|    Dec 19 Wed, 2018 8:40 am
FLASH NEWS

ഷൈനാമോള്‍ പടിയിറങ്ങുന്നു; ടി മിത്ര ജില്ലയുടെ 44ാം മത്തെ കലക്ടര്‍

Published : 5th August 2016 | Posted By: SMR

കൊല്ലം: എ ഷൈനാമോള്‍ക്ക് ശേഷം ചുമതലയറ്റെടുക്കുന്ന ടി മിത്ര ജില്ലയുടെ 44ാം മത്തെ കലക്ടര്‍.
ജില്ലയില്‍ കലക്ടറാകുന്ന അഞ്ചാമത്തെ വനിത കൂടിയാണിവര്‍. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി വനിതള്‍ കലക്ടറാകുന്നതും. 1992 മുതല്‍ 94 വരെ ചുമതല വഹിച്ചിരുന്ന ലിഡാ ജേക്കബ്ബായിരുന്നു ജില്ലയിലെ ആദ്യ വനിതാ കലക്ടര്‍. 2001ല്‍ മൂന്ന് മാസക്കാലം ഡോ.ആശാ തോമസും 2014ല്‍ ഏഴുമാസക്കാലം എസ് ലളിതാംബികയും കൊല്ലത്ത് കലക്ടറായിരുന്നു.കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് ഷൈനാമോള്‍ കൊല്ലത്ത് കലക്ടറായി ചുമതലയേല്‍ക്കുന്നത്. 11 മാസത്തെ സേവനത്തിന് ശേഷമാണ് നിലവിലെ കലക്ടര്‍ എ ഷൈനാമോള്‍ മലപ്പുറം കലക്ടറായി ഇവിടെ നിന്നും പോകുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ധീരമായ നിരവധി നിലപാടുകളുടെ പേരില്‍ സര്‍ക്കാരിനെ തന്നെ വെട്ടിലാക്കിയിട്ടുണ്ട്  യുവ ഐഎഎസുകാരി. സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സുധീഷിന്റെ കുഞ്ഞുമകളെ എടുത്തിരിക്കുന്ന കലക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. 2007ലെ ഹിമാചല്‍ കേഡറിലെ ഉദ്യോഗസ്ഥയാണ് ഷൈനമോള്‍. മഹാരാഷ്ട്രയില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് അവര്‍ കേരളത്തിലേക്ക് എത്തിയത്. എന്റെ കൊല്ലം പദ്ധതിയാണ് ഷൈനാമോളെ കൂടുതല്‍ ജനകീയയാക്കിയത്. റോഡ് സുരക്ഷിതമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലയില്‍ റോഡപകടങ്ങള്‍ കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഓരോ സ്ഥലത്തെയും അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കി ഉചിതമായ പരിഹാര നടപടി സ്വീകരിക്കുന്നതാണ് പദ്ധതി.ഇതിനു പുറമെയാണ് ചെന്നൈയിലെ ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച സ്‌നേഹപൂര്‍വം കൊല്ലം പരിപാടി. പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ഈ പരിപാടിക്ക് ലഭിച്ചത്. രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ഷൈനാമോളുടെ നിലപാട് പോലിസിനേയും സര്‍ക്കാരിനേയും ഒരു പോലെ പ്രതികൂട്ടിലാക്കിയിരുന്നു. ജനപക്ഷത്ത് നിന്നുള്ള ഇത്തരം നിലപാടുകളായിരുന്നു ഷൈനാമോളെ വ്യത്യസ്ഥമാക്കിയതും.പുതിയതായി കലക്ടറുടെ ചുമതലയേല്‍ക്കുന്ന ടി മിത്രയും കൊല്ലത്തുകാര്‍ക്ക് സുപരിചിതയാണ്. 2009 ഐഎഎസ് ബാച്ചുകാരിയായ ടി മിത്ര പരിശീലനത്തിന് ശേഷം 2010ല്‍ ആദ്യ നിയമനം കൊല്ലം അസി. കലക്ടറായാണ്.  ഒരു വര്‍ഷമേ മിത്ര അസി. കലക്ടറായി കൊല്ലത്ത് ഉണ്ടായിരുന്നുള്ളെങ്കിലും ഇതിനിടയില്‍ കലക്ടര്‍മാരായി നാല് പേരെത്തിയിരുന്നു. ഇവരില്‍ നിന്നും പൊതുഭരണത്തിന്റെ പുതിയ പാഠങ്ങള്‍ പലതും പഠിച്ചു. പിന്നീട് പഞ്ചായത്ത് ഡയറക്ടറായും ലാന്റ് ആന്റ് സര്‍വേ ഡയറക്ടറായും നിയമിതയായി. ഇപ്പോള്‍ അനെര്‍ട്ട് ഡയറക്ടറാണ്. 2009ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ പത്താംറാങ്കുകാരിയായിരുന്നു മിത്ര. തിരുവനന്തപുരം പേട്ടയിലെ തേങ്ങാപ്പുര ലൈനിലെ ടിസി. 29/430ല്‍ പരേതരായ ത്രിവിക്രമന്‍ നായരുടേയും സീതാ ലക്ഷ്മിയുടേയും മകളാണ്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സിലായിരുന്നു മിത്രയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസം തിരുവനന്തപുരം ആള്‍സെയിന്റ്‌സില്‍. റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവനന്തപുരം കോണ്‍വെന്റ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്നും ബിഎഡ് ബിരുദം. കേരള സര്‍വകലാശാലയില്‍ ഗവേഷണം നടത്തുമ്പോഴാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. അവിവാഹിതയാണ്. സഹോദരി ചിത്ര ടി നായര്‍ കോളജ് അധ്യാപികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss