|    Oct 17 Tue, 2017 3:21 am
FLASH NEWS

സംഘര്‍ഷ ഭീതിയില്‍ നാദാപുരം മേഖല

Published : 5th October 2017 | Posted By: fsq

 

വാണിമേല്‍: രണ്ടാഴ്ചകളിലായി നാദാപുരത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍ നാട്ടുകാരില്‍ ഭീതി പരത്തുന്നു. രാഷ്ട്രീയ വൈരം വര്‍ഗീയ കലാപങ്ങളിലേക്ക് വഴിമാറുന്ന ചരിത്രമുള്ള ഇവിടങ്ങളില്‍ ഏതു നിമിഷവും സംഘര്‍ഷം ഉണ്ടായേക്കാമെന്ന അവസ്ഥയാണ്.സെപ്റ്റംബര്‍ 24ന് തെരുവന്‍ പറമ്പില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ക്കല്ലുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇയ്യങ്കോട് എടവത്ത് ബാലന് സാരമായി പരിക്കേറ്റിരുന്നു. വളയത്ത് ആര്‍എസ്എസ് മുന്‍ കാര്യവാഹക് പുതിയ കുളത്തുംകര അശോകന്റെ വീടിനു നേരെ തിങ്കളാഴ്ച ഉണ്ടായ ബോംബേറില്‍ തലനാരിഴക്കാണ് കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത്. ബിജെപി വിട്ട് സിപിഎംലേക്ക് ചേരുവാന്‍ പ്രാദേശിക നേതാക്കളെ അറിയിച്ചതിന്റെ പിറ്റേന്നായിരിന്നു വീടിനു നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞത്.നാദാപുരം ഗവ കോളേജിന്റെ നിര്‍ദ്ദിഷ്ട കെട്ടിടത്തിന് സമീപം കിണമ്പറക്കുന്നില്‍ കഴിഞ്ഞ വര്‍ഷം ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്തിടെ എംഇടി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ പരുക്കേറ്റ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്.1988-ലെ കലാപത്തില്‍ മുഖ്യമായും നാശനഷ്ടമുണ്ടായ വാണിമേല്‍ അതിനുശേഷം സമീപ പ്രദേശങ്ങളില്‍ അക്രമമുണ്ടാവുമ്പോള്‍ പൊതുവെ ശാന്തമായിരുന്നെങ്കിലും സംഘര്‍ഷ ഭീതിയില്‍ നിന്ന് ഇവിടെയുള്ളവരും പൂര്‍ണ്ണമായും മുക്തരല്ല. കഴിഞ്ഞ ഒക്ടോബറില്‍ ഇവിടെ പതിനൊന്നോളം വീടുകള്‍ക്ക് നേരെ ബോംബേറും അക്രമവും അരങ്ങേറിയിരുന്നു.നരിക്കാട്ടേരി, പയന്തോങ്, ചെക്യാട്, അന്തേരി, വളയം തുടങ്ങിയ മലയോര മേഖലകളില്‍നിന്ന് നിരവധി തവണ ബോംബും ആയുധ നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയെങ്കിലും അവയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിനോ പ്രതികളെ പിടികൂടാനോ പൊലിസ് മെനക്കെടുന്നില്ല.  പല ബോംബ് കേസുകളുടെയും അന്വേഷണം പൊലിസ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക