|    Jan 24 Tue, 2017 2:35 am

ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് തൊഴിലാളിവിരുദ്ധം: മന്ത്രി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനോട് സംസ്ഥാന സര്‍ക്കാരിനു യോജിക്കാനാവില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. ബില്ലിലെ പല വ്യവസ്ഥകളും കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാരെ സംബന്ധിച്ചിടത്തോളം ദോഷകരമാണെന്നും 1960ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ വ്യവസ്ഥകളുമായി ഇവ പലതരത്തിലും പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്തോ അതിലധികമോ ജോലിക്കാരുള്ള സംരംഭങ്ങള്‍ മാത്രമാണ് നിര്‍ദ്ദിഷ്ട കരട് ബില്ലിന്റെ പരിധിയില്‍പ്പെടുന്നത്. ഈ വ്യവസ്ഥ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് തീര്‍ത്തും ദോഷകരമാണ്. കേരളത്തില്‍ നിലവിലുള്ള നിയമപ്രകാരം തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 12 വീതം കാഷ്വല്‍, സിക്ക്, ഏണ്‍ഡ് ലീവുകള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍, കേന്ദ്രബില്ലില്‍ എട്ട് കാഷ്വല്‍ ലീവും തുടര്‍ച്ചയായ 20 പ്രവൃത്തിദിവസങ്ങള്‍ക്കുശേഷം ഒരു ഏണ്‍ഡ് ലീവുമാണു പരാമര്‍ശിക്കുന്നത്. മതപരമായ ആഘോഷങ്ങളോടും ഉല്‍സവങ്ങളോടും അനുബന്ധിച്ച് കേരള ആക്ടില്‍ വര്‍ഷത്തില്‍ നാല് ദേശീയ അവധികളടക്കം 13 അവധി ദിനങ്ങള്‍വരെ ലഭിക്കും. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ബില്ല് നിയമമായാല്‍ മൂന്ന് ദേശീയ അവധികളടക്കം എട്ട് ഒഴിവുദിവസങ്ങള്‍ മാത്രമാണു ലഭിക്കുക.
ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിലുള്ള പോരായ്മയും കേന്ദ്ര ബില്ലിലുണ്ട്. കേരള ആക്ടനുസരിച്ച് ആറുമാസത്തിലധികം തുടര്‍ച്ചയായി ജോലിചെയ്ത വ്യക്തിയെ മതിയായ കാരണമില്ലാതെ പിരിച്ചുവിടാനാവില്ല. മാത്രമല്ല, അങ്ങനെയെങ്കില്‍ അക്കാര്യം ജോലിചെയ്യുന്ന വ്യക്തിയെ ഒരു മാസം മുമ്പെങ്കിലും അറിയിക്കുകയും വേണം. കേന്ദ്രബില്ലിന്റെ മറ്റൊരു ന്യൂനത സ്ത്രീസൗഹൃദമല്ലെന്നുള്ളതാണ്. വനിതകള്‍ക്ക് രാത്രി ജോലിചെയ്യാന്‍ അനുവാദം നല്‍കുന്നു. എന്നാല്‍, കേരള നിയമപ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴുമണി മുതല്‍ രാവിലെ ആറുമണിവരെ വ്യാപാര- വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരിശീലനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് കേന്ദ്ര ബില്ലിലെ വ്യവസ്ഥകള്‍ സ്വാഗതാര്‍ഹമാണ്. തൊഴിലിടങ്ങളിലെ സ്ത്രീ-പുരുഷ സമത്വത്തിനും ബില്ല് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. തൊഴിലിടങ്ങളിലെ കുറ്റകൃത്യങ്ങള്‍, പ്രത്യേക സാഹചര്യത്തിലുണ്ടാവുന്ന അപകടങ്ങള്‍ എന്നിവയ്ക്ക് പിഴ ഈടാക്കാവുന്നതാണെന്ന ബില്ലിലെ നിര്‍ദേശവും സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.
വിയോജിപ്പ് അറിയിച്ച് കേന്ദ്ര തൊഴില്‍വകുപ്പിന് സംസ്ഥാനം കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തൊഴില്‍മന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിഷേധിച്ചതായി കണ്ടെത്തിയ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. തൊഴില്‍വകുപ്പു നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തൊഴില്‍വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളില്‍ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാവും. പരിശോധനകള്‍ തുടരുമെന്നും നടപടിയെക്കാള്‍ സര്‍ക്കാ ര്‍ പരിഗണന നല്‍കുന്നതു തിരുത്തലിനാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക