|    Apr 23 Mon, 2018 1:55 am
FLASH NEWS

സംഘപരിവാര ഭീഷണി: പടയണിക്കു കോളജുകളില്‍ വിലക്ക്

Published : 1st September 2016 | Posted By: SMR

കണ്ണൂര്‍: സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് പടയണി അവതരണത്തിനു കോളജുകളില്‍ വിലക്ക്. ഇരിട്ടി എംജി കോളജിലും കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലുമാണ് പടയണി അവതരണത്തിനു വിലക്കേര്‍പ്പെടുത്തിയത്. എംജി കോളജിലെ ഫോക്‌ലോര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പടയണി ക്ലാസും അവതരണവും നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ അറിയിപ്പും നല്‍കിയിരുന്നു.
ഫോക്‌ലോര്‍ അക്കാദമിയി ല്‍ രജിസ്ട്രര്‍ ചെയ്ത കോളജുകളില്‍ സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ഇത്തരം കലകളെ പരിചയപ്പെടുത്തി ക്ലാസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു പരിപാടി നിശ്ചയിച്ചിരുന്നത്. ഫോക്‌ലോര്‍ വൈസ് ചെയര്‍മാനും പ്രസിദ്ധ ഗായകനുമായ എരഞ്ഞോളി മൂസയെയാണ് പരിപാടിയുടെ  ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അനുഷ്ഠാന കലകള്‍ കാംപസില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ കോളജ് അധികൃതരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണില്‍ ഭീഷണി മുഴക്കിയ സംഘം
പടയണി അവതരിപ്പിച്ചാല്‍ കോളജിനു മുന്നില്‍ പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ എംജി കോളജ് മാനേജ്‌മെന്റ് തലേന്ന് പരിപാടി മാറ്റുകയായിരുന്നു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലും സമാന അവസ്ഥയാണുണ്ടായത്. ഇരു കോളജുകളിലും പരിപാടിയുടെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മാനേജ്‌മെന്റുകള്‍ പിന്‍മാറിയത്.
എന്നാല്‍, കോളജുകളില്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും പരിപാടി പൊതുവേദിയില്‍ അവതരിപ്പിക്കാനാണ് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ തീരുമാനം. നാട്ടുകാരുടെ സഹായത്തോടെ സപ്തംബര്‍ മാസം ഫോക്‌ലോര്‍ അക്കാദമി പൊതുവേദിയില്‍ പടയണി അവതരിപ്പിക്കുമെന്ന് കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ കെ നമ്പ്യാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പാഠ്യവിഷയങ്ങളുടെ ഭാഗമായി കാലങ്ങളായി പടയണി, മുടിയേറ്റ്, പൂരക്കളി തുടങ്ങിയവയെ കുറിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനായി കോളജുകളിലും കാംപസുകളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതാത് വിഭാഗത്തില്‍ പെട്ട കലാകാരന്‍മാര്‍ തന്നെയാണ് പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. ഇതിനെയാണ് സംഘപരിവാര സംഘടനകള്‍ ഭീഷണിപ്പെടുത്തി പിന്‍വലിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ, ആര്‍എസ്എസിനും കോളജ് മാനേജ്‌മെന്റിനുമെതിരേ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും രംഗത്തെത്തി.
ആര്‍എസ്എസിന്റെ കാംപസ് പോലിസിങ് അനുവദിക്കില്ലെന്നും കോളജ് മാനേജ്‌മെന്റുകള്‍ ആര്‍എസ്എസിനു വിടുപണി ചെയ്യുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും സംഘടനകള്‍ പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി നാളില്‍ ആര്‍എസ്എസിന്റെ ബാലസംഘടനയായ ബോലഗോകുലത്തിന്റെ ശോഭായാത്രയ്ക്കു ബദലായി സിപിഎം സാംസ്‌കാരിക ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ബക്കളത്ത് നടത്തിയ റാലിയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചെന്നാരോപിച്ച് ആര്‍എസ്എസ് സിപിഎമ്മിനെതിരേ രംഗത്തെത്തിയത് വിവാദമായിരുന്നു.
ആചാരസംരക്ഷണ സമിതിയെന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ച് സംഘപരിവാര്‍ ആഭിമുഖ്യള്ള ഹൈന്ദവാചാര്യന്‍മാരെയും ക്ഷേത്ര ഭാരവാഹികളെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ ആചാര സംരക്ഷണ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ, പടയണിക്കു വിലേര്‍പ്പെടുത്തിയതോടെ കോളജുകളിലും കാംപസുകളിലും സംരക്ഷണവലയം തീര്‍ത്ത് അവതരിപ്പിക്കാനും എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ആലോചിക്കുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളെ ഏറ്റെടുത്ത് ഹൈന്ദവവിശ്വാസികളെ തങ്ങളുടെ സഹയാത്രികരാക്കാമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് നേതൃത്വം. ഇതിനെ ഏതുവിധേനയും പ്രതിരോധിക്കാനാണ് ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകളുടെ തീരുമാനം.
പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി അറിയപ്പെടുന്ന അനുഷ്ഠാന കലയാണ് പടയണി. ഒരു ഗ്രാമത്തിലെ ജനങ്ങളെ വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കാനായാണ് പടയണി അവതരിപ്പിക്കുന്നതെന്നാണ് ഐതിഹ്യം. കവുങ്ങിന്‍പാളകളില്‍ നിര്‍മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍ക്കിടയില്‍ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ തുള്ളിയുറയുകയാണ് അവതരണരീതി. ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും കൊണ്ട് പാളയില്‍ വരഞ്ഞുണ്ടാക്കിയാണ് പടയണി അവതരിപ്പിക്കാറുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss