|    Jan 17 Tue, 2017 1:02 am
FLASH NEWS

ഷേക്‌സ്പിയര്‍ വേലായുധന്‍സാര്‍ അവരുടെ ഓര്‍മകളില്‍

Published : 24th April 2016 | Posted By: sdq

velayudhan
കേരളത്തില്‍ ഷേക്‌സ്പിയര്‍ നാടകങ്ങളുടെ അധ്യാപനത്തിലും അവതരണത്തിലും ഏറ്റവുമറിയപ്പെടുന്ന ആളാണ് ഷേക്‌സ്പിയര്‍ വേലായുധന്‍നായര്‍. കൊല്ലം, കണ്ണൂര്‍ എസ്എന്‍ കോളജുകളില്‍ നിരവധി വര്‍ഷം അധ്യാപകനായിരുന്ന വേലായുധന്‍ നായര്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലും പഠിപ്പിച്ചിട്ടുണ്ട്.  ചെമ്പഴന്തി എസ്എന്‍ കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഹാംലെറ്റ്’, ‘ഒഥല്ലോ’, ‘മര്‍ച്ചന്‍സ് ഓഫ് വെനീസ ്’തുടങ്ങിയ നാടകങ്ങള്‍ മനപ്പാഠമാക്കിയ അദ്ദേഹം പുസ്തകമില്ലാതെ ഓരോ നാടകത്തിലെയും ഓരോ കഥാപാത്രങ്ങളെയും  അവതരിപ്പിച്ചു പഠിപ്പിക്കുമായിരുന്നു. എഴുപതോളം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ചങ്ങമ്പുഴ, തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, സ്വാമി ചിന്മയാനന്ദ, ഓള്‍ ഇന്ത്യ റേഡിയോ അസി. സ്‌റ്റേഷന്‍ ഡയറക്ടറായിരുന്ന എസ് സരസ്വതിയമ്മ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.

അവര്‍ണനീയം
അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്രഫ. പന്മന രാമചന്ദ്രന്‍ നായര്‍ തന്റെ ‘സ്മൃതിരേഖകള്‍’ എന്ന ഓര്‍മക്കുറിപ്പില്‍ ഷേക്‌സ്പിയര്‍ വേലായുധന്‍നായരെ ഓര്‍ക്കുന്നുണ്ട്: ‘ഷേക്‌സ്പിയറുടെ ഒരു കോമഡിയും ഒരു ട്രാജഡിയും പഠിക്കാനുണ്ടായിരുന്നു. ‘ട്വെല്‍ഫ്ത് നൈറ്റ്’ പഠിപ്പിച്ചിരുന്നത് എസ് എ വാസുദേവന്‍ സാറാണ്. അദ്ദേഹം വിശദമായി തന്നെ പഠിപ്പിക്കും. പക്ഷേ, പൊലിപ്പിക്കല്‍ ഒട്ടുമില്ല. അതിനാല്‍, എത്രയേറെ ശ്രദ്ധിക്കുന്നവര്‍ക്കും ഒരുന്മേഷം തോന്നുകയില്ല.
കെ വേലായുധന്‍നായര്‍ അഥവാ കെവിഎന്‍, ഷേക്‌സ്പിയര്‍ വേലായുധന്‍നായന്‍ എന്ന പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു. അദ്ദേഹം പഠിപ്പിച്ചത് ‘ഹാംലെറ്റ്’ ആണ്. സാറിന്റെ അധ്യാപനരീതി അസാധാരണമാണ്. ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കും. പ്രധാനപ്പെട്ട ഏതു കാര്യവും അധ്യാപകന്‍ കുട്ടികളോടു കുറഞ്ഞതു മൂന്നുതവണ പറഞ്ഞിരിക്കണമെന്ന് അധ്യാപകനായിരുന്ന അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. സാറിന്റെ ആവര്‍ത്തനം വൈവിധ്യം കൊണ്ട് തികച്ചും ആകര്‍ഷകമായിരുന്നു. ‘ഹാംലെറ്റ്’ പഠിപ്പിച്ചു തീര്‍ത്തതിനുള്ളില്‍ പ്രസക്താനുപ്രസക്തമായി മറ്റു ട്രാജഡികളായ ‘ഒഥല്ലോ’, ‘മക്ബത്’, ‘കിങ് ലിയര്‍’ എന്നിവയിലെയും മിക്ക കഥാപാത്രങ്ങളെക്കുറിച്ചും നാടകീയ മുഹൂര്‍ത്തങ്ങളെക്കുറിച്ചും സ്പഷ്ടമായ ധാരണ അദ്ദേഹം ഞങ്ങളിലുളവാക്കിയിരുന്നു. വേഡ്‌സ്‌വര്‍ത്തിന്റെ ‘ടിന്റേണ്‍ ആബി’ എന്ന പ്രകൃത്യാരാധനാ കാവ്യവും പഠിപ്പിച്ചത് കെവിഎന്‍ ആണ്. ‘അനുഭവൈകവേദി’ എന്ന പഴകിയ വിശേഷണമുപയോഗിച്ചു കടന്നുപോവാനല്ലാതെ ആ ക്ലാസുകളുടെ ആസ്വാദ്യത വര്‍ണിച്ചു ബോധ്യപ്പെടുത്താനാവില്ല. രണ്ടാംവര്‍ഷത്തെ കോളജ് മാസികയില്‍ ‘ഞാന്‍ വിടവാങ്ങുന്നു’ എന്ന ഒരു നീണ്ട കവിത കേകാ വൃത്തത്തില്‍ ഞാന്‍ എഴുതിയിരുന്നു. വരികളെല്ലാം മറന്നുപോയിരിക്കുന്നു. ഗായകനും ചിത്രകാരനുമൊക്കെയായിരുന്ന ബോട്ടണിയിലെ രാമകൃഷ്ണന്‍സാര്‍ മനോഹരമായ ഒരു അരപേജ് പടം വരച്ചുചേര്‍ത്ത് കവിതയെ ആകര്‍ഷകമാക്കി. കെവിഎന്‍, ശിരോമണി സാര്‍,
പ്രഫ. ഡി ഗോപാലന്‍ -ഇവരെപറ്റി നാലുവരി വീതമുണ്ടായിരുന്നു. ഓര്‍മയില്‍ നിന്ന് കഷ്ടിച്ചൊപ്പിച്ചെടുത്ത രണ്ടു
വരി:
‘വന്ദ്യനാം കെവിഎന്റെ
ഷേക്‌സ്പിയര്‍ ക്ലാസെത്രയോ
ഹൃദ്യമാണാ, തൂവര്‍ണി;
ക്കാനെനിക്കാവില്ലല്ലോ’

മറക്കാനാവാത്ത
ഒരനുഭവം
മുന്‍മന്ത്രി ജി സുധാകരന്‍ എംഎല്‍എയുടെ ഒരു ഓര്‍മക്കുറിപ്പില്‍ വിവരിക്കുന്ന മറക്കാനാവാത്ത ഒരനുഭവം (കമ്മ്യൂണിസ്റ്റ് പച്ച, ിലഹഹൗ.ില)േ: ഷേക്‌സ്പിയര്‍ വേലായുധന്‍ സാറിന്റെ ഇംഗ്ലീഷ് ക്ലാസുകള്‍ മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു. അദ്ദേഹത്തിന് പുസ്തകം വേണ്ട.  പഠിപ്പിക്കുമ്പോള്‍ ഷേക്‌സ്പിയറുടെ ഓരോ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കും. നമ്മള്‍ അറിയാതെ വേറൊരു ലോകത്തേക്കു നയിക്കപ്പെടും. പിന്നെയൊരിക്കലും നമ്മളാ അനുഭവം മറക്കില്ല. ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ അഭിനയിച്ചു പഠിപ്പിക്കുന്നതു കൊണ്ടാണ് ഷേക്‌സ്പിയര്‍ വേലായുധന്‍ നായര്‍ എന്ന പേര് അദ്ദേഹത്തിനു ലഭിച്ചത്.
എന്നോട് വലിയ കാര്യമായിരുന്നു. ഒരു ദിവസം അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കൈയില്‍ പുസ്തകം ഉള്ളതുകൊണ്ട് ഞാന്‍ വെറുതെ ഒന്ന് മറിച്ചു നോക്കി. അത് അദ്ദേഹം കണ്ടു. പുസ്തകമില്ലാതെ അദ്ദേഹം പഠിപ്പിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കുന്നു എന്നാണ് സാറ് ധരിച്ചത്. അദ്ദേഹം വളരെ മോശമായി എന്നോട് ദേഷ്യപ്പെട്ടു. എന്തോ തന്തയില്ലായ്മ കാണിച്ചതുപോലെ ക്ഷുഭിതനായി. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന എന്റെ സാര്‍, ഫാദര്‍ലെ
സ്‌നെസ് കാണിക്കരുത് എന്ന് എന്റെ
മുഖത്തുനോക്കി പറഞ്ഞു. എനിക്കത് വലിയ സങ്കടമായി. ഞാന്‍ ആ ക്ലാസില്‍ നിന്ന് വിതുമ്പുന്ന മുഖവുമായി, തലകുനിച്ച് ഇറങ്ങി. ഒന്നിലും മനസ്സുറയ്ക്കുന്നില്ല. വൈകുന്നേരം ഞാന്‍ വീട്ടിലേക്കു പോയി. പിറ്റേന്ന് അച്ഛനെയും കൂട്ടിയാണ് കോളജിലേക്കു വന്നത്. വേലായുധന്‍ സാറിരിക്കുന്ന സ്റ്റാഫ്‌റൂമിലേക്ക് അച്ഛനെയും കൂട്ടി ഞാന്‍ പോയി. സാറിന്റെ മുന്നിലെത്തി അച്ഛനെ കാണിച്ചുകൊണ്ട് പറഞ്ഞു: സാര്‍ ഇതാണെന്റെ അച്ഛന്‍. ആ നിമിഷം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അണപൊട്ടി ഒഴുകി. വല്ലാത്തൊരവസ്ഥ. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ഹൃദയവേദന ആ കരച്ചിലിലൂടെ പെയ്തിറങ്ങി. അദ്ദേഹം വല്ലാതെയായിപ്പോയി. എന്റെ ആ പ്രവൃത്തി വേലായുധന്‍ സാര്‍ പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.
എന്റെ അച്ഛന്‍ രണ്ടാമതാണ് കോളജിലേക്കു വരുന്നത്. ആദ്യം അഡ്മിഷന്‍ ദിവസം ഇപ്പോള്‍ വേലായുധന്‍ സാറിനെ കാണാന്‍. വേലായുധന്‍ സാര്‍ എന്നോട് വല്ലാത്തൊരു മാനസികാവസ്ഥയില്‍ മാപ്പ് പറയാന്‍ തുടങ്ങി; ഞാനങ്ങനെ പറഞ്ഞതല്ല, ഞാനങ്ങനെ ഉദ്ദേശിച്ചില്ല… എന്നൊക്കെ. എന്റെ കോളജ് ജീവിതത്തില്‍ എനിക്ക് മറക്കാന്‍ സാധിക്കാത്ത, പലപ്പോഴും അറിയാതെ മനസ്സിലേക്ക് വിരുന്നെത്തുന്ന ഒരു ഓര്‍മയാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക