയന്‍സില്‍ പ്രളയവും കൊടുങ്കാറ്റും ഇരമ്പിയടിച്ചപ്പോള്‍ അതിഭീകരമായ മാനുഷിക ദുരന്തമാണ് സംഭവിച്ചത്. അമേരിക്കയുടെ വമ്പന്‍ സാമ്പത്തിക-സൈനിക ശക്തി ഉണ്ടായിട്ടുപോലും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ അവര്‍ക്കു സാധിക്കുകയുണ്ടായില്ല. ഒത്തൊരുമയുടെ അഭാവമാണ് അതിനു കാരണമായത്. ന്യൂ ഓര്‍ലയന്‍സില്‍ കറുത്ത വര്‍ഗക്കാരാണ് വലിയ ദുരന്തം നേരിട്ടതെന്ന കാര്യം ഓര്‍മിക്കുക.
കേരളം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതിന്റെ തിളങ്ങുന്ന ചിത്രമാണ് ഇപ്പോള്‍ നാം കണ്ടത്. പക്ഷേ, അതിനിടയിലും വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ ചില കൂട്ടര്‍ നടത്തുകയുണ്ടായി. അതില്‍ അത്യന്തം വേദനാജനകവും പ്രകോപനപരവുമായ നിലപാടുകള്‍ പുറത്തുവന്നത് സംഘപരിവാര പരിസരങ്ങളില്‍ നിന്നുതന്നെയാണ്. കേരളം തങ്ങള്‍ക്ക് എല്ലാ കാലത്തും ഒരു ബാലികേറാമലയായി അവശേഷിക്കുന്നു എന്നതിലുള്ള വൈരാഗ്യബുദ്ധിയും ഒരുപക്ഷേ അവരില്‍ ചിലര്‍ നടത്തിയ ഹീനപ്രചാരണങ്ങള്‍ക്കു പിന്നില്‍ ഉണ്ടെന്നും വരാം.
സാധാരണ സംഘപരിവാര പ്രവര്‍ത്തകരോ അവരുടെ സൈബര്‍ സേനാനികളോ മാത്രമല്ല ഇത്തരം ദുഷ്പ്രചാരണങ്ങളില്‍ ഇടപെട്ടത് എന്നത് ഖേദകരമാണ്. ഇന്ത്യയിലെ സംഘപരിവാര ചിന്തകരില്‍ അത്യുന്നത സ്ഥാനം വഹിക്കുന്നയാളാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവും സാമ്പത്തിക പണ്ഡിതനും മാധ്യമപ്രവര്‍ത്തകനും ഒക്കെയായ എസ് ഗുരുമൂര്‍ത്തി. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ റിസര്‍വ് ബാങ്കിന്റെ ബോര്‍ഡിലെ അനൗദ്യോഗിക അംഗമാക്കിയത്.
അത്തരം ഉന്നത പദവിയില്‍ ഇരിക്കുന്ന ഗുരുമൂര്‍ത്തി, കേരളത്തില്‍ പ്രളയം ആഞ്ഞടിക്കാന്‍ കാരണം മലയാളികളുടെ അയ്യപ്പനിന്ദയാണെന്നാണ് കണ്ടെത്തിയത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതാണത്രേ അയ്യപ്പകോപത്തിനു കാരണമായത്! സ്ത്രീപ്രവേശനം സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്; അതുസംബന്ധിച്ച് സുപ്രിംകോടതിയില്‍ വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. അതിന് അയ്യപ്പന് കേരളത്തോട് എന്തിനു കോപം വരണം എന്ന് ഗുരുമൂര്‍ത്തിക്കു മാത്രമേ പറയാന്‍ കഴിയൂ. സ്വാമി അയ്യപ്പന്‍ ക്ഷമാശാലിയായത് ഈ സംഘി നേതാവിന്റെ ഭാഗ്യം. അല്ലെങ്കില്‍ അപവാദ പ്രചാരണത്തിന് കണക്കു തീര്‍ത്തുകൊടുേത്തനെ!
ഇതേ തരം മനോരോഗമാണ് സംഘികളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍ണബ് ഗോസ്വാമിയില്‍ നിന്നു വന്നത്. മലയാളി സമൂഹത്തോടുള്ള കഠിന വിരോധവും വൈരവുമാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വായില്‍ നിന്നു പൊട്ടിയൊലിച്ചത്. ഇത്തരം നിലപാടുകള്‍ ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ലെന്ന് സംഘപരിവാര നേതൃത്വവും അണികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss