|    Oct 16 Tue, 2018 11:54 pm
FLASH NEWS

സംഘപരിവാര ഫാഷിസ ബദല്‍: വേങ്ങരയിലെ ചൂടേറിയ തിരഞ്ഞെടുപ്പ് വിഷയം

Published : 21st September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയരുന്നത് സംഘപരിവാര ഫാഷിസ ബദല്‍. ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ ആര്‍ക്കാണാവുക എന്നതാണ് അടുത്ത ദിവസം മുതല്‍ പ്രചരണ രംഗത്ത് പ്രധാനമാകാന്‍ പോകുന്ന വിഷയം. ഇക്കാര്യത്തിലുള്ള അവകാശ വാദങ്ങളാണ് ഇരു മുന്നണികളും നവ രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിക്കാന്‍ പോവുന്നത്. തങ്ങള്‍ക്കു മാത്രമെ ഫാസിസത്തിനു ബദലാവാന്‍ കഴിയുവെന്നാണ് എല്‍ഡിഎഫും യുഡിഎഫും വീറോടെ വാദിക്കാന്‍ പോവുന്നത്. എന്നാല്‍ ഇരു മുന്നണികളും ഫാസിസവുമായി രഹസ്യ ബന്ധമുള്ളവരാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവരുടെ എതിര്‍പ്പെന്നുമാണ് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള നവ സാമൂഹിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വാദം. സംഘപരിവാര ഫാസിസം യാഥാര്‍ഥ്യമായിരിക്കെ അതിനെ ചെറുത്തു തോല്‍പിക്കുന്നവര്‍ക്കായിരിക്കും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വേങ്ങരയിലെ വോട്ട് എന്നതു തീര്‍ച്ചയാണ്. പ്രചരണത്തിലും കുടുംബ യോഗങ്ങളിലും ഫാസിസത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന വാദമുയര്‍ത്താനാണ് ഇരുമുന്നണികളും തീരുമാനിച്ചിട്ടുള്ളത്. ഇതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഇരു വിഭാഗങ്ങളും ആവിഷ്‌കരിക്കുന്നത്. യുഡിഎഫ് പിണറായി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികളും ഹിന്ദു ഫാസിസ അനുകൂല നിലപാടുകളുമായിരിക്കും പ്രധാനമായും ഉയര്‍ത്തുക. കെ പി ശശികലക്കും ഗോപാലകൃഷ്ണനുമെതിരെ യുഎപിഎ ചുമത്താതിരുന്നതും ശംസുദ്ദീന്‍ പാലത്തിനും എം എം അക്ബറിനും പീസ് സ്‌കൂളിനുമെതിരെ കടുത്ത നിലപാടുകള്‍ എടുത്തതും റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍, കൊലക്കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കോടതികളില്‍ മൃദുല സമീപനം സ്വീകരിച്ചതും പ്രചാരണായുധമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസുകാര്‍ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആര്‍എസ്എസിന് വടി കൊടുക്കരുതെന്ന രൂപത്തില്‍ നടത്തിയ പ്രസംഗവും വേദികളില്‍ ഉന്നയിക്കപ്പെടും. ഗെയില്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന നാട്ടുകാരെ ഒന്നടങ്കം തീവ്രവാദികളെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍ കുറ്റപ്പെടുത്തിയതും ലീഗ് പൊതുയോഗങ്ങളില്‍ ഉന്നയിക്കും. ഇടതുപക്ഷമാവട്ടെ കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതും ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടിയതുമായിരിക്കും പ്രധാനമായും ഉന്നയിക്കുക. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ നവ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരു മുന്നണികളും ഒളിഞ്ഞും തെളിഞ്ഞും ഹിന്ദു ഫാസിസത്തോടൊപ്പം എല്ലാ കാലത്തും നിലകൊണ്ടവരാണെന്ന് പ്രചരിപ്പിക്കും. ലാലുപ്രസാദ് യാദവ് പാറ്റ്‌നയില്‍ വിളിച്ചു ചേര്‍ത്ത ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്ന സിപിഎമ്മിന്റേയും ലീഗിന്റേയും നിലപാടിനെയും ഈ പാര്‍ട്ടികള്‍ വിമര്‍ശിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss