|    Jan 19 Thu, 2017 8:38 pm
FLASH NEWS

സംഗീത സംവിധാനത്തിലെ എം എസ് വി മാജിക്ക്

Published : 10th August 2015 | Posted By: admin

MSVഅച്ഛന്റെ മരണത്തെത്തുടര്‍ന്ന് ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കാനാവാതെ കൊച്ചുകുട്ടിയായ മകനോടൊപ്പം കുളത്തില്‍ ചാടി മരിക്കാന്‍ പോവുകയായിരുന്നു നാരായണിക്കുട്ടി. ആദ്യമാര് വെള്ളത്തിലേക്ക് ചാടണമെന്ന് അമ്മയും മകനും തര്‍ക്കിച്ചു നില്‍ക്കുമ്പോഴാണ് അവിടെ അവന്റെ അച്ഛനെത്തിയത്. ജയില്‍ വാര്‍ഡനായിരുന്ന അയാള്‍ കണ്ടതുകൊണ്ട് ആ ബാലന്‍ രക്ഷപ്പെട്ടു. വലിയ ഗായകനും സംഗീതസംവിധായകനുമൊക്കെയായി.

ദക്ഷിണേന്ത്യ മുഴുവന്‍ പ്രശസ്തനായ എം.എസ്. വിശ്വനാഥനായിരുന്നു ആ ബാലന്‍. പാലക്കാട്ടെ എലപ്പുള്ളി ഗ്രാമത്തില്‍ പിറന്ന മനയങ്ങത്ത് സുബ്രഹ്മണ്യം വിശ്വനാഥന് ബാല്യകാലം ചുട്ടെരിക്കുന്ന നെരിപ്പോടായിരുന്നു.

സിനിമാകൊട്ടകയില്‍ പാട്ടുപുസ്തകവും കടലയുമൊക്കെ വില്‍ക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും അഞ്ചൊ എട്ടൊ വയസ്സുള്ളപ്പോഴേ അവനു സംഗീതത്തോട് അടക്കാനാവാത്ത പ്രണയമുണ്ടായിരുന്നു. ഗ്രാമത്തിലെ ഒരു കര്‍ണാടക ഭാഗവതരില്‍നിന്നാണ് അവന്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത്. അവന്‍ പഠിച്ചിരുന്ന പ്രാഥമിക സ്‌കൂള്‍ ഇന്നില്ല; ദശകങ്ങള്‍ക്കു മുമ്പ് അത് അടച്ചുപൂട്ടി. മരുമകന്റെ സംഗീതവാസന തിരിച്ചറിഞ്ഞ അമ്മാവന്‍ അപ്പനായരാണ് അവനെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അതൊരു കലാകാരന് വളക്കൂറുള്ള മണ്ണായിരിക്കുമെന്ന അയാളുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെന്നൈയില്‍ വിശ്വനാഥന്‍, എസ്.വി. വെങ്കിട്ടരാമന്‍ മ്യൂസിക് ഗ്രൂപ്പിലാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്.

 

ചായയും മറ്റും കൊണ്ടുവരുന്ന പരിചാരകനായി. പിന്നീട് സംഗീതസംവിധായകന്‍ എസ്.എം. സുബ്ബയ്യനായിഡുവിന്റെ അസിസ്റ്റന്റായി. സി.ആര്‍. സുബ്രഹ്മണ്യത്തിന്റെ മ്യൂസിക്കല്‍ ട്രൂപ്പില്‍ ഹാര്‍മോണിസ്റ്റായി. അതൊക്കെ വളര്‍ച്ചയുടെ പടവുകളായിരുന്നു. 1952ല്‍ വയലിനിസ്റ്റ് രാമമൂര്‍ത്തിയുമായി ചേര്‍ന്ന് തമിഴ് ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് എം.എസ്. വിശ്വനാഥന്‍ ശ്രദ്ധിക്കപ്പെട്ടത്. ഹിന്ദിയിലെ ശങ്കര്‍-ജയ്കിഷന്മാരെ പോലെ വിശ്വനാഥന്‍-രാമമൂര്‍ത്തി ടീമിന്റെ ഗാനങ്ങള്‍ തമിഴ് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. പണം ആയിരുന്നു അവരുടെ ആദ്യപടം. രക്തക്കണ്ണീരില്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു. നൂറില്‍പ്പരം ചിത്രങ്ങളില്‍ അവര്‍ സഹകരിച്ചു. 1965ലാണ് ആ സംഗീതജ്ഞദ്വന്ദം വേര്‍പിരിഞ്ഞത്- ആയിരത്തില്‍ ഒരുവനോടെ. പിന്നീട് സത്യരാജ് നായകനായി അഭിനയിച്ച എങ്കിരുന്തോ വന്താനില്‍ വീണ്ടും ഒരുമിച്ചു. കണ്ണദാസന്‍, വാലി തുടങ്ങിയ തമിഴ് സിനിമയിലെ പ്രതിഭാശാലികളായ കവികളുടെ ഈരടികള്‍ക്ക് എം.എസ്.വി. എന്ന സംഗീതമാന്ത്രികന്‍ ചിറകു നല്‍കി. തമിഴും തെലുങ്കും മലയാളവും ഹിന്ദിയുമുള്‍പ്പെടെ ആയിരത്തി ഇരുന്നൂറില്‍പ്പരം ചിത്രങ്ങള്‍. അഞ്ഞൂറിലേറെ ഗാനങ്ങള്‍ പാടി. ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 2002ല്‍ ഓസ്‌കര്‍ സമ്മാനിതനായ എ.ആര്‍. റഹ്മാനുവേണ്ടി ഒരു പാട്ട് പാടി: ‘വിടൈക്കൊണ്ട് എങ്കല്‍ നാടേ…’ കഴിഞ്ഞവര്‍ഷം, എണ്‍പത്തഞ്ചാം വയസ്സിലും അദ്ദേഹം ഒരു ചിത്രത്തിനു സംഗീതം നല്‍കി. അവസാനം വരെ കര്‍മനിരതവും ധന്യവുമായ ഒരു സംഗീതജീവിതം. ടി.ആര്‍. സൗന്ദരരാജന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, ജയചന്ദ്രന്‍, പി. സുശീല, എസ്. ജാനകി, വാണി ജയറാം തുടങ്ങി എം.എസ്. ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടാത്ത പിന്നണിഗായകര്‍ കുറവാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരുപാടു പാട്ടുകള്‍ക്ക് വിശ്വനാഥന്‍-ശ്രീകുമാര്‍ ടീമിനോട് കടപ്പെട്ടിരിക്കുന്നു. 1971ല്‍ കെ.പി. കൊട്ടാരക്കരയുടെ ലങ്കാദഹനം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

അന്നു തമ്പി സിനിമാരംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. കണ്ണദാസനെപ്പോലുള്ള വലിയ കവികളുടെ ഈരടികള്‍ക്ക് ഈണം നല്‍കിയ സംഗീതജ്ഞന്‍ സംശയത്തോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. എന്നാല്‍, തമ്പി എഴുതിയ ആദ്യഗാനം വായിച്ചപ്പോള്‍ തന്നെ ഇഷ്ടമായി: ‘ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയിരാജകൊട്ടാരത്തില്‍ വിളിക്കാതെ…’ തമിഴ്‌സിനിമയില്‍ ചെയ്യുന്നതുപോലെ ഈണത്തിനനുസരിച്ച് പാട്ടെഴുതാനാണ് എം.എസ്. ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, മലയാളത്തില്‍ അതന്ന് അത്ര പതിവില്ലെന്നു പറഞ്ഞപ്പോള്‍ വരികള്‍ക്കനുസരിച്ച് ഈണം നല്‍കാന്‍ തയ്യാറായി. എം.എസ്. ബാബുരാജിനെപ്പോലെ എം.എസ്. വിശ്വനാഥനും തദ്ക്ഷണം ട്യൂണ്‍ ചെയ്യാന്‍ വിഷമമുണ്ടായിരുന്നില്ല. ലങ്കാദഹനത്തിലെ മറ്റു ഗാനങ്ങളും ഹിറ്റായി. ‘തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു തിരുവാതിര നക്ഷത്രം…’, ‘സ്വര്‍ഗനന്ദിനീ…’, ‘നക്ഷത്രരാജ്യത്തെ…’.താന്‍ ഒരു പടം സ്വന്തമായി നിര്‍മിക്കാന്‍ ഒരുങ്ങിയപ്പോള്‍ മുതിര്‍ന്ന ആ കലാകാരന്‍ നിരുല്‍സാഹപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. പടം പിടിച്ചു പലരും പൊളിഞ്ഞ കഥ എം.എസിനറിയാം. എന്നാല്‍, ആ യുവ എന്‍ജിനീയര്‍ ഉറച്ച തീരുമാനത്തിലാണെന്നു പറഞ്ഞപ്പോള്‍ ആ പടത്തിനു സംഗീതം താന്‍ നല്‍കുമെന്ന് എം.എസ്. വാഗ്ദാനം ചെയ്തു.

‘അങ്ങയെപ്പോലൊരു വലിയ സംഗീതജ്ഞനു നല്‍കാനുള്ള പണം എന്റെ കൈയിലില്ലല്ലൊ’ – തമ്പി ആശങ്ക പ്രകടിപ്പിച്ചു. ‘പണം നിങ്ങളോടാരു ചോദിച്ചു’ എന്നായിരുന്നു മറു ചോദ്യം. ചന്ദ്രകാന്തം എന്ന ആ ചിത്രത്തിലെ പല ഗാനങ്ങളും ഹൃദയഹാരിയാണ്. ‘സ്വര്‍ഗമെന്ന കാനനത്തില്‍…’, ‘ഹൃദയവാഹിനീ ഒഴുകുന്നു നീ…’, ‘രാജീവനയനേ നീയുറങ്ങൂ…’. അതില്‍ ‘ഹൃദയവാഹിനി…’ പാടിയത് സംഗീതസംവിധായകന്‍ തന്നെയാണ്. ആ തുറന്ന സ്വരത്തിന്റെ ഗാംഭീര്യവും ഉച്ചസ്ഥായിയിലേക്ക് സഞ്ചരിക്കാനുള്ള അപാരമായ കഴിവും വേറെ തന്നെയാണ്. ‘കണ്ണുനീര്‍തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…’ എന്ന വയലാറിന്റെ വരികള്‍ക്ക് എം.എസ്. നല്‍കിയ ആലാപനഗരിമയും വ്യതിരിക്തതയാര്‍ന്നതാണ്. ‘ആ നിമിഷത്തിന്റെ നിര്‍വൃതി…’ യേശുദാസും ജാനകിയും പാടിയിട്ടുണ്ട്. രണ്ടിന്റെയും കേള്‍വിസുഖവും വേറിട്ടുനില്‍ക്കുന്നു. കാപി രാഗത്തില്‍ രചിക്കപ്പെട്ട ‘രാജീവനയനേ…’ ജയചന്ദ്രന്റെ എക്കാലത്തെയും സുഖദശ്രവണമായ ഗാനങ്ങളിലൊന്നാണ്. ‘സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പ്പം…’ (ദിവ്യദര്‍ശനം) ‘സുപ്രഭാതം..’ (പണി തീരാത്തവീട്) ‘അഷ്ടപദിയിലെ ഗായികേ…’ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ) തുടങ്ങി ജയചന്ദ്രന്റെ പല മാസ്റ്റര്‍പീസുകളും എം.എസിന്റെ ഇന്ദ്രജാലമേറ്റു ധന്യമായവയാണ്. ജീവിക്കാന്‍ മറന്ന സ്ത്രീയിലെ മറ്റൊരു ഹൃദയവര്‍ജകമായ ഗാനമാണ് ‘വീണ പൂവേ…’ വയലാറിന്റെ വരികളെ കൂടുതല്‍ ഭാവസാന്ദ്രമാക്കുന്നു എം.എസിന്റെ ഈണം. ബാബുരാജും രാഘവന്‍ മാസ്റ്ററും ദേവരാജനും ദക്ഷിണാമൂര്‍ത്തിയും അര്‍ജുനനുമൊക്കെ നിറഞ്ഞുനിന്ന മെലഡിയുടെ സുവര്‍ണദശയില്‍ എം.എസ്. വിശ്വനാഥന്‍ രചിച്ച കുറേ അനശ്വരഗാനങ്ങളെ മാറ്റിനിര്‍ത്തി; മലയാളസംഗീതത്തിന്റെ ചരിത്രമെഴുതാന്‍ ആര്‍ക്കുമാവില്ല.                                ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 182 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക