|    Jan 18 Wed, 2017 11:36 pm
FLASH NEWS

സംഘടനകള്‍ക്കു പിഴയ്ക്കുന്നതെവിടെ?

Published : 3rd August 2016 | Posted By: SMR

എം എം റഫീഖ്

മുസ്‌ലിം യുവതയെച്ചൊല്ലി ആധിയിലാണ് സമുദായനേതാക്കളും മതസംഘടനകളും ഭരണകൂടവുമെല്ലാം ഇന്ന്. ആദര്‍ശത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നു വാദിക്കുന്ന വിഭാഗക്കാര്‍ വരെ അല്‍പസ്വല്‍പം വിട്ടുവീഴ്ചയാവാമെന്ന് സമ്മതിച്ചില്ലെങ്കില്‍ അപകടമാവുമെന്ന് രഹസ്യമായി പറയാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലുമൊന്നും ഇസ്‌ലാമില്ലാത്തതുകൊണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ വിദേശരാജ്യങ്ങളിലേക്കു കുടിയേറുകയാണെന്നാണ് പുതിയ വാര്‍ത്ത. പ്രവാചകന്റെ കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് തങ്ങളെന്ന് വാട്‌സ്ആപ്പിലൂടെയും ഇന്റര്‍നെറ്റ് ടെലിഗ്രാമിലൂടെയും അവര്‍ പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരേ ഭരണകൂടം മുന്നും പിന്നും നോക്കാതെ യുഎപിഎ പ്രയോഗിക്കാന്‍ തുടങ്ങി. പുറപ്പെട്ടുപോയവര്‍ എങ്ങോട്ടു പോയി എന്നതും എന്തിനു പോയി എന്നതും കൃത്യമായി തെളിയാന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരും. പക്ഷേ, അവരുടെ മയ്യിത്ത് കാണേണ്ടെന്നു പറയാന്‍ തയ്യാറായി കുടുംബാംഗങ്ങള്‍ നില്‍ക്കുന്നു. അങ്ങനെ പറയുമെന്നുറപ്പാക്കാന്‍ കുട്ടിസഖാക്കള്‍ മുമ്പേ തയ്യാര്‍.
എന്തായിരുന്നാലും മുസ്‌ലിം ചെറുപ്പക്കാരില്‍ ചിലര്‍ അസ്വസ്ഥരാണെന്നതു സത്യമാണ്. അവരുടെ അസ്വസ്ഥത ചൂഷണം ചെയ്യുന്നിടത്ത് ആരൊക്കെ വിജയിക്കുന്നുണ്ടെന്നതാണു കണ്ടെത്തേണ്ടത്. ഇസ്‌ലാമിനെക്കുറിച്ചും ഇസ്‌ലാമികജീവിതത്തെക്കുറിച്ചും യാതൊരു പ്രായോഗികബോധവുമില്ലാതെ പഠിപ്പിച്ചിരുന്ന സംഘടനകള്‍ മുരീദന്മാര്‍ പ്രായോഗികത തേടി പലവഴി പോവുമ്പോള്‍ കൈയൊഴിയുന്നത് കരണീയമാണെന്നു തോന്നുന്നില്ല.
ദമ്മാജ് സലഫിസം, ഐഎസ്, ആടുവളര്‍ത്തല്‍ ദീന്‍, ആത്മീയധ്യാനകേന്ദ്രങ്ങള്‍, ഖവാലിസദസ്സുകള്‍, പ്രാര്‍ഥനാസമ്മേളനങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ഇസ്‌ലാമിനെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് മുസ്‌ലിം യുവത ഇന്ന്. മേല്‍പ്പറഞ്ഞവ ഒറ്റയ്‌ക്കോ കൂട്ടായോ യുവാക്കളെ വിലയ്ക്കുവാങ്ങാന്‍ മല്‍സരിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇത്തരം തിരഞ്ഞെടുപ്പുകളൊക്കെ യുവാക്കള്‍ക്കു മാത്രമേയുള്ളൂ. യുവതികള്‍ക്കു പ്രവേശനമില്ലാത്ത സ്ഥലങ്ങളാണ് ഇവയില്‍ പലതും.
ഇതുകൊണ്ടൊന്നും തൃപ്തിവരാത്ത മുസ്‌ലിം ചെറുപ്പക്കാരില്‍ ചിലരാവട്ടെ ചുംബനസമരം, മാവോവാദം, മതേതര സൂഫിസം എന്നിവയിലും ചില സ്വാതന്ത്ര്യപ്രഖ്യാപന വേദികളിലും സജീവമാണ്. പഠിച്ചിടത്തൊന്നും മതത്തിന്റെ പ്രാവര്‍ത്തികത കാണാതാവുമ്പോള്‍ വേദിവിട്ടവരും ഇവരിലുണ്ട്.
യുവത നോക്കുമ്പോള്‍ ഇസ്‌ലാം ഇന്ന് ചില ആരാധനകളില്‍ ഒതുക്കപ്പെട്ടുപോയിരിക്കുന്നുവെന്നാണു കാണുന്നത്. ഖുര്‍ആനും പ്രവാചക ജീവിതവും ക്ലാസെടുക്കുന്നവരും പാതിരാപ്രസംഗം നടത്തുന്നവരും പറയുന്ന ഇസ്‌ലാമാവട്ടെ, ഇതൊന്നുമല്ലതാനും. ഇസ്‌ലാമിനെ ആരെങ്കിലും ആക്ഷേപിക്കുമ്പോഴേക്കും ഇവരുടെ ഇസ്‌ലാം സര്‍വമേഖലകളെയും പൊതിയുന്ന സമഗ്രമായ വ്യവസ്ഥിതിയായി മാറും. അതു കഴിയുമ്പോള്‍ പഴയതുകണക്ക് ആരാധനകളിലേക്കും അതിന്റെ സൂക്ഷ്മതയിലേക്കും തിരിയും. ഒരു ദൈവവും ഒരു പ്രവാചകനും ഒരു കര്‍മശാസ്ത്രസരണിയുമാണെങ്കിലും തമ്മില്‍ തല്ലുകയും പള്ളികള്‍ വരെ പൂട്ടിയിടുകയും ചെയ്യുന്നത് അത്ര അപൂര്‍വമല്ല. പൊതുദേവാലയങ്ങള്‍ കുറഞ്ഞുവരുന്നു. മിഹ്‌റാബിലെ കലണ്ടര്‍ നോക്കി പള്ളി ഭരിക്കുന്നവര്‍ ആരെന്നു തിട്ടപ്പെടുത്താം. ഇതിനുപുറമേ, വ്യാജദൈവങ്ങളും അവതാരങ്ങളും മുസ്‌ലിം സമുദായത്തിലും വ്യാപിക്കുന്നു. പ്രവാചകചരിത്രത്തെക്കുറിച്ചും പ്രവാചകന്‍ നയിച്ച യുദ്ധങ്ങളെക്കുറിച്ചും പ്രവാചകന്‍ അനുഭവിച്ച വിശപ്പിനെക്കുറിച്ചും വാചാലരാവുന്ന നേതാക്കളെ പിന്നീട് അവര്‍ കാണുന്നത് കുഴിമന്തിയുടെ മുന്നിലും റിയല്‍ എസ്റ്റേറ്റുകാരുടെ ഇന്നോവയിലുമാണ്. ലക്ഷങ്ങളെറിഞ്ഞ് കോടികളുണ്ടാക്കുന്ന പ്രാര്‍ഥനാ, ദിക്‌റ് സമ്മേളനങ്ങള്‍, യത്തീംഖാനകളുടെ മറപറ്റിയും അല്ലാതെയും പടര്‍ന്നുപന്തലിക്കുന്ന സ്ഥാപനങ്ങള്‍, തൊപ്പിയിട്ട കുട്ടികളും ഹിജാബിട്ട പെണ്‍കിടാങ്ങളും വരിവരിയായി ഇംഗ്ലീഷ് സംസാരിക്കുന്നതു കണ്ട് ആനന്ദനിര്‍വൃതിയടയുന്ന പണ്ഡിതര്‍, വാര്‍ത്താമാധ്യമകേന്ദ്രങ്ങള്‍, വന്‍കിട ആശുപത്രികള്‍ തുടങ്ങിയവയാണ് ഇസ്‌ലാമെന്നും മുസ്‌ലിംകളെന്നും കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത്. സിലബസിലാവട്ടെ ഇസ്‌ലാം ഇപ്പോഴും ശഅബ് അബീതാലിബില്‍ ഇലകള്‍ തിന്നുകൊണ്ടിരിക്കുകയുമാണ്.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പ്രത്യക്ഷമായി വെല്ലുവിളി ഉയര്‍ത്തുന്ന വിഷയങ്ങളില്‍ വരെ കനത്ത നിശ്ശബ്ദതയാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതിഷേധങ്ങള്‍ ഉയരാറുണ്ടായിരുന്ന കേരളത്തിലാണ് ഇതെന്നോര്‍ക്കണം. പ്രതിഷേധിക്കുന്നവരൊക്കെ ലേബല്‍ ചെയ്യപ്പെടും എന്നൊരു യാഥാര്‍ഥ്യം മുമ്പില്ലാത്തവിധം സംഘടനകളെയും നേതാക്കളെയും ഭയപ്പെടുത്തുന്നുണ്ടെന്നു പറയാതെ വയ്യ. ഇസ്‌ലാമോഫോബിയ വ്യാപകമായിക്കൊണ്ടിരിക്കുന്നു. സാമൂഹികസേവന പദ്ധതികള്‍ ഏറ്റെടുക്കുന്നതിലൂടെ ഇസ്‌ലാമിന്റെ പേരിലുള്ള കുതിരകയറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവുമെന്നാണ് എല്ലാവരും വിശ്വസിച്ചുവശായിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം മിക്കവരും പ്രസ്താവനകള്‍ കൊടുക്കുകയും അവ പത്രത്തില്‍ വന്നെന്ന് സമാധാനമടയുകയും അങ്ങനെ അണികളുടെയും നാട്ടുകാരുടെയും ചോദ്യത്തില്‍നിന്ന് അതിമനോഹരമായി തടിയൂരുകയും ചെയ്യുന്നു.
ശക്തമായ പ്രതിഷേധപരിപാടികളൊക്കെ ശാഖാപരമായ വിഷയങ്ങളിലേക്ക് ഒതുങ്ങിയിരിക്കയാണിപ്പോള്‍. അതിനാവട്ടെ വമ്പിച്ച പ്രചാരണവും സമ്മേളനങ്ങളുമാണു നടക്കുന്നത്. സമ്മേളനങ്ങളുടെ പ്രമേയങ്ങളേക്കാള്‍ വലുത് അവിടെ എത്ര ആളുകള്‍ പങ്കെടുത്തുവെന്ന കണക്കാണ്. എണ്ണത്തില്‍ വീഴ്ചവരുന്നതോ കുറവുവരുന്നതോ ആണ് പ്രധാന പ്രശ്‌നം. നമ്മളുയര്‍ത്തിയ മുദ്രാവാക്യം എത്രത്തോളം കാലികമാണെന്നതോ അത് എത്രപേരില്‍ ചലനമുണ്ടാക്കിയെന്നതോ ആര്‍ക്കും വിഷയമല്ല. ഗസയിലെ പ്രശ്‌നങ്ങളില്‍ പള്ളികളില്‍നിന്നുവരെ ആഹ്വാനമുണ്ടായിരുന്നു, പ്രതിഷേധിക്കാന്‍. ഉഗ്രമായ പ്രകടനങ്ങളും കവലയോഗങ്ങളും നടന്നു. പക്ഷേ, ഗസ പോലെയുള്ള സംഭവങ്ങള്‍ ഇന്ത്യയിലുണ്ടായാല്‍ മൗനമാണ് വിദ്വാന് ഭൂഷണം. മുസ്‌ലിംകളെ ബാധിക്കുന്ന വിഷയങ്ങളില്‍ മാത്രമല്ല, പൊതുവിഷയങ്ങളിലും കാണാം, ഈ മൗനം.
മാട്ടിറച്ചിയുടെ പേരിലുണ്ടായ കൊലകള്‍, ഏകസിവില്‍ കോഡ്, മതപ്രബോധനത്തിനെതിരായ ഗൂഢാലോചന, വ്യാജ പ്രചാരണങ്ങള്‍, ഇസ്‌ലാമോഫോബിയ, കശ്മീരിലെ മെറ്റല്‍ പെല്ലറ്റുകൊണ്ടുള്ള അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഈ നിശ്ശബ്ദത ദര്‍ശിക്കാനാവും. അല്ലെങ്കില്‍ നടേപറഞ്ഞ പ്രതിഷേധക്കുറിപ്പ് പത്രത്തില്‍ വന്നല്ലോയെന്ന സമാധാനപ്പെടല്‍. 2025ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന പ്രഖ്യാപനവുമായി നടക്കുന്ന ബിജെപിയുടെ വംശീയരാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് സമുദായത്തിനിടയില്‍ സ്ഥലമില്ലാതായിരിക്കുന്നു.  2025നു മുമ്പായിത്തന്നെ ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുമെന്ന അമിത്ഷായുടെയും ടീമംഗങ്ങളുടെയും പ്രസ്താവനയെയും ഇരകളുടെ സംഘം കാര്യമായെടുത്ത മട്ടില്ല. അതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്നു കരുതുന്നവരോ പരമാവധി ഒതുങ്ങിക്കൊടുക്കുകയാണു വഴിയെന്നു കരുതുന്നവരോ ആണ് ഇവിടെയുള്ളത്. രാജ്യം അപകടപ്പെടുകയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജനതയെ ബോധ്യപ്പെടുത്തുന്നിടത്ത് സംഘടനകള്‍ പരാജയപ്പെട്ടിരിക്കുന്നു. സമുദായത്തിലെ പുതുതലമുറയാവട്ടെ, ഇതൊക്കെ കണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നു. അവരിലെ ഒരുവിഭാഗം പുറത്ത് നല്ല മഴപെയ്യുന്ന സ്ഥിതിക്ക് കാര്യമില്ലെന്ന് വാട്‌സ്ആപ്പിലെ അടുത്ത മെസേജിലേക്ക് സ്‌ക്രോള്‍ ചെയ്യുന്നു.
സമഗ്രമായ ഇസ്‌ലാമിനെക്കുറിച്ചും സമ്പൂര്‍ണനായ പ്രവാചകനെക്കുറിച്ചും ചര്‍ച്ചകള്‍ ഏറെ നടക്കുന്നുണ്ട്. കേള്‍ക്കുന്നതൊക്കെ അതേക്കുറിച്ച പാഠങ്ങളാണ്. പക്ഷേ, നിലവില്‍ നമുക്കുചുറ്റും കാണുന്ന ഏതു പ്രശ്‌നത്തിനാണ് പരിഹാരം നിര്‍ദേശിക്കാന്‍ ഈ അധ്യാപകര്‍ക്കു സാധിക്കുന്നത്. ദൈവത്തിന്റെ ലോകം വരുകയോ എല്ലാം ദൈവത്തിനാവുകയോ ചെയ്യുന്നതുവരെ ഇതൊക്കെ ഇങ്ങനെത്തന്നെയേ നടക്കൂവെന്നാണ് ഒരു പക്ഷം. നമ്മള്‍ ഇതില്‍നിന്നൊക്കെ മാറിനില്‍ക്കുകയും നമ്മളുമായി ബന്ധപ്പെട്ടവരെ ഇതില്‍പ്പെടാതെ കാത്തുകൊള്ളുകയും ചെയ്യുക മാത്രമേ വഴിയുള്ളൂവെന്ന് വേറൊരു പക്ഷം. ഇത്തരം ചടച്ച വഴികളില്‍നിന്നു മാറിപ്പോയവരെ പെട്ടെന്നുതന്നെ കള്ളികള്‍ക്കു പുറത്താക്കി വാതിലടയ്ക്കാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്. ഇരകളോട് ഐക്യപ്പെടാനും ഒപ്പം നില്‍ക്കാനും തങ്ങള്‍ക്കു കഴിയുമെന്ന് ബോധ്യപ്പെടുത്താന്‍ സമുദായനേതൃത്വത്തിനു കഴിയുന്നുണ്ടോയെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചുംബനസമരം ശരിയല്ലെന്ന് ബോധ്യമുണ്ടാവുമ്പോഴും മീഡിയ ഒറ്റപ്പെടുത്തുമോ എന്ന ബേജാറില്‍ കളംവിടുന്നവരായി ഇസ്‌ലാമികപ്രബോധകര്‍ മാറുന്നു. ഫാഷിസത്തിനെതിരായ ബോധവല്‍ക്കരണത്തിലും പ്രതിഷേധങ്ങളിലും ഭരണകൂടത്തെ ഭയന്ന് ഇസ്‌ലാമികസംഘങ്ങള്‍ മാളം തേടുന്നു. ബാലികാപീഡനങ്ങള്‍, സ്വകാര്യവല്‍ക്കരണം, യുഎപിഎ അടക്കമുള്ള ഭീകരനിയമങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡറിന്റെ വിഷയങ്ങള്‍, സാഹിത്യചര്‍ച്ചകള്‍, സിനിമ തുടങ്ങി മതേതരമായ മേഖലകളില്‍പ്പോലും ഇരകള്‍ക്കൊപ്പം നില്‍ക്കാനും അവര്‍ക്കുവേണ്ടി ശബ്ദിക്കാനും സാധിക്കാത്തവിധം ദുര്‍ബലരാണു സമുദായനേതൃത്വം.
മുസ്‌ലിം ചെറുപ്പക്കാരില്‍ ഒരുവിഭാഗം പാലിയേറ്റീവ് കെയറില്‍ അഭയംതേടിയിരിക്കുകയാണിപ്പോള്‍. അതിന്റെ സംഘാടകരും വോളന്റിയര്‍മാരുമായി പോവുന്നത് മുസ്‌ലിം സംഘടനകളിലെ ഉല്‍പതിഷ്ണുവിഭാഗമോ നേതൃശേഷിയുള്ളവരോ ആണെന്നത് കാണാതിരുന്നുകൂടാ. പാലിയേറ്റീവ് കെയര്‍ ഇസ്‌ലാമികവിരുദ്ധമോ അതില്‍ ശരികേടുണ്ടെന്നോ അല്ല. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ കാര്യമെടുക്കുക. സകലമാന വിവാദങ്ങളുടെയും കേന്ദ്രമായി പലപ്പോഴും പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാന്‍ വിധിക്കപ്പെട്ട ജില്ലയാണത്. ഹിന്ദുത്വര്‍ ഏതു വിഷയത്തിലും ജില്ലയ്‌ക്കെതിരേ പടവാളെടുക്കും. പക്ഷേ, സര്‍ക്കാര്‍പദ്ധതികള്‍ മലപ്പുറം ജില്ലയിലേതുപോലെ വിജയിക്കുന്ന വേറെയേതൊരു ജില്ലയാണ് കേരളത്തിലുള്ളത്. സ്‌കൂള്‍ കുട്ടികളും പ്രവാസികളും പിരിവെടുത്ത് കാന്‍സര്‍ രോഗികളെയും വൃക്കരോഗികളെയും സഹായിക്കുന്നു, പ്രവാസികള്‍ ചേര്‍ന്ന് ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നു, മെഡിക്കല്‍ കോളജ് തുടങ്ങുന്നു, സ്‌കൂള്‍ കുട്ടികള്‍ ബക്കറ്റ് കുലുക്കി സ്‌റ്റേഡിയം നിര്‍മിക്കുന്നു, പ്രതിരോധമരുന്ന് കൊടുക്കാനായി മതനേതാക്കളും രാഷ്ട്രീയക്കാരും വരിവരിയായി നില്‍ക്കുന്നു. അങ്ങനെ എത്രയെത്ര പദ്ധതികളാണ് ജനങ്ങള്‍ പിരിവെടുത്ത് മലപ്പുറം ജില്ലയില്‍ വിജയിപ്പിച്ചത്. മലപ്പുറത്തുകാരുടെ ആതുരസേവന മനസ്ഥിതിയും പരസഹായചിന്തയും മുതലെടുത്ത് ആതുരസേവനരംഗത്തുനിന്നുപോലും സര്‍ക്കാര്‍ മാറിനിെന്നന്നു സംശയിക്കാം. അലിഗഡ് സെന്ററും ഇഫ്‌ലുവുമൊക്കെ കൈവിട്ടുപോവുമ്പോഴും നാട്ടുകാര്‍ പരാതിയേതുമില്ലാതെ വീണ്ടും വീണ്ടും സഹായഹസ്തവുമായി നില്‍ക്കുന്നു. സര്‍ക്കാരിന്റെ സഹായപദ്ധതികള്‍ക്കു കാത്തുനില്‍ക്കേണ്ടാത്തവിധം സമുദായസംഘടനകള്‍ മല്‍സരിച്ച് സഹായിക്കാന്‍ ഉദ്‌ഘോഷിക്കുമ്പോള്‍ നമുക്കു തിരികെ കിട്ടേണ്ട നികുതിവരുമാനത്തിന്റെ പങ്ക് എവിടെ പോവുന്നുവെന്ന് ചിന്തിക്കാന്‍പോലും ഇന്നാട്ടുകാരെ ആരും പ്രേരിപ്പിക്കുന്നില്ല. എസ്എസ്എല്‍സി പാസായ നിരവധി വിദ്യാര്‍ഥികള്‍ നടുറോഡിലലയുമ്പോഴും വിധിയെന്നുകരുതി സമാധാനിക്കാനും പണം നല്‍കി വിദ്യാഭ്യാസം നല്‍കാനുമാണ് ഇവര്‍ മല്‍സരിക്കുന്നത്.
സംഘടനാരംഗത്ത് ഏറെ മുന്നോട്ടുപോയിട്ടുള്ള സലഫികളാണ് ഇപ്പോള്‍ മുഖ്യ ഇര. എതിര്‍കക്ഷി ഇപ്പോള്‍ ആശ്വാസത്തിലാണോ സന്തോഷത്തിലാണോയെന്ന് കൃത്യമായി പറയാന്‍ വയ്യ. രണ്ടുകൂട്ടര്‍ക്കും ഇഷ്ടമില്ലാത്തവരെ ഒരേ വേദിയില്‍ വിമര്‍ശിക്കാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചതായി കാണുന്നില്ല. അതിനിടയില്‍ ഇമാമുമാരായും മുക്രിമാരായും ബിഹാറികളും ബംഗാളികളുമില്ലെങ്കില്‍ പല പള്ളികളും അടച്ചിടേണ്ടിവരും. മതസ്ഥാപനങ്ങളില്‍നിന്നു പഠിച്ചിറങ്ങുന്നവരൊക്കെ എവിടേക്കാണു പോവുന്നത്. പുതിയ യാഥാര്‍ഥ്യത്തെ മുന്നില്‍വയ്ക്കുമ്പോള്‍ നമ്മുടെ സ്ഥാപന നടത്തിപ്പിന്റെ ലക്ഷ്യംപോലും സംശയിക്കേണ്ടിവരും. സമുദായത്തിന്റെ ചെലവില്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് എയിഡഡ് സ്‌കൂളുകളില്‍ കയറിപ്പറ്റാനാണു താല്‍പര്യമെന്നുവരുമ്പോള്‍ സംഘടനകളുടെ പ്ലാനിങില്‍ എവിടെയോ പിഴവുവന്നെന്നു കരുതാം.
പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊന്നും വിശ്വസിക്കാന്‍വയ്യാത്ത അവസ്ഥയിലൂടെയാണ് കാര്യങ്ങള്‍ പോവുന്നതെന്ന് മുസ്‌ലിം യുവജനം ആശങ്കപ്പെടുന്നത് വെറുതെയല്ല.
ഇസ്‌ലാമിനെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായും പുത്തന്‍ലോകത്തെ വെല്ലുവിളികള്‍ക്കുള്ള മരുന്നായും അവതരിപ്പിച്ച ഒരു സമൂഹം കേരളത്തിലും ഉണ്ടായിരുന്നു. പക്ഷേ, അക്കാലത്തെക്കുറിച്ച് ഒരു ഗൃഹാതുരതയോടെ പോലും ഓര്‍ക്കാന്‍ അവരിന്ന് ഇഷ്ടപ്പെടുന്നില്ല. മക്കളോ സ്വന്തക്കാരോ അങ്ങെനയൊക്കെ സ്വപ്‌നം കാണുന്നുവെന്നു കേള്‍ക്കുമ്പോഴേക്ക് അതിന്റെ വിഡ്ഢിത്തത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ വരും. അവരെ പിന്തിരിപ്പിക്കാന്‍ പ്രായോഗികതയുടെ വാക്‌സിനേഷന്‍ നല്‍കുന്നു.
ഏതായാലും മുസ്‌ലിം യുവതയ്ക്ക് വെളിച്ചം കാണിക്കാന്‍ പുതിയ നവോത്ഥാന നായകര്‍ വരേണ്ടിവരും. നിലവിലെ ആകപ്പാടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ എങ്ങനെ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന മതമാക്കി ഇസ്‌ലാമിനെ പരിവര്‍ത്തിപ്പിക്കാനാവുമെന്നു കണ്ടെത്തി പ്രവൃത്തിപഥത്തില്‍ കാണിച്ചുതരുന്ന ഒരു കൂട്ടത്തെ, ഒളിച്ചോടുന്നവരില്‍നിന്നും അതിബുദ്ധിമാന്മാരില്‍നിന്നും ഈ സമുദായത്തെ രക്ഷിച്ചുതരുന്ന ഒരു വിഭാഗത്തെ, പ്രവര്‍ത്തിക്കാനാവുന്നതു മാത്രം പറയുകയോ പറയുന്നത് പ്രവര്‍ത്തിച്ചുകാണിക്കുകയോ ചെയ്യുന്ന വിഭാഗത്തെ, ഇസ്‌ലാമികരാജ്യത്തുള്ളതിനേക്കാള്‍ മുസ്‌ലിം ജനതയുള്ള ഇന്ത്യയെപ്പോലൊരു നാട്ടില്‍ എങ്ങനെ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാമെന്ന് ധിഷണാപരമായും ക്രിയാത്മകമായും യുവതയെ പഠിപ്പിക്കുന്ന വിഭാഗത്തെ. അതുവരെ ഈ പ്രളയത്തില്‍പ്പെടാതെ യുവതയെ പിടിച്ചുനിര്‍ത്തേണ്ട ബാധ്യത മാത്രമേ മുസ്‌ലിം നേതൃത്വത്തിനുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 322 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക