|    Jan 21 Sat, 2017 6:47 pm
FLASH NEWS

സംഘപരിവാര കാലത്തെ ആചാരാനുഷ്ഠാനങ്ങള്‍

Published : 10th March 2016 | Posted By: sdq

അശ്‌റഫ് ശ്രമദാനി

Ghalib

അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയും മകന്‍ ഗാലിബും

വേണ്ടുകയാല്‍ വേഗത്തില്‍ വിധവയാകേണ്ടിവന്ന ഒരു പഞ്ചാബി വനിതയുടെ മാനസിക സംഘര്‍ഷങ്ങളുടെ ഉപോല്‍പ്പന്നമാണ്, ഭാരതീയ മൃഗ സ്‌നേഹസങ്കല്‍പ്പത്തിന് ആനുകാലിക ഭാവം നല്‍കിയത്. ഈ മൃഗ പ്രേമ പരികല്‍പ്പന നമുക്ക് ധാരാളം പട്ടികളേയും പേപ്പട്ടികളേയും നല്‍കി. തെരുവില്‍ നായ്ക്കളുടെ വേളിക്കാലം സമൃദ്ധമായ ദൃശ്യാനുഭവമായി മാറി. രക്ഷപ്പെടാന്‍ വേണ്ടുകയില്ലാത്ത പേപ്പട്ടി കടിച്ച മനുഷ്യ ഇരകള്‍ തേങ്ങലോടെ മോങ്ങലോടെ ഒടുങ്ങുന്നു. എത്രയെത്ര കുക്കുടങ്ങളെ, എത്രയെത്ര കുഞ്ഞാടുകളെ പട്ടികൊന്നു പട്ടിതിന്നു. ‘ഇതു മനുഷ്യനല്ലേ സാരമില്ല കാര്യമില്ല’ എന്ന് നമ്മള്‍ തന്നെ വിഷയം ഉപസംഹരിക്കുന്നു. ഫാഷിസത്തിന്റെ സമാനമായ/അസാമാന്യമായ കടിയേറ്റു മരിക്കുന്ന മനുഷ്യന്റെ കാര്യത്തിലും ഇതേ നിലപാട് തന്നെ നാം അനുവര്‍ത്തിക്കുന്നു. നയത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അറിഞ്ഞുകൊണ്ട് തന്നെ അടിമപ്പെടുന്ന വിഡ്ഡിത്തത്തെക്കുറിച്ച്.തമിഴ് നാട്ടിലെ പുകള്‍ പെറ്റ ക്രൂര സാഹസിക വിനോദമായ ജെല്ലിക്കെട്ടിന്, മുന്‍ സുപ്രിംകോടതി ഉത്തരവിനെ മറികടന്നു കൊണ്ട് കേന്ദ്രാനുമതി വന്നപ്പോള്‍, ഈ വിനോദത്തിനിടയില്‍ ചോരചിന്തി വീഴാനിടവരുന്ന മനുഷ്യന് സ്ഥാനമുണ്ടായിരുന്നില്ല. ജെല്ലിക്കെട്ടിനുപയോഗിക്കുന്ന മൃഗങ്ങളുടെ ആരോഗ്യം, സുരക്ഷ, പാലിക്കേണ്ട നയങ്ങള്‍ തുടങ്ങിയവയായിരുന്നു നിബന്ധനയില്‍. മൃഗങ്ങളുടെ പട്ടികയില്‍ നിന്നും കാളകളെ നീക്കം ചെയ്തുകൊണ്ടുള്ള ജല്ലിക്കെട്ടിനാണ് കേന്ദ്രാനുമതിയില്‍ കളമൊരുക്കിയിരുന്നത്. കാള, വിശുദ്ധ പശുവിന്റെ പിതാവും, പുത്രനും, ഭര്‍ത്താവും, ആങ്ങളയും അങ്കിളുമൊക്കെയാണല്ലോ? ജല്ലിക്കെട്ടിന് വീണ്ടും പരമാധികാരക്കോടതി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പ്രതിഷേധിച്ചു ജീവനൊടുക്കിയവര്‍ മനുഷ്യ പുത്രന്മാര്‍ തന്നെ. കടല്‍ക്കൊലയിലും വെടിയേറ്റു മരിച്ചത് മീനല്ല. നമ്മുടെ  പൈതൃകവും അനുഷ്ഠാനവും ചര്യയുമായ ജാതിവിവേചനത്തിന്റെ ഇരകളായി ‘സ്വാഭാവിക’ മരണമടയുന്നതും സ്വമേധയാ മരണം വരിക്കുന്നതും മനുഷ്യര്‍ തന്നെ. മനുസ്മൃതിയുടെ തിട്ടൂരവും ഫാഷിസത്തിന്റെ ആക്ഷന്‍ പ്ലാനും (കര്‍മ്മപദ്ധതി) അവര്‍ണ്ണരായ ഈ ഇരകള്‍ക്കെല്ലാം ‘വര്‍ണ്ണം’ പൂശുന്നു.ഇരകളുടെ ശ്രാദ്ധംആഘോഷിക്കപ്പെടാത്ത ആണ്ടറുതികളാണ് ഇന്ത്യക്കാരായ നമുക്ക് നിത്യവും.

galibs

ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആശാസ്ത്രിയത മൂലം ഫെബ്രുവരി 29ന് മാത്രം മൂന്നാണ്ടുകള്‍ തുടര്‍ച്ചയായി ശ്രാദ്ധം മുടങ്ങിപ്പോകുന്നു. പക്ഷേ, ഫെബ്രുവരി ഒമ്പതിന് മുടക്കമില്ല. നീതിബോധവും മനസ്സാക്ഷിയുമുള്ള ഇന്ത്യയിലെ നിയമ വിശാരദന്മാര്‍ വേദന തിങ്ങിയ അപമാന ഭാരത്തോടെ അടയാളപ്പെടുത്തിയ ഒരു വധശിക്ഷ അന്നായിരുന്നു. പാര്‍ല്ലമെന്റ് ആക്രമണത്തിലെ അഫ്‌സല്‍ ഗുരുവിന്റെ വധം. ജനുവരിയുടെ ഓര്‍മ്മയില്‍ തൃശൂരിലും അഫ്‌സല്‍ ഗുരുവുണ്ട്. ചന്ദ്രബോസ് വധക്കേസില്‍   നിസാമിനെതിരേ വിധി പറയുമ്പോള്‍, പാര്‍ലമെന്റാക്രമണം പരാമര്‍ശിക്കപ്പെട്ടതിന്റെ പൊരുള്‍ ഇനിയും പിടികിട്ടാതെ കിടക്കുന്നു. പ്രതി ശ്രാദ്ധം. രോഹിത് വെമൂല അഫ്‌സലിന് വേണ്ടി പറഞ്ഞ ന്യായമല്ല, നീതിയായിരുന്നില്ല ഇപ്പറഞ്ഞ പ്രാദേശിക വിധി ന്യായത്തിലേതെന്ന് മാത്രം എല്ലാവര്‍ക്കും മനസ്സിലായി. ഒരു ക്രിമിനല്‍ നമുക്കാരുമല്ലെങ്കിലും കൃമികടിക്കുന്ന വിധം. ജനുവരിയുടെ മറ്റൊരോര്‍മ്മയും പാരിതോഷികവുമായി, ജമ്മു കാശ്മീര്‍ സ്‌ക്കൂള്‍ പരീക്ഷാ ബോര്‍ഡിന്റെ എ ഗ്രേഡും 95 ശതമാനം മാര്‍ക്കുമായി അഫ്‌സലിന്റെ മകന്‍ ഗാലിബ് ഗുരു പ്രത്യക്ഷപ്പെടുമ്പോള്‍, പിതാവിന്റെ ചരമവാര്‍ഷികത്തിനെങ്കിലും സന്ദര്‍ശിച്ച് സായൂജ്യമടയാന്‍ ഒരു ഖബറിടം പോലുമില്ല. പക്ഷെ നാല് വര്‍ഷം മുമ്പ് തീഹാര്‍ ജയിലില്‍ വെച്ച് അവസാനമായി കണ്ടപ്പോള്‍ ബാപ്പ സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രതിയും ഒരു സയന്‍സ് പുസ്തകവും അവന്റെ കയ്യിലുണ്ട്. ഭഗ്നാശനായ ആ പയ്യനെ ശാക്തീകരിക്കാന്‍ അത് മതിയാകും. ഗുരു കുടുംബത്തോടുള്ള നീതിനിഷേധം മേമന്‍ കുടുംബത്തിന് യാക്കൂബിന്റെ തൂക്കിലേറ്റപ്പെട്ട മയ്യത്തെങ്കിലും ലഭ്യമാക്കി. സ്വന്തക്കാര്‍ക്ക് സംസ്‌ക്കരിക്കാന്‍ ജഡങ്ങള്‍ കിട്ടുകയെന്നത് ഒരു ജനാധിപത്യ ഭരണക്രമത്തില്‍ നിസ്സാരമായ കാര്യമല്ല. മയ്യിത്തുകള്‍ കിട്ടിക്കൊണ്ടിരിക്കും.ലിംഗനിര്‍ണ്ണയവുംജാതി നിര്‍വചനവുംദൈവം ഇഷ്ടപ്പെട്ടില്ലങ്കില്‍ പോലും തന്നെയിട്ടു പന്താടാന്‍ അധികാരിദൈവങ്ങള്‍ക്ക് നല്‍കില്ലെന്ന് ഒരു വേള രോഹിത് ചിന്തിച്ചു കാണുമോ? കേന്ദ്രമന്ത്രി സുഷമ, രോഹിത് ദലിതനല്ലെന്ന സംശയമുണര്‍ത്തുമ്പോള്‍ അങ്ങിനെയേ തോന്നുകയുള്ളൂ. ഒരു സ്‌കാനിംഗ് യന്ത്രത്തിന്റെ സഹായമില്ലാതെ തന്നെ അവര്‍ണ്ണന്റെ ജാതി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞതാണ്. അവന്റെ വിധിയും അങ്ങിനെത്തന്നെ. ഒരു ചഗ്ലയും ഒരു സക്കീര്‍ ഹുസൈനും ഒരു കലാമുമൊക്കെ മുസ്്‌ലിംകള്‍ക്ക് കിട്ടിയപോലെ ദലിതര്‍ക്കും കിട്ടും ചിലരെ. മതിയല്ലോ ഇനിയെന്ത് വേണ്ടൂ? പക്ഷെ, ലിംഗനിര്‍ണ്ണയത്തിനുള്ള യന്ത്ര/യന്ത്രേതര സംവിധാനത്തിലൂടെ ഏര്‍പ്പെട്ടവര്‍ക്ക് കിട്ടുന്ന ‘അര്‍ത്ഥം’ പോലാകില്ല അത്. പശു സ്‌നേഹത്തില്‍ നിന്നും ശിശുക്ഷേമത്തിലേക്കുള്ള മന്ത്രി മേനകയുടെ പ്രയാണം എത്രമാത്രം ഉദാത്തം, വികസനോന്മുഖം! ത്രേതായുഗത്തില്‍ നമ്മള്‍ സ്‌കാനിംഗ് യന്ത്രം ഉപയോഗിച്ചിരുന്നുവെന്ന് തെളിവ് ചമയ്ക്കാന്‍ കഴിവുള്ള ചരിത്രകാരന്മാര്‍ നമുക്കുള്ളപ്പോള്‍ ഇതൊന്നും വിഷയമേയല്ല. ശിശുവിനോടും പശുവിനോടും ഇങ്ങിനെ പ്രേമാധിക്യം പുലര്‍ത്തുമ്പോഴും, വഴിപാട് ചെയ്യപ്പെടുന്ന മാടുകളെ മൃഗീയമായി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഇറച്ചി പാക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്ന കോര്‍പ്പറേറ്റ് മീറ്റ് വ്യാപാരികള്‍ സംഘപരിവാര സാരഥികളുടെ പ്രണയം പിടിച്ചു പറ്റുന്നു. മനുഷ്യരോട് ചിലയിനം മനുഷ്യര്‍ കാണിക്കുന്ന അതിനിഷ്ഠൂരമായ ക്രൂരത ശിലായുഗ മനുഷ്യരെപ്പോലും കവച്ചു വയ്ക്കുന്നതാണ്. അഹിംസാപാലനത്തിന്റെ ഭാഗമായി ആണ്‍പട്ടികളെ വന്ധ്യം കരിക്കുക മാത്രം ചെയ്യുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ സുരക്ഷക്കായി ലിംഗനിര്‍ണ്ണയം നടത്തുന്നതും തമ്മില്‍ അവാച്യമായൊരു സാദൃശ്യമുണ്ട്. ഇങ്ങനെ സംഘപരിവാര കാലത്തെ പരിഷ്‌ക്കാരങ്ങളും ആചാരനുഷ്ഠാനങ്ങളും ആരിലും കൗതുക മുണര്‍ത്തുന്നതാണ്. ഈ കൗതുകത്തിന് രതിമൂര്‍ച്ച/ഒര്‍ഗാസം ഉണ്ടാക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനങ്ങളും ന്യായീകരണ ങ്ങളും പ്രതികരണങ്ങളുമാണ് ഏറെ രസകരം.അമിതമായ പ്രതീക്ഷകള്‍സിലബസിന്റെ കാവ്യവല്‍ക്കരണം, കേമ്പസുകളിലെ ജാതി വിവേചനം, അധികാര സ്ഥാനങ്ങളുടെ സവര്‍ണവല്‍ക്കരണം, മന്ത്രാലയങ്ങളുടെ അഴിമതി വല്‍ക്കരണം, നാലാം തൂണിന്റെ ‘കോടതിവല്‍ക്കരണം’ ചരിത്രത്തിന്റെ അപനിര്‍മ്മിതി വല്‍ക്കരണം ഇത്യാദി ഒത്തിരി സംഗതികള്‍ക്കെതിരെ പലതരം പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. അതില്‍ ഏറ്റവും തെളിച്ചത്തില്‍  അടയാളപ്പെടുത്തപ്പെടുന്നുണ്ട്. കലാകാരന്മാരുടെയും സാഹിത്യ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ ആദരണീയ വ്യക്തിത്വങ്ങളുടേയും പുരസ്‌ക്കാര തിരസ്‌ക്കാരങ്ങള്‍. ഏതു പീഠങ്ങളുടെ വിശിഷ്യാപരമാധികാര നീതിപീഠത്തിന്റെ പല വിധികളും പരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ആശ്വാസകരമാണ് ആശാവഹമാണ് സാന്ത്വനമാണ്. പക്ഷെ, പലതും അസ്ഥാനത്തുള്ള പ്രതീക്ഷകളായി ചില ഭരണഘടനാ പണ്ഡിതന്മാരും നിയമ വിശാരദന്മാരും വിലയിരുത്തുന്നുണ്ട്. ഒരു മുന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലറും ഭരണഘടനാ പണ്ഡിതനുമായ എം പി സിംഗിന്റെ ഒരുദ്ധരണി കാണുക: ‘ഭരണഘടനയില്‍, നിയമങ്ങളില്‍, കോടതികളിന്മേല്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നത് മിഥ്യാപ്രതീക്ഷകളാണ്്.’ സംയമനപൂര്‍ണ്ണമായ ഒരു നല്ല കോടതി വിധിയിന്മേലാണ് അദ്ദേഹത്തിന്റെ ഈ നിരീക്ഷണം. ജുഡീഷ്യറിയിന്മേല്‍ പരിധിവിട്ട പ്രതീക്ഷയര്‍പ്പിക്കുന്നതിന് പകരം നിയമനിര്‍മ്മാണാധികാരമുള്ളവരെ പഠിപ്പിക്കലാണ് സത്യത്തില്‍ ആക്റ്റിവിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നുമുണ്ട്. ജുഡീഷ്യറിയോടുള്ള ഒരനാദരവാകുന്നില്ല ഇത്.വിധിന്യായങ്ങള്‍ അപഗ്രഥിച്ച് പഠിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളുടെ നിരീക്ഷണങ്ങള്‍ ശരിവെയ്ക്കുന്ന പല വിധികളും ഇങ്ങിനെ കാണാം. സഫലമീയാത്ര എന്ന് പറയുംപോലെ ഫലപ്രദമീ വിധികള്‍ എന്ന് സധൈര്യം പറയാനാര്‍ക്കുമാകുന്നില്ല. വിധിക്കുന്നതിലെ കാലദൈര്‍ഘ്യം ഏറ്റവും വലിയ എന്നത്തേയും പ്രശ്‌നമായിരിക്കുന്നിടത്തോളം, നീതിയുക്തവും സംയമനപൂര്‍വ്വവുമായ വിധി തന്നെ എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട ആരോപിത കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടു തടവില്‍ കഴിയുന്നവര്‍ വിധിന്യായത്തിനും വിടുതലിനും ശേഷവും, സോ കോള്‍ഡ് ബ്രാന്‍ഡ് നെയ്മില്‍ തന്നെ അറിയപ്പെടുന്നു. സത്യത്തില്‍ അത്തരം കേസുകളിലോരോന്നിലും, കൃത്യമായ തെളിവുകളുടെ പിന്‍ബലമില്ലാതെ, ‘അപ്രഖ്യാപിത ക്ലീന്‍ ചീട്ട് ലഭിക്കുന്ന മുഖ്യഇരകളായ മുസ്്‌ലിംകളെ കുറിച്ചുള്ള പൊതു ബോധത്തിന് കാര്യമായ മാറ്റമൊന്നുമില്ല. ഇസ്്‌ലാമോഫോബിയ ഒരാഗോള പ്രതിഭാസമാണെങ്കില്‍ ഇക്കാര്യം ഒരിന്ത്യന്‍ പ്രതിഭാസമാണോ?’വിധേയരുടെപങ്കാളിത്തംസുരക്ഷാ ഭീകരത കൊണ്ടോ സ്ഥാനമാന മോഹം കൊണ്ടോ സ്വനിന്ദ/ അപകര്‍ഷതാ ബോധം കൊണ്ടോ ഈ അഭിശപ്തമായ പൊതു ബോധത്തിലേക്ക് മുസ്്‌ലിം സാമൂഹ്യ സംഭാവനയും ചെറുതല്ല. പച്ചമലയാളത്തില്‍ ഇതിനെ നല്ല പിള്ള ചമയുക എന്ന് തന്നെയേ പറയാനൊക്കൂ. അതില്‍ മുമ്പന്മാര്‍ സിനിമ സംഗീതം, സാഹിത്യം, കല ഇത്യാദി ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സെലിബ്രിറ്റികളാണ്. പ്രശസ്ത വ്യക്തികള്‍ പിന്നെ രാഷ്ട്രീയക്കാരും. ഒരു ചെറിയ ഉദാഹരണം പറയാം. കന്യാസ്ത്രീകളെ കണ്ടാല്‍ ഗൃഹാതുരപൂര്‍വ്വം ആസനം താനേ പൊന്തുന്ന ചില സെലിബ്രിറ്റികള്‍ക്ക് സ്ത്രീകള്‍ക്കുള്ള ഇസ്്‌ലാമിക ഡ്രസ്‌കോഡായ ഹിജാബും നിഖാബും കാണുമ്പോള്‍ ആയിരം നാക്കുള്ള ഓരോരോ വാക്കുകളാണ് ബഹിര്‍ഗമിക്കുക. പര്‍ദ്ദ ആചരിക്കുന്നവരെ മൃതദേഹമല്ലിത് മതദേഹം എന്നുപാടി അവര്‍ ആദരിക്കുന്നു. സ്വന്തം സ്വത്വ പ്രതിസന്ധി മനസ്സിലാക്കാതെ മുസ്‌ലിം ജനസാമാന്യം അഭിരമിക്കുന്നു. ഫഌക്‌സ് ബോര്‍ഡ് മത്സരത്തിലെങ്കിലും ഒരു ബഹുമതി ലഭിക്കേണ്ടതുണ്ടല്ലോ അവര്‍ക്ക്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,519 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക