|    Dec 12 Wed, 2018 3:34 pm
FLASH NEWS

സംഘടനാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് യോഗങ്ങള്‍ ജില്ലയില്‍ സജീവമാവുന്നു

Published : 14th May 2017 | Posted By: fsq

 

പത്തനംതിട്ട: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളില്‍ ജില്ലയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. എ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് ജില്ലയില്‍ ചുക്കാന്‍ പിടിക്കുന്നത് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് തന്നെയാണെന്നുള്ളതാണ് ഏറെ വിചിത്രം. ഇതിനിടയിലും എ ഗ്രൂപ്പ് യോഗങ്ങളില്‍ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരുടെ അസാന്നിധ്യം ശ്രദ്ധേയമാവുകയും ചെയ്തു. മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് വീണ്ടും സജീവമാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനെതിരേ നടന്ന മല്‍സരത്തില്‍ ഏറ്റുവാങ്ങേണ്ടി വന്ന തോല്‍വി തന്നെയാണ് ശിവദാസന്‍ നായരെ ഗ്രൂപ്പ് യോഗങ്ങളില്‍ നിന്നും വിട്ടുനില്‍കുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എ ഗ്രൂപ്പിലെ ജില്ലയിലെ സീനിയര്‍ നേതാവായ മാത്യു കുളത്തുങ്കലിനെ യോഗങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം മൈലപ്രയില്‍ നടന്ന ജില്ലാതല യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അടക്കം ചിലര്‍ ഐക്കാരെ സഹായിക്കുന്നതായും തന്നെ            തകര്‍ക്കാന്‍ ശ്രമിക്കുന്നതായും സാമുവല്‍ കിഴക്കുപുറം ആരോപിച്ചിരുന്നു. ഹരിദാസ് ഇടത്തിട്ടയെ ചര്‍ച്ചയില്ലാതെ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചതിലുള്ള അതൃപ്്തിയും മാത്യു കുളത്തുങ്കല്‍ പങ്കുവച്ചു. ഇതിന്റെ പേരിലാണ് തുടര്‍ന്നുള്ള യോഗങ്ങളില്‍ നിന്നും മാത്യു കുളത്തുങ്കലിനെ ഒഴിവാക്കുന്നതിന് എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. ഇതിന് പിന്നാലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒമ്്‌നി ഈപ്പന് അടക്കമുള്ളവരും എ ഗ്രൂപ്പിന് പുറത്തു നില്‍ക്കുകയാണ്. കോന്നിയില്‍ മണ്ഡലം അടിസ്ഥാനത്തില്‍ യോഗങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ സ്ഥലം എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ജില്ലാ കമ്മിറ്റികള്‍ പൂര്‍ണമായും കെ ശിവദാസന്‍ നായരുടെ പക്ഷത്താണ്. ഗ്രൂപ്പ്‌നേതൃത്വം പിടിക്കാന്‍ ബാബു ജോര്‍ജ് കളത്തിലിറങ്ങിയെങ്കിലും വിദ്യാര്‍ഥി, യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. തന്റെ വരുതിയിലല്ലാത്ത കെഎസ്‌യുവിനോടുള്ള പ്രതികാരം തീര്‍ത്തതാവട്ടെ ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷയിലെ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് നല്‍കി വരുന്ന പനംപള്ളി ഗോവിന്ദമേനോന്‍ പുരസ്്കാരം ഈത്തവണ കെഎസ്്‌യുവിനെ ഒഴിവാക്കി ഡിസിസി ഏറ്റെടുക്കുയായിരുന്നു. പുരസ്‌കാര ചടങ്ങില്‍ കെഎസ്‌യു നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെന്നും പറയുന്നു. ശിവദാസന്‍ നായര്‍ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിലെ ഐ വിഭാഗം നേതാക്കള്‍ ഡിസിസി പ്രസിഡന്റ് എഐസിസി നിര്‍ദേശം അവഗണിച്ച് എ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്്ക്ക് കാരണമാവുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി പരിപാടികളില്‍ കൂടിയാലോചനകള്‍ക്ക് പകരം ഹൈക്കമാന്‍ഡിന് നല്‍കാന്‍ ഫോട്ടോ ആല്‍ബം ഉണ്ടാക്കുകമാത്രമാണ് ചെയ്യുന്നതെന്നാണ് ഐ ഗ്രൂപ്പുകാര്‍ പ്രചരിപ്പിക്കുന്നത്. ഐ ഗ്രൂപ്പ് യോഗങ്ങളില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശ്, കെപിപിസി വക്താവ് പന്തളം സുധാകരന്‍, ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി എക്‌സ് എംഎല്‍എ, വെട്ടൂര്‍ ജ്യോതിപ്രസാദ്, തൈക്കൂട്ടത്തില്‍ സക്കീര്‍, പന്തളം പ്രതാപന്‍ എന്നിവര്‍ സജീവമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss