|    Aug 19 Sat, 2017 1:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംഘപരിവാര ഇടപെടല്‍ : ഇറോം ശര്‍മിളയുടെ വിവാഹം അനിശ്ചിതത്വത്തില്‍

Published : 9th August 2017 | Posted By: fsq

പാലക്കാട്: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയുടെ വിവാഹം സംഘപരിവാര ഭീഷണിമൂലം അനിശ്ചിതത്വത്തിലായി. കഴിഞ്ഞ മാസം 12ന് ഇറോം ശര്‍മിളയും വര്‍ഷങ്ങളായി സൗഹൃദം പുലര്‍ത്തുന്ന അയ ര്‍ലന്റ്‌സ്വദേശിഡെസിമണ്ട് കുടിഞ്ഞോയും വിവാഹിതരാവാനായി കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംയുക്ത അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിനാണ് അപേക്ഷ നല്‍കിയിരുന്നത്. ഇക്കാര്യം ശര്‍മിള തന്നെയാണ് കൊടൈക്കനാല്‍ പ്രസ്‌ക്ലബ്ബിലെത്തി മാധ്യമങ്ങളെ അറിയിച്ചത്.  എന്നാല്‍, ക്രിസ്തുമതവിശ്വാസിയായ കുടിഞ്ഞോയെ വിവാഹം കഴിക്കുന്നുവെന്ന ശര്‍മിളയുടെ പ്രഖ്യാപനം സംഘപരിവാര സംഘടനകളെ ചൊടിപ്പിച്ചു. ഇറോം ശര്‍മിളയും കുടിഞ്ഞോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കരുതെന്നും അത്തരമൊരു വിവാഹം നടന്നാല്‍ കൊടൈക്കനാലിലെ സമാധാനാന്തരീക്ഷം തകരുമെന്നും കാണിച്ച് തമിഴ്‌നാട് ഹിന്ദുമക്കള്‍ കച്ചി സംസ്ഥാന പ്രസിഡന്റ് പി രവികുമാര്‍ കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ക്കും തമിഴ്‌നാട് ഡിജിപിക്കും പരാതി നല്‍കി. ശര്‍മിളയുടെ അപേക്ഷ രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നു നീക്കണമെന്നും രവികുമാര്‍ ആവശ്യപ്പെട്ടു. രവികുമാറിന്റെ പരാതിയില്‍ കൊടൈക്കനാല്‍ സബ് രജിസട്രാറോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഡിജിപി. കുടിഞ്ഞോയുടെ സാമ്പത്തികസ്രോതസ്സില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് സംഘപരിവാര സംഘടനകളുടെ ആവശ്യം. ഇറോം ശര്‍മിളയുടെ മണിപ്പൂര്‍ സമരം അട്ടിമറിച്ചത്് കുടിഞ്ഞോയാണെന്നും സംഘപരിവാരം ആരോപിക്കുന്നു. അതേസമയം, ഒരുമാസത്തെ നോട്ടീസിനു ശേഷം കൊടൈക്കനാലിലെ പെരുമാള്‍മലയ്ക്കടുത്ത ബോഡിജെന്റോ ചര്‍ച്ചില്‍ വിവാഹിതരാവുമെന്നും വിവാഹശേഷം അവിടെ സ്ഥിരതാമസമാക്കുമെന്നും ശര്‍മിള വ്യക്തമാക്കിയിരുന്നു. ശര്‍മിള കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയാല്‍ പ്രദേശത്തെ ക്രമസമാധാനം തകരുമെന്നാണ് സംഘപരിവാര സംഘടനകളുടെ പ്രചാരണം. ഇത്തരമൊരു സാഹചര്യത്തില്‍ വിവാഹിതരാവാനുള്ള അപേക്ഷ മറ്റേതെങ്കിലും രജിസ്ട്രാര്‍ ഓഫിസില്‍ സമര്‍പ്പിക്കാന്‍ ശര്‍മിളയോട് ആവശ്യപ്പെടാനാണ് രജിസ്ട്രാറുടെ തീരുമാനമെന്ന് അറിയുന്നു.  ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശസംഘടനകളും ശ്രമിച്ചെങ്കിലും ശര്‍മിളയെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കുടിഞ്ഞോ അനുവദിക്കുന്നില്ലെന്നാണ് കൊടൈക്കനാലില്‍ നിന്നു ലഭിച്ച വിവരം.  കേരളത്തില്‍ നിന്ന് ഇറോം ശര്‍മിളയുമായി അടുപ്പമുള്ളവരും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. കുടിഞ്ഞോ നാലുമാസം മുമ്പാണ് ഇന്ത്യയിലെത്തിയത്. എത്തിയ ഉടന്‍ ഇറോമിനെ കൊടൈക്കനാലിലെ വാടകവീട്ടിലെത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക