|    Jul 19 Thu, 2018 3:27 pm
FLASH NEWS

സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ പോലിസുകാരനു മര്‍ദ്ദനം : എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കം ഒമ്പതുപേര്‍ക്കെതിരേ കേസ്‌

Published : 22nd September 2017 | Posted By: fsq

 

തൊടുപുഴ: സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ തൊടുപുഴയില്‍ പോലിസുകാരനു മര്‍ദനമേറ്റ സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അടക്കം ഒമ്പതുപേര്‍ക്കെതിരേ കേസ്. സംഭവം മുക്കാന്‍ ശ്രമിച്ച പോലിസിനും ഭരണപക്ഷ പാര്‍ട്ടിക്കും തിരിച്ചടിയായത് സിസിടിവി ദൃശ്യങ്ങള്‍. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം എസ് ശരത് ആണ് ഒന്നാം പ്രതി. തൊടുപുഴ ഏരിയാ പ്രസിഡന്റ് അമല്‍കൃഷ്ണ, സെക്രട്ടറി ബാദുഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ ബോസ്, പ്രവര്‍ത്തകരായ അലന്‍, ആല്‍ബിന്‍ ജോയി, പദ്മകുമാര്‍, ഷാല്‍വിന്‍ എന്നിവരോടൊപ്പം കണ്ടലറിയാവുന്ന ഒരാള്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പോലിസുകാര്‍ക്കു മര്‍ദനമേറ്റില്ലെന്ന് ആദ്യം നിലപാടെടുത്ത പോലിസ്് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.സംഭവത്തില്‍ ഡിജിപി ഓഫിസും വിശദീകരണം തേടിയിട്ടുണ്ട്. തൊടുപുഴ സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ എം ജി ജോസഫിനെയാണ് എസ്എഫ്‌ഐ നേതാക്കള്‍ ആക്രമിച്ചു തള്ളിത്താഴെയിട്ടത്. ബുധനാഴ്ച രാത്രി 8.30ഓടെ തൊടുപുഴ പോലിസ് സ്റ്റേഷനു മുമ്പിലാണ് സംഭവം. നഗരത്തിനു സമീപമുള്ള വിവിധ കോളജുകളിലും ആശുപത്രികളിലുമായി വിദ്യാര്‍ഥി സംഘര്‍ഷങ്ങളുണ്ടായിരുന്നു. ഇതിനിടെ കൊതായിക്കുന്ന് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഒരുകൂട്ടമാളുകള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. അക്രമണം ചോദ്യം ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടിജുവിനും മര്‍ദ്ദനമേറ്റിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിയ പോലീസ് അക്രമം അഴിച്ചുവിട്ട അഞ്ചുപേരെ പിടികൂടി. വൈകീട്ട് 6.30ഓടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലെത്തി ഇവര്‍ക്കെതിരെ വാക്കാല്‍ പരാതിയും നല്‍കി. തുടര്‍ന്ന് രാത്രി 8.30ഓടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും അറസ്റ്റിലായവരുടെ കൂട്ടാളികളും തമ്മില്‍ പോലിസ് സ്റ്റേഷനു മുമ്പില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതു തടയാനെത്തിയ പോലിസുകാരുമായിട്ടും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ അമല്‍കൃഷ്ണന്‍ പോലിസുകാരനൈ പിടിച്ചുതള്ളുകയായിരുന്നു. അതുവഴി വന്ന ബൈക്കിനു മുമ്പിലേക്കാണ് പോലിസുകാരന്‍ വീണത്. കേസ് ഒതുക്കാന്‍ തൊടുപുഴ സിഐ ആണ് ചുക്കാന്‍ പിടിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss