|    Nov 18 Sun, 2018 8:49 am
FLASH NEWS
Home   >  Editpage  >  Editorial  >  

സംഘപരിവാരത്തിന്റെ പുതിയ പരീക്ഷണശാല

Published : 4th August 2018 | Posted By: kasim kzm

വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയം ഇന്നാട്ടില്‍ ആര്‍ക്കും പുത്തരിയല്ല. പതിറ്റാണ്ടുകളായി ഗുജറാത്ത് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു. 2002ലെ ഗുജറാത്ത് കലാപമാണ് രാജ്യമെങ്ങും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങള്‍ക്കു തിരികൊളുത്തിയത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിപദത്തില്‍ നിന്നു പ്രധാനമന്ത്രിപദത്തിലേക്കു കുതിച്ചെത്തിയതും ഈ പരീക്ഷണത്തിന്റെ വിജയകരമായ പരിസമാപ്തിയായിരുന്നു.
ഇപ്പോള്‍ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്കു പോവുന്ന വേളയില്‍ അസം വര്‍ഗീയതയുടെ പുതിയ പരീക്ഷണവേദിയായി മാറുകയാണ്. കഴിഞ്ഞയാഴ്ച അസമില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററില്‍ 40 ലക്ഷം പേരുടെ അപേക്ഷകളാണ് തള്ളിക്കളഞ്ഞത്. ബംഗാളി ഭാഷ സംസാരിക്കുന്നവരാണ് ഇങ്ങനെ തള്ളപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും.
ഇന്ത്യന്‍ ഭരണഘടന പൗരന്‍മാരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും സഞ്ചരിക്കാനും തൊഴില്‍ തേടാനും അനുവദിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇങ്ങനെ തങ്ങളുടെ സ്വന്തം സ്വദേശം വിട്ട് മറ്റു പ്രദേശങ്ങളിലെത്തി കുടുംബസമേതം താമസിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് അസമിലെത്തിയവരും അക്കൂട്ടത്തില്‍പ്പെടും. സ്വാഭാവികമായും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് ദശലക്ഷക്കണക്കിനു ബംഗാളികളുടെ പൗരത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥ പശ്ചിമബംഗാളില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അതു സ്വാഭാവികവുമാണ്.
ഈ സാഹചര്യത്തിലാണ് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ എട്ടംഗസംഘം വസ്തുതാന്വേഷണ പര്യടനത്തിന്റെ ഭാഗമായി അസമില്‍ എത്തിയത്. ആറു പാര്‍ലമെന്റംഗങ്ങളും ഒരു മന്ത്രിയടക്കം രണ്ട് ബംഗാള്‍ എംഎല്‍എമാരും അടങ്ങുന്ന സംഘത്തെ വളരെ ഹീനമായാണ് അസമിലെ സില്‍കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. പ്രദേശത്ത് 144 വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന കാരണം പറഞ്ഞ് അവരെ തടയുക മാത്രമല്ല, പ്രതിഷേധിച്ച ജനപ്രതിനിധികളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു പോലിസ് എന്നാണ് ആരോപണം. സില്‍കൂറില്‍ നിന്നു ഗുവാഹത്തി വരെ പോവാനിരുന്ന സംഘത്തെ തടയാനായി അവിടെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇത് അങ്ങേയറ്റം ഗര്‍ഹണീയമായ ഒരു അവസ്ഥാവിശേഷമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍, ജനങ്ങള്‍ക്കു നീതി നിഷേധിക്കപ്പെടുമ്പോള്‍ അവിടങ്ങളില്‍ ഓടിയെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും അതേ ഉത്തരവാദിത്തമാണ് ജനാധിപത്യസമൂഹത്തില്‍ നിറവേറ്റുന്നത്. അവരെ രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി തടയുന്നത് അഭികാമ്യമല്ല. രാജ്യത്ത് ഒരു സൂപ്പര്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ് എന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരാതിയില്‍ കാര്യമുണ്ട്. അത് കേന്ദ്രവും അസമും ഭരിക്കുന്ന കക്ഷിയെ സംബന്ധിച്ച് അഭിമാനകരമായ സ്ഥിതിവിശേഷമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss