|    Jul 21 Sat, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംഘര്‍ഷത്തിന് അയവില്ല: ജനങ്ങളോട് ഒഴിയാന്‍ സേന

Published : 11th August 2017 | Posted By: fsq

ന്യൂഡല്‍ഹി: രണ്ടു മാസത്തോളമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിമിലെ ദോക്‌ലാം പ്രദേശത്തെ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഉത്തരവ്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തിമേഖലയ്ക്കു സമീപമുള്ള ജനങ്ങള്‍ക്കാണ് സൈന്യം മുന്നറിയിപ്പു നല്‍കിയത്. ദോക്‌ലാമില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് പ്രദേശത്തു കഴിയുന്ന നൂറോളം പേരോടാണ് അടിയന്തരമായി ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിലെ 33 കോര്‍പ്പിലെ സൈനികര്‍ സുഖ്‌നയില്‍ നിന്ന് ദോക്‌ലാം മേഖലയിലേക്ക് വരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മുന്‍കരുതലിന്റെ ഭാഗമായാണ് ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ അടിയന്തര സൈനിക നടപടിക്ക് സാധ്യതയില്ലെന്നും പതിവ് വാര്‍ഷിക പരിശീലനങ്ങളുടെ ഭാഗമായാണ് സൈനികവിന്യാസമെന്നുമാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.കഴിഞ്ഞദിവസങ്ങളില്‍ ചൈനീസ് പത്രങ്ങള്‍ നല്‍കിയ പ്രകോപനപരമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള മുന്‍കരുതല്‍ നടപടിയാണ് നിലവിലേതെന്നു വിലയിരുത്തുന്നു. ഇന്ത്യയുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങാന്‍ സമയമായെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ഭാഷയിലായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗം. ഇന്ത്യന്‍ സൈന്യം ചൈനീസ് പ്രദേശത്ത് അതിക്രമിച്ചുകയറിയതായി ചൈന ആരോപിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ച് ദോക്‌ലാമില്‍ 53 ഇന്ത്യന്‍ സൈനികര്‍ ഇപ്പോഴും തുടരുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. അതേസമയം, ദോക്‌ലാം പ്രദേശത്ത് ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചു. മേഖലയില്‍ ഇതിനോടകം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 80ഓളം കൂടാരങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് പുതിയ വിവരം.ദോക്‌ലാമില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള പ്രദേശങ്ങളിലാണ് കൂടാരങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ 800ഓളം സൈനികര്‍ ഇവിടെ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, 30 കൂടാരങ്ങളിലായി 350ലധികം ഇന്ത്യന്‍ സൈനികരാണ് നിലവില്‍ ദോക്‌ലാം പ്രദേശത്തുള്ളത്. ചൈനയുടെ ഭാഗത്തുനിന്ന് ഒരു നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ഇന്ത്യന്‍ സൈനികവൃത്തങ്ങളുടെ പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss