|    Jul 22 Sat, 2017 4:23 pm
FLASH NEWS
Home   >  Kerala   >  

സംഘപരിവാര്‍ കൊലപാതകങ്ങള്‍ക്ക് മറ്റു ജില്ലക്കാരെ ഉപയോഗിക്കുന്നു:പി ജയരാജന്‍

Published : 16th July 2017 | Posted By: mi.ptk

കണ്ണൂര്‍: സംഘപരിവാര്‍ സംഘടനകള്‍ കൊലപാതങ്ങള്‍ക്കും അക്രമത്തിനും മറ്റു ജില്ലക്കാരെ ഉപയോഗിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. പയ്യന്നൂരില്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ടയാള്‍ തിരുവനന്തപുരം സ്വദേശിയായ ആര്‍എസ്എസ് പ്രചാരകനായിരുന്നു. അതുപോലെ, ഫസല്‍ കേസില്‍ ആസൂത്രകന്‍ ഇരിങ്ങാലക്കുടക്കാരനായിരുന്നു. ഇത്തരത്തില്‍ രഹസ്യ ആസൂത്രകരാണ് വിവിധ പ്രദേശങ്ങളില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. സിപിഎം അക്രമം നടത്തുന്നുവെന്ന് പ്രചാരണം നടത്തി കേരളത്തിലുടനീളം സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
മറ്റു ജില്ലക്കാരായ പ്രചാരകരെ കൊലപാതകത്തിനും അക്രമത്തിനും നിയോഗിക്കുന്നത് സംഘപരിവാരശൈലിയാണ്. പയ്യന്നൂരില്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ടയാള്‍ തിരുവനന്തപുരം സ്വദേശിയായ ആര്‍.എസ് എസ് പ്രചാരകനാണെന്ന കാര്യം മറക്കേണ്ട. ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് ഇറക്കുമതിചെയ്യുന്ന ആര്‍.എസ്.എസ് പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഫസല്‍ കേസില്‍ ആസൂത്രകന്‍ ഇരിങ്ങാലക്കുടക്കാരന്‍ പ്രചാരകാണ്. രഹസ്യ ആസൂത്രകരാണ് വിവിധ പ്രദേശങ്ങളില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നത്. ഇതാണ് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപകടം. ഇക്കാര്യം മറച്ചുവച്ചാണ് ബിജെപി നേതാവിന്റെ പ്രചാരണം.

കഴിഞ്ഞ ദിവസം പയ്യന്നൂരിലും സംഘര്‍ഷത്തിന് തുടക്കമിട്ടത് സംഘപരിവാരമാണ്. ധനരാജ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന യുവാക്കളെ കക്കംപാറയില്‍ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ചാണ് അവിടെ ആര്‍എസ്എസുകാര്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്. എട്ടിക്കുളത്ത് 3 വീടുകളും, കക്കംപാറയില്‍ 4 വീടുകളും ആര്‍.എസ്.എസുകാര്‍ തകര്‍ത്തു. ഈ വീട്ടുകാര്‍ പിഞ്ചുകുട്ടികളുമായി കുന്നരു മേഖലയില്‍ മാറി താമസിച്ചിരിക്കുകയാണ്. അതിനാല്‍ പയ്യന്നൂരിലെ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് സംഘപരിവാരത്തെയാണ്. തുടര്‍ന്ന് പയ്യന്നൂര്‍ മേഖലയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു തരിപ്പണമാക്കി. ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും പോലെ ഏകപക്ഷീയമായ അക്രമണമാണ് ഇവിടെയും നടത്തിയത്.

സിപിഐ എം അക്രമം നടത്തുന്നുവെന്ന് പ്രചാരണം നടത്തി കേരളത്തിലുനീളം സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. അത്തരത്തില്‍ സിപിഐ എമ്മിനെ കീഴ്‌പെടുത്തി കേരളത്തെ കീഴ്‌പ്പെടുത്താനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് അവധികാലത്ത് വ്യക്തിത്വവികസനം എന്ന പേരില്‍ ആയുധ പരിശീലനമാണ് ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാ ശബിരങ്ങളില്‍ നല്‍കിയത്. ഇങ്ങനെ ആയുധപരിശീലനം നേടിയവരെ ഉപയോഗിച്ചാണ് വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസ്അക്രമം സംഘടിപ്പിക്കുന്നത്.

തലശ്ശേരി നായനാര്‍ റോഡില്‍ കഴിഞ്ഞ ജൂലൈ മൂന്നിന് പട്ടാപ്പകല്‍ സിപിഐ എം പ്രവര്‍ത്തകനായ ഒട്ടോറിക്ഷാ ഡ്രൈവര്‍ ശ്രീജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ വിവിധ പ്രദേശങ്ങളിലുള്ളവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ ആര്‍എസ്എസ് ക്രിമിനലുകള്‍ ഒത്തുചേര്‍ന്നാണ് ഇത്തരം കൊല്ലാകൊല നടത്തുന്നത്. ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തു നടപ്പാക്കുന്ന അക്രമങ്ങളാണിത് എന്നതിന്റെ കൃത്യമായ തെളിവാണിത്. ശ്രീജന്‍ വധശ്രമത്തിന് പിന്നിലുള്ള ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും ഗൂഢാലോചന കേസ് എടുക്കണം.

ഇത്തരം സംഘപരിവാര അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം.നാട്ടില്‍ സമാധാനം പുലരാനുള്ള ശ്രമങ്ങള്‍ സിപിഐ എം എന്തുവിലകൊടുത്തും തുടരുകതന്നെ ചെയ്യും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക