|    Oct 19 Fri, 2018 6:33 pm
FLASH NEWS
Home   >  Fortnightly   >  

സംഘമോഹങ്ങള്‍ക്കൊരു കേരളസെല്‍ഫി

Published : 17th December 2015 | Posted By: TK
vellapalli12

 

 


മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനും, ഇറ്റുവീഴുന്ന അവരുടെ ചോര നക്കിത്തുടയ്ക്കാനും മദം പൂണ്ട രാഷ്ട്രീയനേതാക്കളും ജാതിമതപ്രസ്ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുന്ന കാഴ്ചകളാണ് നമ്മുടെ ചുറ്റും ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ ശ്രീനാരായണഗുരുവിന്റെ പേരുപോലും ഇതിനായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്…’ വെളളാപ്പള്ളിയുടെ തനിനിറം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.


 

എസ്എ ഗഫൂര്‍

തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര സഹമന്ത്രിയാക്കാനാണ് ഈ നീക്കം മുഴുവന്‍ നടത്തുന്നതെന്നു പറഞ്ഞുകേള്‍ക്കുന്നുണ്ട്? പല പ്രചാരണങ്ങളുമുണ്ട്. പല നമ്പരുകളും ഇറക്കുന്നുമുണ്ട്. അങ്ങനെയുള്ള ചെറിയ രീതിക്കൊന്നും ഈ കച്ചവടം ഉറപ്പിക്കാന്‍ പറ്റില്ല. സമുദായത്തിനു നല്ല ഗുണം കിട്ടുന്ന കാര്യമേ ചെയ്യൂ. ഇനി ആര്‍ക്കും, ബിജെപിക്കും അങ്ങോട്ടു പിന്തുണ കൊടുക്കുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞല്ലോ? ഞങ്ങളുടെ ആഗ്രഹങ്ങള്‍ അറിഞ്ഞ് ഇങ്ങോട്ടു വന്നു പിന്തുണ തരട്ടെ.
താനും മാസങ്ങള്‍ക്കു മുമ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഒരു ദേശീയ മാധ്യമത്തിലെ ലേഖകന്‍ നടത്തിയ അഭിമുഖത്തിലെ ചോദ്യവും ഉത്തരവുമാണിത്. വെള്ളാപ്പള്ളി ഉപയോഗിച്ചത് കച്ചവടം എന്ന വാക്കായിരുന്നു. അതുകൊണ്ടുകൂടിയാകണം അത് പത്രങ്ങളിലെ വാചകമേളയില്‍ ബോക്‌സ് വാചകമായി വന്നു. ഇപ്പോഴിതാ ബിജെപിയുമായുള്ള പരസ്യ സഖ്യത്തിന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.

സംഘപരിവാരവുമായി ചെറിയ രീതിക്കല്ലാത്ത കച്ചവടം പറഞ്ഞുറപ്പിച്ചാണോ ഈ നിര്‍ണായക തീരുമാനത്തിലേക്ക് എത്തിയത് എന്ന ചോദ്യമാണ് പഴയ ഉത്തരത്തിന്റെ തുടര്‍ച്ചയായി കേരളം വെള്ളാപ്പള്ളിയോടു ചോദിക്കേണ്ടത്. നവബര്‍ 23 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടത്തിയ സമത്വമുന്നേറ്റ യാത്രയിലുടനീളം അദ്ദേഹം കേരള സമൂഹത്തിനു നേരെ തുടര്‍ച്ചയായി കുടഞ്ഞുകൊണ്ടിരുന്ന വിഷമഷി നിറച്ച പേനകൊണ്ട് ഇനി എന്തൊക്കെയാണ് എഴുതാന്‍ പോകുന്നത് എന്ന ആകാംക്ഷയും ബാക്കി. ആശങ്ക എന്നല്ല ആകാംക്ഷ എന്നാണു പറഞ്ഞത്.

എന്തുകൊണ്ടെന്നാല്‍ വെള്ളാപ്പള്ളി രണ്ടും കല്‍പിച്ചുറപ്പിച്ച പുതിയ ബാന്ധവത്തില്‍ ഉത്കണ്ഠപ്പെടാനില്ലെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത് തെളിയിക്കാന്‍ ഓര്‍ക്കാപ്പുറത്ത് നിമിത്തമായ പ്രതീകത്തിന്റെ പേരാണ് നൗഷാദ്. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ധീരനുചേര്‍ന്ന മരണം വരിച്ച നൗഷാദ്.

പക്ഷേ, ആ ചെറുപ്പക്കാരന്‍ മുസ്‌ലിമായതുകൊണ്ടാണ് സര്‍ക്കാര്‍ അയാളുടെ കുടുംബത്തിനു ധനസഹായവും ഭാര്യക്ക് ജോലിയും പ്രഖ്യാപിച്ചത് എന്നാണ് വെള്ളാപ്പള്ളി കണ്ടുപിടിച്ചത്. ആ വെളിപാട് പുറത്തുവന്നതുമുതല്‍ സാമൂഹിക മാധ്യമങ്ങളിലും പുറത്തും വെള്ളാപ്പള്ളി കേട്ടുകൊണ്ടിരിക്കുന്ന നിര്‍ത്തലില്ലാത്ത ചീത്തവിളിയാണ് ആശങ്ക വേണ്ടെന്നു വിളിച്ചുപറഞ്ഞത്. ചീത്തവിളികള്‍ക്കു ചിലപ്പോള്‍ രാഷ്ട്രീയമാനവും നന്മയും വന്നു ചേരാറുണ്ടെന്നു കാണിക്കുന്ന അപൂര്‍വ സന്ദര്‍ഭം. മുസ്‌ലിംകള്‍ പാക്കിസ്താനിലേക്കു പോകട്ടെ എന്നു പറഞ്ഞ സംഘപരിവാര നേതാവിനോട് ‘താങ്കളുടെ തന്തയുടെ വകയാണോ ഇന്ത്യ?’ എന്നു ചോദിച്ച ഫേസ്ബുക്ക് പോസ്റ്റും ഇതുപോലെ ഒരു അപൂര്‍വ സന്ദര്‍ഭമാണ് കാട്ടിത്തന്നത്.

 

Samathwa-munneta-yathr

യഥാര്‍ത്ഥത്തില്‍ വെളളാപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു മുമ്പേ പരാജയപ്പെട്ട ഒരു പരീക്ഷണമാണ്. പണ്ട്, 1991 ലെ നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ബേപ്പൂരിലും വടകരയിലും കോണ്‍ഗ്രസ്, ലീഗ്, ബിജെപി (കോലീബി) സഖ്യമുണ്ടാക്കിയതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ബിജെപി നേതാവ് കെജി മാരാര്‍ പറഞ്ഞതും ഇതേ വാചകമാണ്: പാഴായ പരീക്ഷണം. രാഷ്ട്രീയ പരീക്ഷണങ്ങള്‍ തുടങ്ങും മുമ്പേ പരാജയപ്പെടുന്നതിനു പിന്നില്‍ ജനത്തിന്റെ തിരിച്ചറിവ് എന്ന ശരിയായ രാഷ്ട്രീയമാണുള്ളത്. പക്ഷേ, നരേന്ദ്ര മോദിയും അമിത് ഷായും മറ്റു പലയിടത്തും പരീക്ഷിച്ചു കുറേയൊക്കെ വിജയംകണ്ട കുഴപ്പം പിടിച്ച പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കു വേവലാതിപ്പെടാന്‍ ചിലതുണ്ട്.
എസ്എന്‍ഡിപി യോഗം എന്ന മഹത്തായ ചരിത്രമുള്ള വലിയ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ ചേരിതിരിവിനുള്ള ലാബ് ആക്കുകയാണ് ബിജെപി. വെളളാപ്പള്ളി വെറുമൊരു ടെസ്റ്റ്യൂബ്. ‘ഇതൊരു ടെസ്റ്റ്യൂബാണെന്നു സങ്കല്‍പിക്കുക’എന്ന് ചോക്ക് ഉയര്‍ത്തിക്കാണിക്കുന്ന പഴയ അധ്യാപകരുടെ റോളിലാണ് മോദിയും ഷായും. ഈ ടെസ്റ്റ്യൂബില്‍ ഒരിക്കല്‍ നിറച്ച വിഷം ഫലം കാണുന്നില്ലെന്നു കണ്ടാല്‍ മാറ്റിപ്പിടിക്കുന്ന വിധമേതാകുമെന്ന് അറിയാന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നേ പറ്റൂ, കേരളം. ഗുജറാത്തോ മുസാഫര്‍ നഗറോ ദാദ്രിയോ ആക്കി മാറ്റാന്‍ പാകത്തിലല്ല കേരളത്തിന്റെ മതേതര, ജനാധിപത്യ കെട്ടുറപ്പ് എന്ന തിരിച്ചറിവ് സമത്വമുന്നേറ്റ യാത്രയുടെ സ്‌പോണ്‍സര്‍മാര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നുറപ്പ്. കേരള പുലയര്‍മഹാസഭയിലെ ഒരു വിഭാഗവും പിന്നെ ചില ഈര്‍ക്കില്‍ സമുദായ സംഘടനകളുമാണ് വെള്ളാപ്പള്ളിയുടെ യാത്രയിലെയും പിന്നീട് പാര്‍ട്ടിയിലെയും സഖ്യകക്ഷികളായത്.

ഓപ്പറേഷന്‍ ലോട്ടസ് എന്നു പേരിട്ട് അമിത് ഷാ തുടങ്ങിവച്ച ‘കേരളം പിടിക്കല്‍’ പാക്കേജിന്റെ ഭാഗമായാണ് ഇവരൊക്കെ വെള്ളാപ്പള്ളിക്കൊപ്പം ചേര്‍ന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇളക്കിമറിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാകും സമത്വമുന്നേറ്റ യാത്ര എന്നു ധരിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം കരുക്കള്‍ നീക്കിയത്. അതിന്റെ ഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയ്യാം എന്നും കരുതി. പക്ഷേ, വെള്ളാപ്പള്ളി ഗുരുദര്‍ശനങ്ങളെ ചതിച്ചപ്പോള്‍ വെള്ളാപ്പള്ളിയെ സ്വന്തം നാക്ക് ചതിച്ചു, ചതിച്ചുകൊണ്ടേയിരുന്നു. ഓരോ സ്വീകരണ സ്ഥലത്തും അദ്ദേഹം പറഞ്ഞുവച്ച വര്‍ഗ്ഗീയ നിലപാടുകള്‍ കേട്ട് കേരളം വെറുപ്പോടെ മുഖം തിരിച്ചു. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച സംഘപരിവാരത്തിനു ബോധ്യവും വന്നു. പിടിവിട്ടുപോയി, റേറ്റിംഗ് താഴേക്കാണ്.’
ഓപ്പറേഷന്‍ ലോട്ടസും വെള്ളാപ്പള്ളിയും തമ്മിലെന്ത് എന്ന ചോദ്യത്തിന് ഒറ്റ വാക്കിലല്ല ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ നേതാക്കള്‍ മറുപടി നല്‍കുന്നത്. ഈഴവ സമുദായത്തെ തങ്ങളുടെ വരുതിയിലാക്കുന്ന ദീര്‍ഘകാല ലക്ഷ്യത്തിലാണ് അത് ഊന്നുന്നത്. ജി സുകുമാരന്‍ നായരെയോ കേരള പുലയര്‍ മഹാസഭയിലെ വലിയൊരു വിഭാഗത്തെയോ ഈ രാഷ്ട്രീയ ലക്ഷ്യത്തിനു കൂടെ നില്‍ക്കാന്‍ ബിജെപിക്കു ലഭിച്ചില്ല. അതുകൊണ്ട് അവര്‍ നായര്‍ സമുദായത്തിലും പുലയ സമുദായത്തിലും കാര്യമായി കണ്ണുവയ്ക്കുന്നുമില്ല. കിട്ടുന്നത് ബോണസ് എന്നാണ് ഉള്ളിലിരിപ്പ്. എന്നാല്‍ മൊത്തമായി വെള്ളാപ്പള്ളി ആട്ടിത്തെളിച്ചു കൊടുക്കാന്‍ ശ്രമിക്കുന്ന ഈഴവ സമുദായം എവിടെ, ആര്‍ക്കൊപ്പം നില്‍ക്കും എന്ന് മാസങ്ങള്‍ക്കകം അറിയാം; നിയമസഭാ തെരഞ്ഞെടുപ്പില്‍.
Praveen-Thegadiaഅമിത് ഷായുടെ ഓപ്പറേഷന്‍ ലോട്ടസിനു വീണുകിട്ടിയ നേട്ടമായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്. അവിടെ വലിയൊരു വിഭാഗം ഈഴവ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനു കിട്ടിയതാണ് സിപിഎമ്മിന്റെ പരാജയത്തിന് ഇടയാക്കിയത് എന്നുവന്നു. അരുവിക്കര ഫലം ശക്തമായ സൂചനയാണെന്ന് വെള്ളാപ്പള്ളിക്കും ബിജെപിക്കും ഒന്നുപോലെ പറയാറായി. വെള്ളാപ്പള്ളിയെ തൊട്ടാല്‍ ഭാരതത്തിലെ നൂറുകോടി ഹിന്ദുക്കള്‍ ആ വെല്ലുവിളി ഏറ്റെടുക്കുമെന്ന് ഡോ. പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് എന്ന ആ പ്രഖ്യാപനത്തിനു മുമ്പും ശേഷവുമായി കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ തൊഗാഡിയ അഞ്ചു തവണയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത്.

വിശ്വഹിന്ദുപരിഷത്ത് ഇടുക്കിയില്‍ തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളജ് എസ്എന്‍ഡിപിക്കു നല്‍കാമെന്ന വാഗ്ദാനം തൊഗാഡിയ നല്‍കിയതും ഇതിനിടയിലാണ്. കേരള തൊഗാഡിയ ആകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത് എന്ന് വിഎം സുധീരന്‍ ആക്ഷേപിക്കുമ്പോള്‍ അത് അംഗീകാരമായി വെള്ളാപ്പള്ളി ഏറ്റെടുക്കുന്നത് ഇതുകൊണ്ടുകൂടിയാണ്. ഒരു വലിയ സമുദായത്തിന്റെ പ്രബല സംഘടന പിടിക്കാന്‍ വെറുമൊരു മെഡിക്കല്‍ കോളജോ എന്ന ചോദ്യം ബാക്കിയുണ്ട്. മറ്റൊന്ന് മൈക്രോഫിനാന്‍സ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വന്‍തോതിലുള്ള വായ്പാ സാധ്യതയാണ്.

 

പക്ഷേ, വിജയിച്ച മൈക്രോഫിനാന്‍സ് പദ്ധതിക്ക് എത്ര വേണമെങ്കിലും വായ്പ നല്‍കാന്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളുടെ ഉന്നതര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ കയറി ഇറങ്ങുകയാണ്. എങ്കിലും മൈക്രോഫിനാന്‍സ് പദ്ധതിയിലെ വലിയ അഴിമതി ആരോപണങ്ങള്‍, സ്വാമി ശാശ്വതീകാനന്ദയുടെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയുടെ കൈയില്‍ കിട്ടിയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടിക്കലില്ലായ്ക… പലതുണ്ട് അജന്‍ഡയില്‍. അജന്‍ഡയുണ്ട് എന്നതാണു പ്രധാനം.
യഥാര്‍ത്ഥത്തില്‍ ഗുരുവിനോട് എസ്എന്‍ഡിപി യോഗം ചെയ്തതിന്റെ തുടര്‍ച്ചയാണ് വെള്ളാപ്പള്ളി നടേശന്‍ യോഗത്തോടും കേരളത്തോടും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു ചരിത്രം. അന്ന് സ്വത്തിനു വേണ്ടി; ഇന്ന് അധികാരത്തിനു വേണ്ടി. വെള്ളാപ്പള്ളി യോഗത്തിന്റെ നേതൃസ്ഥാനത്ത് എത്തിയ കാലം മുതലാണ് എസ്എന്‍ഡിപി യോഗത്തിന്റെ സമീപനം വര്‍ഗ്ഗീയമായി മാറിത്തുടങ്ങിയത്. 2003 ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു. യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിച്ച് വെള്ളാപ്പള്ളി സംഘടനയെ ബിജെപിയോട് അടുപ്പിക്കാന്‍ ശ്രമിച്ചു.

ശ്രീനാരായണഗുരുവിനുവേണ്ടി ഇടതുപക്ഷവും എസ്എന്‍ഡിപിയും രണ്ട് ചേരിയില്‍ അണിനിരന്ന കാലം. ഗുരുവിനെയും യോഗത്തെയും പറ്റിയുള്ള സജീവ ചര്‍ച്ചയാണ് ഉണ്ടായത്. ഗുരുദേവന്റെ പേര് പറയാന്‍കൂടി എസ്എന്‍ഡിപി യോഗത്തിന് അര്‍ഹതയില്ലെന്ന് ഡോ. ടികെ രവീന്ദ്രനും മറ്റും തുറന്നടിച്ചു. അതേ സാമൂഹിക സാഹചര്യം ആവര്‍ത്തിച്ചു വന്നിരിക്കുന്നു.
ശ്രീനാരായണഗുരു തന്റെ പേരിലുള്ള മഠവും മറ്റു സ്വത്തുക്കളും ആദ്യം യോഗത്തിന് എഴുതിക്കൊടുത്തിരുന്നു.

പിന്നീട് അതെല്ലാം തിരിച്ചെടുത്തു. യോഗത്തിന്റെ പോക്കില്‍ ഗുരുവിനുണ്ടായ അമര്‍ഷവും നിരാശയുമായിരുന്നു കാരണം. എന്നിട്ട് ചൈതന്യ സ്വാമികള്‍ക്ക് അവ ഭരിക്കാനുള്ള അധികാരം നല്‍കി മുക്ത്യാര്‍ ഉണ്ടാക്കി. നേരത്തേ സ്വത്ത് യോഗത്തിനു ദാനം ചെയ്തത് സ്വമനസ്സാലെയാണെങ്കില്‍ ആ മനസ്സും വാക്കും യോഗത്തില്‍ നിന്ന് ഇളകിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഇതേക്കുറിച്ച് ഡോ. പല്‍പ്പുവിന് ഗുരു എഴുതിയത്.
VSവിഎസ് അച്യുതാനന്ദന്‍-വെള്ളാപ്പള്ളി ഏറ്റുമുട്ടലിനു തുടക്കമിട്ട് കഴിഞ്ഞ ഓണക്കാലത്ത് വിഎസ് കുട്ടനാട്ടില്‍ നടത്തിയ പ്രസംഗത്തിന്റെ ഈ പ്രസക്തഭാഗങ്ങള്‍കൂടി കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളാപ്പള്ളിയുടെ ചേരിതിരിക്കല്‍ രാഷ്ട്രീയത്തെ ഇത് തുറന്നു കാട്ടുന്നു. ആലപ്പുഴയിലെ മാമ്പുഴക്കരിയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്താണ് ആഗസ്റ്റ് 30 നു വിഎസ് ഈ പ്രസംഗം നടത്തിയത്. ‘നൗഷാദ് വിവാദ’ത്തില്‍ വെളളാപ്പള്ളിക്കുള്ള മറുപടിയുമുണ്ട് മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഈ പ്രസംഗത്തില്‍.
‘മനുഷ്യജീവിതത്തെക്കുറിച്ചും മനുഷ്യനന്മകളെക്കുറിച്ചുമൊക്കെ ശ്രീനാരായണ ഗുരുവിന് അപാരമായ ധാരണയും ദീര്‍ഘവീക്ഷണവുമാണുണ്ടായിരുന്നത്. എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറം മനുഷ്യനന്മയില്‍ ഊന്നിയ മാനവികതയാണ് ശ്രീനാരായണഗുരുവിന്റെ ദര്‍ശനപൂര്‍ണിമയുടെ കാതല്‍ എന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. അത്തരം ഉയര്‍ന്ന ചിന്തകളും ബോധ്യങ്ങളും ഉണ്ടായിരുന്ന ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് നിര്‍ദ്ദേശിച്ച എട്ടു വഴികള്‍ പ്രസക്തമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര-സാങ്കേതികപരിശീലനം എന്നിവയാണ് തീര്‍ത്ഥാടനത്തിന്റെ ആശയം ഗുരുവിന് മുന്നില്‍ അവതരിപ്പിച്ച വല്ലഭശേരി ഗോവിന്ദന്‍ വൈദ്യരോടും, ടികെ കിട്ടന്‍ റൈറ്ററോടും അദ്ദേഹം നിര്‍ദ്ദേശിച്ചത്.

ഇതില്‍ ഈശ്വരഭക്തി ഒഴികെയുള്ള ഏഴ് വഴികളും ഭൗതിക ജീവിതത്തിന്റെ മേന്മയും നന്മയുമാണ് ഉദ്‌ഘോഷിക്കുന്നത്. എന്നു പറഞ്ഞാല്‍, നല്ല ചിന്തകള്‍കൊണ്ടും നല്ല പ്രവൃത്തികള്‍കൊണ്ടും മനുഷ്യജീവിതം വിശുദ്ധമാക്കുക എന്നതുതയൊണ് ഗുരു അര്‍ത്ഥമാക്കിയത്. തീര്‍ത്ഥാടന സങ്കല്‍പ്പത്തെപ്പറ്റി പറയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടു പ്രഭാഷണങ്ങള്‍ നടത്തണമെന്നും ആ പ്രഭാഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊള്ളണമെന്നും അവയിലൂടെ ലഭിക്കുന്ന ജ്ഞാനം ജീവിതത്തില്‍ പ്രായോഗികമായി നടപ്പാക്കണമെന്നും ഗുരു നിര്‍ദ്ദേശിക്കുുണ്ട്. മുനുഷ്യജീവിതവും മനുഷ്യനന്മയും തയൊണ് എല്ലാ ദര്‍ശനങ്ങളുടെയും അടിസ്ഥാനപ്രമാണമായി ഗുരു കണ്ടിരുന്നത് എന്നാണ് ഇതും വെളിവാക്കുന്നത്.
സവര്‍ണര്‍ക്കെതിരെ അവര്‍ണരെയും ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷത്തെയും സംഘടിപ്പിച്ചുകൊണ്ടല്ല സാമൂഹ്യനീതിക്കുവേണ്ടി പൊരുതേണ്ടതൊയിരുന്നു ഗുരുവിന്റെ പക്ഷം. വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും നേതൃത്വപരമായ പങ്കു വഹിച്ചവരില്‍ സവര്‍ണരും ഉണ്ടായിരുന്നു എന്ന ചരിത്രയാഥാര്‍ത്ഥ്യം ഗുരു ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനും, ഇറ്റുവീഴുന്ന അവരുടെ ചോര നക്കിത്തുടയ്ക്കാനും മദം പൂണ്ട രാഷ്ട്രീയനേതാക്കളും ജാതിമതപ്രസ്ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുന്ന കാഴ്ചകളാണ് നമ്മുടെ ചുറ്റും ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ ശ്രീനാരായണഗുരുവിന്റെ പേരുപോലും ഇതിനായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്…’ വെളളാപ്പള്ളിയുടെ തനിനിറം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ അഞ്ചിന് സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് സമാപിച്ചപ്പോള്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി, ഭാരതീയ ധര്‍മജന സേന സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്നാണു വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം. ആരു ഭരിക്കണം എന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന്. സമത്വമുന്നേറ്റ യാത്രയുടെ ഫലം കേരളത്തിന് ദോഷകരമായാണോ ഭവിക്കുക എന്ന് മനസ്സിലാകണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്നതു വരെ കാത്തിരിക്കണം എന്ന തിരിച്ചറിവു കേരള സമൂഹത്തിനു നല്‍കുന്നുണ്ട് ആ പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിന് 72ഉം ഇടതുമുന്നണിക്ക് 68ഉം ആയിരുന്നു സീറ്റുകളെന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ദുരന്തമാണോ കാത്തിരിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss