|    Apr 22 Sun, 2018 6:35 am
FLASH NEWS
Home   >  Editpage  >  Editorial  >  

സംഘപരിവാരം പക്വത കാണിക്കണം

Published : 24th May 2016 | Posted By: SMR

കേരളത്തില്‍ ആദ്യമായി ഒരു എംഎല്‍എയെ നേടുകയും ഏഴു മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് വരുകയും മൊത്തം വോട്ടിന്റെ ഏതാണ്ട് 15 ശതമാനം നേടിയെടുക്കുകയും ചെയ്‌തെങ്കിലും ബിജെപിയെ സംബന്ധിച്ചിടത്തോളം അവര്‍ പ്രതീക്ഷിച്ച നേട്ടമൊന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംഭവിക്കുകയുണ്ടായില്ല. ഏറ്റവും അനുകൂലമായ അന്തരീക്ഷത്തില്‍ കേന്ദ്രഭരണകൂടത്തിന്റെ അതിശക്തമായ പിന്തുണയോടെ കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവരുടെ നീക്കം ഇത്തവണയും സാധാരണ ജനങ്ങളുടെ ശക്തമായ പ്രതിരോധവും ജാഗ്രതയും കാരണം വേണ്ടവിധം ഫലപ്രാപ്തിയിലെത്തിയില്ല. അടുത്ത തവണ മല്‍സരിക്കുമ്പോള്‍ ഇന്നത്തെ അനുകൂലാവസ്ഥ ബിജെപിക്ക് നിലനിര്‍ത്താനുള്ള സാധ്യത പരിമിതമാണ്. കാരണം, ചില സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യമെങ്ങും സംഘപരിവാരത്തിന്റെ തീവ്ര വലതുപക്ഷ, അര്‍ധഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരേ ജനജാഗ്രത ഉയര്‍ന്നുവരുന്നുണ്ട്. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഭരണകൂടം ശക്തമായ ജനകീയ പ്രതിരോധം നേരിടേണ്ടിവരും എന്നതും തീര്‍ച്ചയാണ്.
ഈ സാഹചര്യത്തില്‍ വേണം കേരളത്തില്‍ തങ്ങള്‍ക്കെതിരേ സിപിഎം ആക്രമണം നടത്തുകയാണെന്ന പേരില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പേക്കൂത്തുകളെ വിലയിരുത്തേണ്ടത്. തീര്‍ത്തും അപഹാസ്യമായ പ്രകടനമാണ് സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ മുമ്പില്‍ സംഘപരിവാരം നടത്തിയത് എന്ന് ആ ദൃശ്യങ്ങള്‍ കണ്ട ആര്‍ക്കും വ്യക്തമായി ബോധ്യമാവും. ജനാധിപത്യബോധമോ രാഷ്ട്രീയമര്യാദയോ ഉള്ള ആരും ഇത്തരം ഗുണ്ടാപ്രകടനം ഒരു ദേശീയ രാഷ്ട്രീയകക്ഷിയുടെ ഓഫിസിനു നേരെ നടത്തുകയില്ല. വളരെ തരംതാഴ്ന്നതും ജുഗുപ്‌സാവഹവുമായ നടപടികളാണ് ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
കേരളത്തില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പുതിയ കാര്യമല്ല. ഇത്തവണ താരതമ്യേന സമാധാനപരമായ അന്തരീക്ഷത്തിലാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. വോട്ടെടുപ്പും സമാധാനപരമായിരുന്നു. പക്ഷേ, ജനവിധി പുറത്തുവന്നതോടെ വിജയികളായ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും സംഘപരിവാരവും തമ്മില്‍ സംഘര്‍ഷത്തിലാണ്. ധര്‍മടത്ത് പിണറായി വിജയന്റെ വിജയം ആഘോഷിക്കുന്ന റാലിയുടെ നേരെ അവര്‍ നടത്തിയ ആക്രമണം യാതൊരു പ്രകോപനവും ഇല്ലാത്ത നടപടിയായിരുന്നു എന്നാണ് സിപിഎം ആരോപണം. ആ സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന് ജീവന്‍ നഷ്ടമായി. തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായതും ഒരു സംഘപരിവാര പ്രവര്‍ത്തകന്‍ തൃശൂരില്‍ കൊല്ലപ്പെട്ടതും.
ഇത്തരം സംഭവങ്ങള്‍ കുത്തിപ്പൊക്കി വലുതാക്കാതെ, കഴിയും വേഗം അവസാനിപ്പിച്ച് മുമ്പോട്ടുപോവാനാണ് വിവേകമുള്ള ഏതു രാഷ്ട്രീയകക്ഷിയും തയ്യാറാവുക. എന്നാല്‍, ബിജെപി കേന്ദ്രനേതൃത്വം ചാടിയിറങ്ങി സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. അത്തരത്തിലുള്ള പ്രകോപനം അനാവശ്യവും അംഗീകരിക്കാനാവാത്തതുമാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ ദേശീയതലസ്ഥാനത്തേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. വിവേകത്തോടെ ബിജെപി കേന്ദ്രനേതൃത്വം ഈ കാര്യങ്ങളെ സമീപിക്കുകയായിരുന്നു ഉചിതം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss