|    Dec 19 Wed, 2018 7:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംഘപരിവാരത്തിനു താക്കീതായി ഡല്‍ഹിയില്‍ ടി എം കൃഷ്ണ പാടി

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സംഗീതപ്രേമികളായ ആയിരങ്ങളെ സാക്ഷിയാക്കി, സംഘപരിവാര ഭീഷണിയെ തൃണവല്‍ഗണിച്ച് കര്‍ണാട്ടിക് സംഗീതജ്ഞനായ ടി എം കൃഷ്ണ പാടി. രാമനും കൃഷ്ണനും റഹീമും യേശുവും എല്ലാവരെയും ഒരേ സ്വരത്തില്‍ ശ്രുതി മീട്ടിയായിരുന്നു കൃഷ്ണയുടെ ആദ്യ പാട്ട് തന്നെ. അര്‍ബന്‍ നക്‌സല്‍, രാജ്യദ്രോഹി എന്നീ സംഘപരിവാര പ്രചാരണങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ ശബ്ദമാധുരി കൊണ്ടായിരുന്നു കൃഷ്ണ മറുപടി നല്‍കിയത്.
സംഘപരിവാരം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഭീഷണിയെ തുടര്‍ന്ന് നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കിയ കൃഷ്ണയുടെ സംഗീത കച്ചേരി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് മുന്‍ നിശ്ചയിച്ച അതേ ദിവസം അരങ്ങേറിയത്. കലാ-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങിനു സാക്ഷിയാകാനെത്തി. കര്‍ണാടക സംഗീതത്തിനൊപ്പം നിലപാടിന്റെ സ്വരമാധുരി നിറഞ്ഞുനിന്ന സായാഹ്നമായിരുന്നു ഡല്‍ഹിയിലെ സാകേതില്‍ ഇന്നലെ നടന്നത്. ഈ പ്രതിരോധം ജാതി-മത-ഭാഷാ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് സംഗീതത്തെ കൊണ്ടുപോകാന്‍ തനിക്ക് പ്രചോദനമാകുമെന്ന് കൃഷ്ണ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സുഹൈല്‍ ഹാഷ്മി എന്നിവര്‍ കച്ചേരിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് ഇത്രയും ജനക്കൂട്ടം ഈ ചടങ്ങിനു സാക്ഷിയാകാനെത്തിയതെന്ന് കച്ചേരി ഉദ്ഘാടനം ചെയ്ത് സംസാരിച്ച അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ ഇന്ത്യ ഞങ്ങളുടേതാണെന്ന മഹത്തായ പ്രസ്താവനയാണ് ഈ ആള്‍ക്കൂട്ടം നല്‍കുന്നത്. ജാതി-മത-ഭാഷാ-വര്‍ണ-അതിര്‍ത്തി വ്യത്യാസമില്ലാതെ, മലയാളി, പഞ്ചാബി എന്ന വേര്‍തിരിവില്ലാതെ നമ്മുടേതാണ് ഈ രാജ്യം എന്ന പ്രഖ്യാപനമാണ് ഈ ജനക്കൂട്ടം നല്‍കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനു നന്ദി പറഞ്ഞുകൊണ്ടാണ് ചടങ്ങില്‍ സംബന്ധിച്ച സുഹൈല്‍ ഹാഷ്മി സംസാരിച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചടങ്ങ് റദ്ദാക്കിയതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ പരിപാടി നടത്താന്‍ സാധിച്ചത്. അതിനാലാണ് സാധാരണക്കാരായ ഈ ജനക്കൂട്ടത്തിന് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത്. ഇതിനു കേന്ദ്ര സര്‍ക്കാരിനോടും എയര്‍പോര്‍ട്ട് അതോറിറ്റിയോടും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss