|    Dec 12 Wed, 2018 8:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംഘപരിവാര ഗൂഢാലോചന

Published : 5th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സൈനയില്‍ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പോലിസുകാരനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സംഘപരിവാര ഗൂഢാലോചനയെന്ന് തെളിയുന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രധാന പ്രതി യോഗേഷ് രാജ് ഇപ്പോഴും ഒളിവിലാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാര്‍ പറഞ്ഞു. ബജ്‌രംഗ്ദളിന്റെ പ്രാദേശികനേതാവാണ് യോഗേഷ് രാജ്. 90 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതില്‍ 27 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രതികള്‍ ബജ്‌രംഗ്ദള്‍, വിഎച്ച്പി, മുഖ്യമന്ത്രി ആദിത്യനാഥ് രൂപംകൊടുത്ത ഹിന്ദു യുവവാഹിനി എന്നിവയുടെ പ്രവര്‍ത്തകരാണ്.
ദാദ്രിയില്‍ പശുവിന്റെ പേരില്‍ അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങിനെ കഴിഞ്ഞദിവസമാണ് ഹിന്ദുത്വര്‍ കല്ലെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തിയത്. കല്ലേറില്‍ പരിക്കേറ്റ സുബോധ് കുമാറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകവെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലിസ് ഇന്‍സ്‌പെക്ടറെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്. സംഭവത്തില്‍ ആര്‍എസ്എസ് ഗൂഢാലോചനയുണ്ടെന്ന് യുപിയിലെ മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സുബോധിന്റെ തലയ്ക്കു വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. 0.32 എംഎം ബാരല്‍ വെടിയുണ്ടയാണ് കണ്ടെടുത്തിട്ടുള്ളത്. എഫ്‌ഐആറില്‍ കൊലപാതകം, കലാപം, അക്രമം, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശുവിനെ അറുത്തുവെന്ന ആരോപണത്തില്‍ നടപടിയെടുക്കാമെന്നും പിരിഞ്ഞുപോകണമെന്നും സുബോധ് ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടം അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ലൈസന്‍സില്ലാത്ത തോക്കുകളുമായാണ് ആളുകള്‍ സംഘടിച്ചതെന്നും അതിലൊരു തോക്കുപയോഗിച്ചാണ് സുബോധിനു നേരെ നിറയൊഴിച്ചതെന്നും എഫ്‌ഐആര്‍ പറയുന്നു. സുബോധ് കുമാറിന്റെ സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.
അതേസമയം, സുബോധിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. പോലിസ് എന്തുകൊണ്ട് സുബോധിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന കാര്യവും പ്രത്യേക സംഘം അന്വേഷിക്കും. സുബോധ് കുമാറിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. അതേ സമയം, സുബോധ് കൊല്ലപ്പെട്ടതിനു പിന്നില്‍ പോലിസിന്റെ ഗൂഢാലോചനയുണ്ടെന്നും തങ്ങള്‍ക്ക് പണം വേണ്ടെന്നും സുബോധിന്റെ സഹോദരി പറഞ്ഞു.
സംഭവത്തില്‍ പ്രതിപക്ഷം ഇന്നലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. രാഷ്ട്രീയനേട്ടത്തിനായി ബിജെപി സൃഷ്ടിച്ച ക്രിമിനല്‍ ആള്‍ക്കൂട്ടമാണ് ഇപ്പോള്‍ അവരുടെ ഭരണകാലത്ത് തന്നെ അക്രമം നടത്തുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് അതിന്റെ ഏറ്റവും നിര്‍ഭാഗ്യകരമായ കാലത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അഖ്‌ലാഖ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള അക്രമങ്ങളാണ് നടക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss