|    Oct 17 Wed, 2018 7:12 pm
FLASH NEWS
Home   >  Kerala   >  

സംഘപരിവാര ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ മതനിരപേക്ഷ സഖ്യം അനിവാര്യം: സുധാകര്‍ റെഡ്ഡി

Published : 23rd September 2017 | Posted By: shadina sdna

തിരുവനന്തപുരം: ബിജെപി-സംഘപരിവാര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേ മതനിരപേക്ഷത ഉയര്‍ത്തുന്ന പാര്‍ട്ടികളും ബഹുജന സംഘടനകളും ചേര്‍ന്നുള്ള വിശാല പ്രതിപക്ഷ ഐക്യനിര ഉയര്‍ന്നുവരണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പ്രതിപക്ഷമാവുന്ന വിധത്തില്‍ രാജ്യത്താകമാനം പ്രാതിനിധ്യമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ബിജെപിയെ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് ഇപ്പോഴില്ല. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുണ്ടെങ്കിലും ഇടതുപക്ഷത്തിനും ഒറ്റയ്ക്ക് ബിജെപിയുടെ ഫാഷിസ്റ്റ് നയങ്ങളെ എതിര്‍ക്കാനും കഴിയില്ല. ഇവിടെയാണ് മതേതര-ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യനിരയുടെ പ്രസക്തിയെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ള രാഷ്ട്രീയ സഖ്യമായി ഇതിനെ കാണുന്നില്ല. ഇത്തരമൊരു സഖ്യം വളര്‍ത്തിയെടുക്കുന്നതില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.
23ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാല ഐക്യനിര സംബന്ധിച്ച രാഷ്ട്രീയ നയത്തിനു രൂപം നല്‍കും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നണി രൂപീകരണമെന്ന നിലയ്ക്കല്ല, എന്‍ഡിഎ സര്‍ക്കാരിന്റെ വര്‍ഗീയ-ജനദ്രോഹ നടപടികള്‍ക്കെതിരായ പ്രതിരോധനിരയ്ക്ക് രൂപം നല്‍കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കേന്ദ്ര ഭരണകൂടം ഭീഷണിയുയര്‍ത്തുകയാണ്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ക്രമസമാധാനപ്രശ്‌നം മാത്രമല്ല, വര്‍ഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമമാണ്. ബിജെപിക്കെതിരായ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കണം.
അഴിമതിവിരുദ്ധ പാര്‍ട്ടിയാണെന്ന ബിജെപിയുടെ അവകാശവാദം കള്ളമാണ്. ബിജെപിയുടെ വക്താക്കളായി മാറാത്ത മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ സംഘപരിവാര സംഘടനയായ സനാതന്‍ സന്‍സ്ഥ തന്നെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കൊന്നത്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രധാനമന്ത്രിക്കോ ബിജെപി നേതാക്കള്‍ക്കോ ഇക്കാര്യത്തില്‍ ഒരു മിണ്ടാട്ടവുമില്ല.
കേരളത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ എല്‍ഡിഎഫാണ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത്. ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കണമെന്നതാണ് സിപിഐയുടെ നിലപാടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss