|    Nov 13 Tue, 2018 7:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സംഘപരിവാര ഗൂഢാലോചന പരാജയപ്പെടുത്തി മുസ്‌ലിംകള്‍

Published : 3rd July 2018 | Posted By: kasim kzm

ഭോപാല്‍: ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളി അംഗമായ സമുദായത്തെ മുഴുവന്‍ കുരിശിലേറ്റാനുള്ള സംഘപരിവാര ശ്രമത്തെ നിര്‍വീര്യമാക്കി നാട്ടുകാര്‍. എട്ടു വയസ്സുകാരി ബലാല്‍സംഗത്തിനിരയായത് രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് വിവേകപൂര്‍ണമായ ഇടപെടലുകളിലൂടെ മുസ്‌ലിംകള്‍ തടഞ്ഞുനിര്‍ത്തിയത്.
മന്ദ്‌സോര്‍ സംഭവം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ജൂണ്‍ 21ന് ഗ്വാളിയോറില്‍ ആറു വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സിസിടിവി ഫൂട്ടേജിന്റെ സഹായത്തോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ജിതേന്ദ്ര കുശ്വ എന്ന ജിത്തുവായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്. ബിജെപിയോ സംഘപരിവാര നേതാക്കളോ ഇതിനെതിരേ യാതൊരു പ്രതികരണവും നടത്തിയില്ല. ജൂണ്‍ 26ന് സമാനമായ ക്രൂരതയായിരുന്നു മന്ദ്‌സോറില്‍ നടന്നത്. എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കഴുത്തറുക്കുകയായിരുന്നു. കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 20കാരനായ ഇര്‍ഫാനെ അറസ്റ്റ് ചെയ്തു. ഒട്ടും വൈകാതെ തന്നെ ഈ സംഭവത്തെ വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമവുമായി സംഘപരിവാരം രംഗത്തെത്തുകയായിരുന്നു. എന്നാല്‍, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ തന്ത്രം മനസ്സിലാക്കിയ നാട്ടുകാരായ മുസ്‌ലിംകള്‍ സംഭവത്തെ ശക്തമായി അപലപിച്ചു എന്നു മാത്രമല്ല സാമൂഹികമായ ശിക്ഷാ നടപടികളുമായി രംഗത്തെത്തുകയും ചെയ്തു. ഇര്‍ഫാന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ തെരുവിലിറങ്ങി. പ്രതിയെ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു.
കേസില്‍ അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകള്‍ ജില്ലാ അധികാരികള്‍ക്ക് നിവേദനവും നല്‍കി. ഈ വര്‍ഷം ഏപ്രിലില്‍ കഠ്‌വയില്‍ ബാലിക കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ അഭിഭാഷകരും രാഷ്ട്രീയ നേതാക്കളും പ്രദേശവാസികളും ചെയ്തതിന്റെ നേരെ വിപരീതമായിരുന്നു മന്ദ്‌സോറില്‍ സംഭവിച്ചത്.
കഠ്‌വയില്‍ എട്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോടതിയെയും പോലിസിനെയും നിയമവാഴ്ച ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനു പകരം പ്രതികള്‍ക്ക് പിന്തുണയുമായി എത്തുകയായിരുന്നു സംഘപരിവാര പ്രവര്‍ത്തകര്‍. പ്രാദേശിക അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നു പോലിസിനെ തടയാനും ശ്രമിച്ചു. ഒടുവില്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ സുപ്രിംകോടതിക്ക് ഉത്തരവിടേണ്ടി വന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss