|    Dec 11 Mon, 2017 6:01 am
Home   >  Todays Paper  >  page 7  >  

സംഘര്‍ഷങ്ങള്‍ക്കിടെ കശ്മീരില്‍ ഇന്തോ-പാക് വിവാഹം

Published : 3rd September 2016 | Posted By: SMR

ശ്രീനഗര്‍: സംഘര്‍ഷങ്ങളാല്‍ കശ്മീര്‍ കണ്ണീര്‍ താഴ്‌വരയായി തുടരുന്നതിനിടെ കശ്മീരില്‍ ഇന്തോ-പാക് വിവാഹം. കശ്മീരില്‍നിന്നുള്ള യുവ പോലിസ് ഓഫിസറാണ് പാക് അധിനിവേശ കശ്മീരില്‍നിന്നുള്ള പെണ്‍കൊടിക്ക് വരണമാല്യം ചാര്‍ത്തിയത്. ജമ്മു കശ്മീര്‍ പോലിസിലെ സബ് ഇന്‍സ്‌പെക്ടറായ ഉവൈസ് ഗീലാനിയാണ് മുസാഫറാബാദിലെ തന്റെ ബന്ധുകൂടിയായ ഫായിസ ഗീലാനിയെ വിവാഹം കഴിച്ചത്. താഴ്‌വരയില്‍ പ്രക്ഷോഭം തുടരുന്നതിനിടെ ശ്രീനഗറില്‍ നടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്.
1947ലെ ഇന്ത്യാ – പാക് യുദ്ധത്തിലലാണ് ഇരുവരുടെയും കുടുംബം വേര്‍പെട്ടുപോയത്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി വരന്റെ പിതാവ് ശബീര്‍ ഗീലാനി മുസാഫറാബാദിലെത്തിയതിനു പിന്നാലെ 2014ല്‍ മുസാഫറാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും നിക്കാഹ്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ – മുസാഫറാബാദ് ബസ് സര്‍വീസ് തുടര്‍ച്ചയായി നിര്‍ത്തിവച്ചതോടെ വിവാഹച്ചടങ്ങുകള്‍ നിരവധി തവണ റദ്ദാക്കിയിരുന്നു. ബസ് സര്‍വീസ് പുനരാംരഭിച്ചതോടെ ചടങ്ങിനു വേണ്ടി വധുവും അടുത്ത ബന്ധുക്കളും തിങ്കളാഴ്ചയോടെ ഇവിടെ എത്തിച്ചേരുകയായിരുന്നു.
വരന്റെ പിതാവ് റിട്ട. പോലിസ് ഓഫിസറാണ്. ഫായിസ ഇസ്‌ലാമാബാദിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് മോഡേണ്‍ ലാംഗ്വേജസില്‍നിന്നു പ്ലാനിങ് ആന്റ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  നിയന്ത്രണ രേഖയ്ക്കു സമീപമുള്ള കര്‍ണാ നഗരത്തിലാണ് വരന്റെ കുടുംബം താമസിക്കുന്നത്.
1947ലെ യുദ്ധത്തെ തുടര്‍ന്നു ശബീര്‍ഗിലാനിയുടെ കുടുംബം ഇവിടെയും ബാക്കിയുള്ളവര്‍ മറുവശത്തും കുടുങ്ങുകയായിരുന്നു. തന്റെ വല്ല്യുപ്പയേയും മറ്റു ബന്ധുക്കളെയും കുറിച്ച് പിതാവില്‍നിന്നു വളരെയധികം കേട്ടിരുന്നു. വല്ല്യുപ്പ മരിച്ചപ്പോള്‍ നിയന്ത്രണ രേഖ കടക്കാന്‍ അനുമതിലഭിക്കാത്തതിനെതുടര്‍ന്നു മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും പിതാവിന് സാധിച്ചിരുന്നില്ല- ഉവൈസ് ഗീലാനി പറഞ്ഞു.
തന്റെ വിവാഹത്തിലൂടെ അകന്നു പോയ മനസ്സുകളെയും ബന്ധുക്കളെയും കൂട്ടിയിണക്കാന്‍ സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി ഗീലാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക