|    Jan 24 Tue, 2017 8:34 am

ഷേക്‌സ്പിയര്‍ വേലുപ്പിള്ളയും എമേഴ്‌സന്‍ രാമന്‍പിള്ളയും

Published : 24th April 2016 | Posted By: sdq

S-guptan-nair
പ്രഫ. എസ് ഗുപ്തന്‍ നായര്‍

തിരുവനന്തപുരം പൗരാവലിയുടെ ഒരു ഹാസ്യകഥാപാത്രമായിരുന്നു ‘ആര്‍ട്ടര്‍’ ബഹദൂര്‍ കുഞ്ഞന്‍. ആര്‍ട്ടര്‍ എന്നാല്‍ ഛൃമീേൃ. ഏതെങ്കിലും ഒരു മുക്കവലയില്‍നിന്ന് അല്ലെങ്കില്‍ പുത്തരിക്കണ്ടം മൈതാനത്തിന്റെ ഒരു കോണില്‍നിന്ന് പെരുവഴിപോക്കരെ നോക്കി ചുമ്മാ പ്രസംഗം തട്ടിവിടുമായിരുന്നു കുഞ്ഞന്‍. ഹൈഡ് പാര്‍ക്കിലെ സോപ്പുപെട്ടി പ്രസംഗത്തെപ്പറ്റി കുഞ്ഞനറിയാമായിരുന്നോ എന്തോ? ആള്‍, ഫുള്‍സ്യൂട്ടിലാണ്. തൊപ്പിക്കു പകരം തലപ്പാവ് എന്നൊരു ഭേദം മാത്രം.
നട്ടുച്ചയെന്നോ സായാഹ്നമെന്നോ നോക്കാതെ സവാരി നടത്തുന്ന ‘ഷേക്‌സ്പിയര്‍ വേലുപ്പിള്ള’യാണ് മറ്റൊരു വിചിത്ര മനുഷ്യന്‍. പാന്റ്‌സും കോട്ടും ടൈയുമാണ് ഈ തിരുവനന്തപുരം ഷേക്‌സ്പിയറുടെ വേഷം. വേനലില്‍പ്പോലും നിവര്‍ക്കാത്ത ഒരു കുടയും കൂട്ടിനുണ്ടാവും. താന്‍ പറയുന്ന ഷേക്‌സ്പിയര്‍ ഉദ്ധരണി കേള്‍ക്കാന്‍ സന്നദ്ധനായ ഒരാളെ കിട്ടിയാല്‍ വേലുപ്പിള്ളയ്ക്കു പെരുത്ത സന്തോഷം. തന്റെ നല്ല കാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ആഫ്രിക്കയില്‍ അദ്ദേഹത്തിന് ഒരു ഉദ്യോഗമുണ്ടായിരുന്നു. ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടുപോവുക എന്ന ദുരവസ്ഥ ഒരിക്കലും ഉണ്ടാവാതിരിക്കാന്‍ അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു.
എമേഴ്‌സന്‍ രാമന്‍പിള്ള അഥവാ കോഞ്ചു രാമന്‍പിള്ളയാണ് ഇനിയൊരു രസികന്‍ കഥാപാത്രം. വഴിയില്‍ കാണുന്ന പരിചിതനെ തടഞ്ഞുനിര്‍ത്തി എമേഴ്‌സന്റെ ഉദ്ധരണികള്‍ തുടല്‍മാലപോലെ എടുത്തിടുന്ന ഈ തിരുവനന്തപുരം തത്ത്വചിന്തകന്‍ താന്‍ ജീവിക്കുന്നത് വിക്ടോറിയന്‍ കാലഘട്ടത്തിലാണെന്ന് സത്യമായും വിശ്വസിച്ചിരുന്നു. ഒട്ടിയ കവിളും നീണ്ട മൂക്കും ഭംഗിയായി പിന്നിലേക്കു കോതിവച്ചിരിക്കുന്ന നിബിഡമല്ലാത്ത മുടിയും ഈ എമേഴ്‌സനും ഉണ്ടായിരുന്നു. നിറത്തിലുള്ള അന്തരം ആരും കാര്യമാക്കിയില്ല. തിരുവനന്തപുരത്തെത്തുന്ന സായിപ്പന്മാരെ മലയാളം പഠിപ്പിക്കുന്നതായിരുന്നു എമേഴ്‌സന്‍ രാമന്‍പിള്ളയുടെ മുഖ്യജോലി. (ചീഫ് സെക്രട്ടറി ആയിരുന്ന കരിമ്പുവിളാകം ഗോവിന്ദപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനായിരുന്നു തിരുവനന്തപുരം എമേഴ്‌സന്‍) ‘ചീവേശിഴ ഴൃലമ േംമ െല്‌ലൃ മരവശല്‌ലറ ംശവേീൗ േലിവtuശെമാെ’ ഒരു നട്ടുച്ചയ്ക്ക് കൈതമുക്കില്‍ വച്ച് അഭിനവ എമേഴ്‌സന്‍ എന്നോടു പറഞ്ഞു.  (‘മനസാസ്മരാമി’ എന്ന
ആത്മകഥയില്‍നിന്ന്)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക