|    Jan 18 Wed, 2017 5:49 pm
FLASH NEWS

സംഘപരിവാര രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ നടക്കുന്ന വലിയ പ്രതിഷേധത്തില്‍ അഭിമാനം തോന്നുന്നു: സാകിയ ജഫ്‌രി

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സംഘപരിവാര രാഷ്ട്രീയത്തിനെതിരേ കേരളത്തില്‍ വലിയ പ്രതിഷേധം നടക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് ഗുജറാത്ത് വംശഹത്യയുടെ ഇരയും മുന്‍ എംപിയും കോണ്‍ഗ്രസ്  നേതാവുമായിരുന്ന ഇഹ്—സാന്‍ ജഫ്‌രി യുടെ വിധവ സാകിയ ജഫ്‌രി. വികസനത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലേറിയവര്‍ രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് നടന്ന ജന മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ കോഴിക്കോട്ടെത്തിയത്.
2002 ഫെബ്രുവരി 28ന് സര്‍ക്കാരിന്റെയും പോലിസിന്റെയും സഹകരണത്തോടെയാണ് ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയത്. അക്രമികളുടെ കൈയില്‍ ത്രിശൂലവും മറ്റ് ആയുധങ്ങളും ബിസ്—കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും വെള്ളവുമുണ്ടായിരുന്നു. ഇത് അവര്‍ നേരത്തേ ആസൂത്രണം ചെയ്താണ് വന്നതെന്നതിന് തെളിവാണ്. എന്റെ ഭര്‍ത്താവ് ഇഹ്—സാന്‍ ജഫ്‌രിയെ അറിയാത്തവരായി അവിടെ ആരുമില്ല. അടിയന്തരാവസ്ഥ കാലം മുതല്‍ 20 വര്‍ഷം അദ്ദേഹം എംപിയായിരുന്നു. അക്രമികളെത്തിയപ്പോള്‍ സോണിയാ ഗാന്ധിയെയും വാജ്—പേയിയെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ഡിജിപി പി സി പാണ്ഡെയെയുമെല്ലാം അദ്ദേഹം ഫോണില്‍ വിളിച്ചു. യോഗത്തിലാണെന്നായിരുന്നു വാജ്—പേയിയുടെ മറുപടി. എന്നാല്‍, നീ ഇനിയും ചത്തില്ലേയെന്നാണ് മോദി ചോദിച്ചതെന്നും സാകിയ ജഫ്‌രി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സഹായത്തിന് വന്നില്ല. ടീറ്റ സെറ്റില്‍വാദ് അടക്കമുള്ള എന്‍ജിഒകളാണ് തങ്ങളുടെ സഹായത്തിനെത്തിയത്.
കലാപത്തിന് ശേഷം ഗുജറാത്തിലെത്തിയ സോണിയാഗാന്ധി തങ്ങളെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല.
ജഫ്‌രി തോക്കെടുത്ത് വെടിവച്ചുവെന്നത് കള്ളമാണ്. പത്ത് വര്‍ഷമായി ഉപയോഗിക്കാത്ത തോക്കാണ് അവിടെയുണ്ടായിരുന്നത്. അഞ്ച് വര്‍ഷമായി ലൈസന്‍സ് പുതുക്കിയിരുന്നില്ല. ഇക്കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ തെളിയിച്ചതാണ്. അക്രമം നടക്കുന്നതിനിടെയെത്തിയ ഡിജിപി താന്‍ വാന്‍ കൊടുത്തയക്കാമെന്നും നിങ്ങള്‍ അതില്‍ കയറി രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍, രക്ഷപ്പെടുത്തുകയാണെങ്കില്‍ എല്ലാവരെയും രക്ഷപ്പെടുത്തണം, ആളുകളെ കലാപത്തിന് വിട്ടുകൊടുത്ത് എനിക്ക് രക്ഷപ്പെടേണ്ട എന്ന് ഡിജിപിയോട് മറുപടി പറയുകയാണ് ജഫ്‌രി ചെയ്തത്.
പണം തരാമെന്ന് പറഞ്ഞ് പണമെടുത്ത് കൊടുത്തപ്പോള്‍ കലാപകാരികളില്‍ പലരും പിരിഞ്ഞുപോയി. 3 മണിയോടെയായിരുന്നു അത്. എന്നാല്‍, പിന്നീട് 5മണിയോടെ അവര്‍ തിരികെയെത്തി വീടിന് തീകൊളുത്തുകയായിരുന്നു. ഞാന്‍ കാലിന് ശസത്രക്രിയ കഴിഞ്ഞതിനാല്‍ വീടിന് മുകളിലാണ് കിടന്നിരുന്നത്.
കുറച്ചു കഴിഞ്ഞപ്പോള്‍ പോലിസുകാരെത്തി ഇനിയും ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്ന ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങളാരും ഇങ്ങിനെയൊക്കെയായിട്ടും ചത്തില്ലേ എന്നാണ് അവര്‍ തിരിച്ചു ചോദിച്ചതെന്നും സാകിയ ജഫ്‌രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 440 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക