|    Feb 26 Sun, 2017 8:57 am
FLASH NEWS

സംഘപരിവാര നേതാവിനെ രക്ഷിക്കാനുള്ള പോലിസ് നീക്കം പൊളിഞ്ഞു

Published : 21st October 2016 | Posted By: SMR

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കാന്‍ കൂട്ടു നില്‍ക്കുകയും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിക്കുകയും ചെയ്ത സംഘപരിവാര നേതാവിനെ രക്ഷിക്കാന്‍ പോലിസിലെ ചിലര്‍ നടത്തിയ ശ്രമം വിവാദമാവുന്നു. ഹിന്ദു ഐക്യ വേദി മലപ്പുറം ജില്ലാ സെക്രട്ടറിയും പ്രമുഖ ആര്‍എസ്എസ് നേതാവുമായ കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ എറിയാട്ട് വീട്ടില്‍ ചീറോളി ചന്ദ്രനെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് പ്രതിഷേധത്തിനിടയാക്കിയത്.
മേലാറ്റൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കുകയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത കേസിലാണ് മലപ്പുറം പാണ്ടിക്കാട് പോലിസ് കഴിഞ്ഞ 18ാം തിയ്യതി പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍) നിയമപ്രകാരം ചന്ദ്രനെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വൈശാഖ് എന്ന യുവാവിനെയും നേരത്തേ പോലിസ് കോഴിക്കോടുനിന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യം നേടി പുറത്താണ്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡനം തുടരുന്നതിനിടെ പെണ്‍കുട്ടി വീട്ടുകാരെ കാണണമെന്ന് വാശിപിടിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നവത്രേ. ഗൂഡല്ലൂരില്‍ താമസിപ്പിച്ചത് ചന്ദ്രനായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലിസില്‍ നല്‍കിയ മൊഴി.
ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മത പരിവര്‍ത്തനത്തിനു വിധേയമാക്കിയ നിരവധി പെണ്‍കുട്ടികളെ താമസിപ്പിച്ച കൊണ്ടോട്ടിക്കടുത്ത ഒരു കേന്ദ്രത്തെക്കുറിച്ച് ഇയാളില്‍ നിന്നാണ് പോലിസിന് വിവരം ലഭിച്ചത്. ഇവിടെ നിന്ന് പ്രതി ചന്ദ്രനെ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണു പാണ്ടിക്കാട് സിഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കേസില്‍ നിന്ന് ഊരിയെടുക്കാനും സംഭവം പുറം ലോകമറിയാതിരിക്കാനുമുള്ള ശ്രമം നടന്നു.
വിവരം തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് 2015ലെ കേസില്‍ നിങ്ങള്‍ക്കെന്താണിത്ര കാര്യമെന്നാണ് പോലിസ് ചോദിച്ചത്. കേസിനെക്കുറിച്ചും പ്രതിയെക്കുറിച്ചും വ്യക്തമായ വിവരം നല്‍കാതിരിക്കാനും ഒരുവിഭാഗം ശ്രമിച്ചു. അറസ്റ്റ് നടന്ന പുലര്‍ച്ചെമുതല്‍ തന്നെ സംഘപരിവാര പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ച മാധ്യമപ്രവര്‍ത്തകരോടും പ്രാദേശിക ചാനല്‍ ലേഖകരോടും ഇത് വാര്‍ത്തയാക്കാന്‍ ഒന്നുമില്ല, ചെറിയ കേസാണ് എന്നായിരുന്നു മറുപടി.
പ്രതിയെ രക്ഷിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തരുടെ ഇടപെടലില്‍ തേജസ്, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വാര്‍ത്ത വന്നതോടെയാണ് പോലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതമായത്. പുലര്‍ച്ചെ പിടികൂടിയിരുന്നെങ്കിലും വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക