|    Dec 11 Tue, 2018 9:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സംഘര്‍ഷം തുടരുന്നു; ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ മുളകുപൊടിയേറ്‌

Published : 17th November 2018 | Posted By: kasim kzm

കൊളംബോ: സംഘര്‍ഷം തുടരുന്ന ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ രണ്ടാംദിവസം മുളകുപൊടിയേറും. ഇന്നലെ സഭ ആരംഭിച്ചതു മുതല്‍ മുളകുപൊടിയും കസേരയുംകൊണ്ട് എംപിമാര്‍ പരസ്പരം ഏറു തുടങ്ങിയതോടെ സ്പീക്കര്‍ കാരു ജയസൂര്യക്ക്് പോലിസ് സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു.
സഭയിലെത്തിയ സ്പീക്കറെ ചേംബറിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഒരുവിഭാഗം എംപിമാര്‍ ഒരുമണി ക്കൂറോളം തടഞ്ഞു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അദ്ദേഹം ചേംബറിലെത്തിയത്. എന്നാല്‍, മഹീന്ദ രാജപക്‌സെയെ അനുകൂലിക്കുന്ന എംപിമാര്‍ സ്പീക്കര്‍ക്കു നേരെ പുസ്തകങ്ങളും മറ്റു സ്റ്റേഷനറി സാധനങ്ങളും എടുത്തെറിയുകയായിരുന്നു. സഭയിലെ കസേരയും മറ്റ് ഫര്‍ണിച്ചറുകളും എടുത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച രാജപക്‌സെ അനുകൂലികള്‍ പോലിസുകാര്‍ക്കും എതിരാളികളായ എംപിമാര്‍ക്കും നേരെ മുളകുപൊടി എറിയുകയും ചെയ്തു.
തന്റെ മുഖത്തേക്ക് മുളകുപൊടി കലര്‍ത്തിയ വെള്ളം ഒഴിച്ചതായി പുറത്താക്കപ്പെട്ട വിക്രമസിംഗെ മന്ത്രിസഭയിലെ അംഗം ഗമിനി ജയവിക്രമ പെരേര പറഞ്ഞു. ഇദ്ദേഹം പിന്നീട് പാര്‍ലമെന്റ് മെഡിക്കല്‍ സെന്ററില്‍ ചികില്‍സ തേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന ഒക്ടോബര്‍ 26ന് പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹീന്ദ രാജ പക്‌സെയെ താല്‍സ്ഥാനത്തു നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്ര—തിസന്ധി ഉടലെടുത്തത്. രണ്ടാഴ്ചയിലധികം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനുശേഷം ബുധനാഴ്ച സഭ സമ്മേളിക്കുകയും രാജ പക്‌സെയ്‌ക്കെതിരേ അവിശ്വാസപ്രമേയം പാസാക്കുകയും സിരിസേനയുടെ നടപടി നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാഴാഴ്ച സിരിസേന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെടുകയും അവിശ്വാസപ്രമേയത്തിന് വീണ്ടും നോട്ടീസ് നല്‍കുകയും ചെയ്ത—തോടെ പാര്‍ലമെന്റില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. വീണ്ടും പാര്‍ലമെന്റ്് തിരഞ്ഞെടുപ്പു നടത്തണമെന്ന രാജപക്‌സെയുടെ ആവശ്യത്തിനെതിരേയും എംപിമാര്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമെന്ന്് സ്പീക്കര്‍ കാരു ജയസൂര്യ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss