|    Apr 22 Sun, 2018 9:58 pm
FLASH NEWS
Home   >  News now   >  

സംഘപരിവാരത്തിന്റെ ആയുധ പരിശീലനം പുറത്താകുന്നത് അപകട മരണങ്ങളിലൂടെ

Published : 1st September 2016 | Posted By: Navas Ali kn

gun

സംസ്ഥാനത്ത് സംഘപരിവാര പ്രവര്‍ത്തകര്‍ ബോംബു നിര്‍മാണ കേന്ദ്രങ്ങളും ആയുധ പരിശീലനവും നടത്തുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നത് അവക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളിലൂടെ. ആഘോഷങ്ങളുടെ മറവില്‍ സംഘര്‍ഷമുണ്ടാക്കി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുക എന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലെ സംഘപരിവാരവും പിന്‍തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ശക്തമായ മതേതരമനസ്സു കാരണം അവയൊന്നും വിജയം കാണുന്നില്ല. എന്നാല്‍ അവസരങ്ങള്‍ക്കു കാതോര്‍ത്ത് സംഘപരിവാര സംഘടനകള്‍ സംസ്ഥാന വ്യാപകമായി വന്‍തോതില്‍ ആയുധശേഖരം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബോംബ് നിര്‍മാണത്തിനിടെ തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലുമായി സംഘപരിവാര പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും അവസാനമായി സംഭവിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകനായ തലശ്ശേരി കോട്ടയംപൊയില്‍ സ്വദേശി ദീക്ഷിതിന്റെ (23) മരണമാണ്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. ഇതിനു ശേഷം പോലിസ് നടത്തിയ റെയ്ഡില്‍ സ്‌ഫോടനം നടന്ന വീട്ടില്‍നിന്നും 6 വാളുകളും ഒരു കത്തിയും കണ്ടെടുത്തിരുന്നു. ബൈക്കില്‍ സ്‌ഫോടകവസ്തുവുമായി സഞ്ചരിക്കവേ ഉണ്ടായ സ്‌ഫോടനത്തില്‍ എ വി ദിലീപ് കുമാര്‍ (27) എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചത് ഇതിനു മുന്‍പാണ്. ഉഗ്ര സ്‌ഫോടനത്തില്‍ 50 മീറ്റര്‍വരെ ദൂരപരിധിയില്‍ വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചിരുന്നു.
2014 സപ്തംബറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിഖിലിനു ബോംബ് നിര്‍മാണത്തിനിടെ ഗുരുതരമായി പരിക്കേറ്റത്. കൂലേരി മട്ടന്നൂരില്‍ ഉച്ചസമയത്തു വീടിന്റെ വരാന്തയില്‍ ബോംബ് നിര്‍മാണം നടത്തവെയായിരുന്നു അപകടം. വീട്ടില്‍നിന്ന് ഉപയോഗിക്കാതെ കിടന്ന സ്‌ഫോടകവസ്തു ശേഖരം പിന്നീട് പോലിസ് കണ്ടെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു സംഭവം. 2014ല്‍ കാക്കനാട് കലക്ടറേറ്റിനു സമീപത്തെ ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പസേവാസംഘത്തിന് കീഴിലുള്ള ഓഫിസില്‍ സ്‌ഫോടനമുണ്ടായി. ഓഫിസിലുണ്ടായിരുന്ന ആര്‍എസ്എസ് നേതൃത്വം പരിക്കേറ്റവരെയും അവരെത്തിയ വാഹനവും ഉടന്‍തന്നെ മാറ്റുകയാണുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ മുസ്്‌ലിംകളാണെന്നാരോപിച്ച് ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആര്‍എസ്എസ്സിനെതിരേ തെളിവില്ലെന്ന കാരണത്താല്‍ പോലിസിന്റെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. സ്‌ഫോടനം നടന്ന അയ്യപ്പ സേവാസംഘം ഓഫീസിനു കേവലം 700 മീറ്റര്‍ അകലെയുള്ള എറണാകുളം കലക്ടറേറ്റിലും സമാന സ്‌ഫോടനമുണ്ടായെങ്കിലും അതും പോലിസിന് തെളിയിക്കാനായിട്ടില്ല. 2008 നവംബറില്‍ കൂത്തുപറമ്പില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ഉള്‍പ്പെടെ രണ്ടുപേര്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ആറു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിക്കു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളുമാണിവര്‍. 2012 ജൂലൈയില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ ആര്‍എസ്എസ് നേതാവ് ജോഷി റാമിന്റെ വീട് ബോംബ് നിര്‍മാണത്തിനിടെയാണ് തകര്‍ന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 50 സിംകാര്‍ഡുകള്‍, സ്‌ഫോടനവീര്യം കൂട്ടാനുള്ള ക്ലോറിന്‍ മിക്‌സ് എന്നിവ പോലിസ് കണ്ടെടുത്തിരുന്നു.
മട്ടന്നൂര്‍ ഉളിയില്‍ വാഹനപരിശോധനയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വാഹനത്തില്‍നിന്നു പോലിസ് വടിവാളുകള്‍ പിടികൂടിയിരുന്നു. ക്ഷേത്രവളപ്പിലെ ആയുധപരിശീലനത്തിനെതിരേ ഓംബുഡ്‌സ്മാന്റെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ട് അധികകാലമായിട്ടില്ല. 2016ല്‍ തൊടുപുഴയില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ചെങ്കര കയ്യാണിക്കല്‍ സുകുമാരന്റെ മകന്‍ വിഷ്ണു (16), 2015 ഒക്ടോബറില്‍ മലപ്പുറം പാലേമാട്ടിലെ ക്യാംപില്‍ എം സുരേഷ് കുമാര്‍ (42), എന്നിവര്‍ കൊല്ലപ്പെട്ടത് പരിശീലനത്തിനിടെയാണ്. 2015ല്‍ കൊല്ലം ശാസ്താംകോട്ട താലൂക്കിലെ ആര്‍എസ്എസ് പ്രചാരകനായിരുന്ന വടക്കാഞ്ചേരി സ്വദേശി കെ പുരുഷോത്തമന്‍ (58), ശാസ്താംകോട്ടയില്‍ മുന്‍ കാര്യവാഹ് രതീഷ്(35) എന്നിവര്‍ ആത്മഹത്യ ചെയ്തതിന് പിന്നിലെ ദുരൂഹതയും ചുരുളഴിയാതെ കിടക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss